സോഷ്യൽ മീഡിയയില്‍ ആളുമാറി ചിത്രങ്ങൾ പ്രചരിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. ഇത് തിരിച്ചറിയുന്നതിന് മുൻപുതന്നെ ലക്ഷക്കണക്കിന് പേരിലേക്ക് ഇവ ഷെയർ ചെയ്ത് കിട്ടിയിട്ടുണ്ടാകും. കോവിഡിനെതിരായ പോരാട്ടത്തിനിടെ മരിച്ച ഗുജറാത്തിലെ ഡോക്ടറുടെ ഫോട്ടോയും കുറിപ്പും നമ്മളെല്ലാവർക്കും ഇതിനോടകം വാട്സാപ്പിലും ഫേസ്ബുക്കിലും കിട്ടിയിട്ടുണ്ടാകും. എന്നാൽ ഈ ചിത്രം ഡോ.വിധിയുടേതല്ലെന്നും തന്റേതാണെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടി സംസ്കൃതി ഷേണായ്.
കോവിഡിനെതിരായ പോരാട്ടത്തിനിടെ മരിച്ച ഡോക്ടറുടേതെന്ന പേരിൽ തന്റെ ചിത്രം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് നടി ആവശ്യപ്പെടുന്നു. ഗുജറാത്തിൽ കോവിഡ് ബാധിച്ച് മരിച്ച ഡോക്ടർ വിധി എന്ന കുറിപ്പോടെയാണ് സംസ്കൃതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
''ഞാൻ കൊച്ചിക്കാരിയായ സംസ്കൃതി മേനോനാണ്. ചിലർ ഗുജറാത്തിൽ കോവിഡിനെതിരായ പോരാട്ടത്തിൽ മരിച്ച ഡോക്ടർ വിധിയുടേതെന്ന പേരിൽ പ്രചരിപ്പിക്കുന്നത് എന്റെ ചിത്രമാണ്. ഇത് ഫേസ്ബുക്കിലും വാട്സാപ്പിലും വൈറലുമാണ്. എനിക്ക് ഡോക്ടർ വിധിയെ അറിയില്ല, അങ്ങനെയൊരാൾ യഥാർത്ഥത്തിൽ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെങ്കിൽ പ്രണാമം. പക്ഷേ ഈ ചിത്രത്തിൽ കാണുന്ന വ്യക്തി ഞാനാണ്. അതുകൊണ്ടു തന്നെ എന്റെ ചിത്രം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം''- സംസ്കൃതി ഫേസ്ബുക്കിൽ കുറിച്ചു.
2013ല്‍ പുറത്തിറങ്ങിയ 'മൈ ഫാന്‍ രാമു' എന്ന സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് സംസ്കൃതി. 2014ൽ പ്രതാപ് പോത്തൻ, വിനീത് കുമാർ, ഷമ്മി തിലകൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച വേഗം എന്ന സിനിമയിൽ നായികയായി. പൃഥ്വിരാജ് ചിത്രമായ അനാര്‍ക്കലി, ബിജു മേനോൻ ചിത്രമായ മരുഭൂമിയിലെ ആന തുടങ്ങിയ ചിത്രങ്ങളിലും സംസ്കൃതി അഭിനയിച്ചിട്ടുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.