ലൈഗർ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ കഴിഞ്ഞ ദിവസം നടൻ വിജയ് ദേവരകൊണ്ടയെ ഇഡി ചോദ്യം ചെയ്തിരുന്നു. 12 മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നു. നേരത്തേ, ചിത്രത്തിന്റെ സംവിധായകൻ പുരി ജഗന്നാഥ്, നിർമാതാവ് ചാർമി കൗർ എന്നിവരേയും ഇഡി ചോദ്യം ചെയ്തിരുന്നു.
ഫെമ നിയമം ലംഘിച്ച് വിദേശ സ്രോതസ്സിൽ നിന്ന് ലൈഗർ സിനിമയ്ക്കു വേണ്ടി പണം സ്വീകരിച്ചുവെന്ന പരാതിയെ തുടർന്നാണ് ഇഡിയുടെ അന്വേഷണം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനാണ് വിജയ് ദേവരകൊണ്ടയെ ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.
അതേസമയം, തന്റെ കടമയാണ് നിറവേറ്റിയതെന്നാണ് ഇഡിക്ക് മുന്നിൽ ഹാജരായതിനു ശേഷം വിജയ് പ്രതികരിച്ചത്. പ്രശസ്തിയുണ്ടാകുമ്പോൾ അതിനനുസരിച്ചുള്ള വെല്ലുവിളികളും നേരിടേണ്ടി വരും. അതിൽ ഒന്നും ചെയ്യാനില്ല. പക്ഷേ, ഇതൊരു അനുഭവമായിട്ടാണ് താൻ കാണുന്നത്. ഉദ്യോഗസ്ഥർ വിളിച്ചപ്പോൾ ഹാജരാകേണ്ടത് തന്റെ കടമയാണ്. അവരുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകി. ഇതായിരുന്നു നടന്റെ പ്രതികരണം.
പന്ത്രണ്ട് മണിക്കൂറാണ് താരത്തെ ഇഡി ചോദ്യം ചെയ്തത്. രണ്ടാഴ്ച്ച മുമ്പ് സംവിധായകൻ പുരി ജഗന്നാഥിനേയും നിർമാതാവ് ചാർമി കൗറിനേയും ഇഡി പന്ത്രണ്ട് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ലൈഗർ സിനിമയ്ക്കു വേണ്ടി പണം നൽകിയ കമ്പനികളും വ്യക്തികളും ആരൊക്കെയാണെന്നാണ് ഇഡി അന്വേഷിക്കുന്നത്. സിനിമയ്ക്കു വേണ്ടി ഉപയോഗിച്ച പണം വിദേശത്തു നിന്ന് എത്തിയതാണെന്നാണ് സംശയിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കാൻ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ ചിത്രത്തിലേക്ക് പണം നൽകിയെന്നായിരുന്നു കോൺഗ്രസ് നേതാവ് ബക്ക ജൂഡ്സൺ നൽകിയ പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് ചിത്രം റിലീസ് ചെയ്തത്. 125 കോടി ബജറ്റിൽ നിർമിച്ച ചിത്രം വിജയിയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം എന്ന രീതിയിലായിരുന്നു വിവിധ ഭാഷകളിൽ പുറത്തിറങ്ങിയത്. എന്നാൽ വൻ പരാജയമായിരുന്നു തിയേറ്ററിൽ സിനിമ നേരിട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.