തിരുവനന്തപുരം: കുട്ടികള്‍ ധാരാളം സിനിമകള്‍ കാണുന്നുണ്ടെങ്കിലും അവര്‍ക്ക് വേണ്ടിയുള്ള സിനിമകള്‍ കാണുന്നതിനുള്ള അവസരങ്ങള്‍ തീരെ കുറവാണ്, എന്നാല്‍ ഐസിഎഫ്എഫ്കെയിലൂടെ ശിശുക്ഷേമസമിതിക്ക് അതിന് സാധിച്ചെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. രാജ്യാന്തര ബാല ചലച്ചിത്രമേളയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 13 മുതല്‍ 17 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള സിനിമകള്‍ രാജ്യത്ത് എല്ലായിടത്തുമുണ്ട്. ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഉള്‍പ്പെടെയുള്ളവരുടെ പക്കലും സ്കൂളുകളിലും അത്തരം സിനിമകള്‍ കാണിക്കുന്നതിനുള്ള സംവിധാനവുമുണ്ട്. എന്നാല്‍ പ്രായത്തിനനുസരിച്ചുള്ള സിനിമകള്‍ അവരെ കാണിക്കുന്നില്ല. അതുണ്ടാകണമെന്നും അടൂര്‍ ഗോപാലകൃഷ്ണ് ആവശ്യപ്പെട്ടു.
സിനിമ കാണുന്നതിനേക്കാള്‍ പുസ്തകങ്ങളും ആനുകാലികങ്ങളിലും വായിക്കാന്‍ പ്രേരിപ്പിക്കണമെന്നും അടൂര്‍ പറഞ്ഞു. ചില വീടുകളില്‍ കുടുംബസമേതം കുട്ടികള്‍ക്ക് കാണാന്‍ പറ്റാത്ത സിനിമകള്‍ കാണുന്നുണ്ട്. തിയേറ്ററില്‍ സെന്‍സര്‍ ചെയ്യുന്ന സിനിമകളാണ് കാണിക്കുന്നത്. അത്തരത്തിലുള്ള ചില സിനിമകളിലും പ്രശ്നങ്ങളുണ്ട്. അതിനാല്‍ ആ രീതികള്‍ മാറണം. അതുപോലെ ചലച്ചിത്രമേളകളില്‍ എങ്ങനെ സിനിമ എടുക്കാം എന്നതിനെ കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. കുട്ടികളുടെ സിനിമകളോട് മുഖംതിരിച്ച് നില്ക്കുന്ന മാതാപിതാക്കളുടെ രീതിയും മാറണമെന്നും അടൂര്‍ ആവശ്യപ്പെട്ടു.
മേളയില്‍ കുട്ടികള്‍ സംവിധാനം ചെയ്ത നാല് സിനിമകളില്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്ത യു ടേണ്‍ ടു ദ നേച്ചറിന്റെ സംവിധായിക ദേവുകൃഷ്ണ എസ് നാഥിന് കെ.ടി.ഡി.സി ചെയര്മാന് എം.വിജയകുമാര്‍ പുരസ്ക്കാരം നല്കി. മികച്ച നടനായ ഗോകുല്‍ എല്‍.എല്‍, നടിയായ നേഹ ഉണ്ണികൃഷ്ണന് എന്നിവര്‍ക്കും അവാര്‍ഡ് നല്കി. ചലച്ചിത്രമേള മികച്ച രീതിയില്‍ കവര്‍ ചെയ്തതിന് മലയാളമനോരമയ്ക്ക് ഒന്നാം സ്ഥാനവും മാതൃഭൂമിക്കും കേരളകൗമുദിക്കും രണ്ടാംസ്ഥാനവും ദേശാഭിമാനിക്ക് മൂന്നാംസ്ഥാനവും ലഭിച്ചു. പ്രോത്സാഹന സമ്മാനം മാധ്യമത്തിനും കലാകൗമുദിക്കും മെട്രോവാര്ത്തയ്ക്കും നല്കി. ഓൺലൈൻ മാധ്യമങ്ങളിലെ മികച്ച കവറേജിനുള്ള പുരസ്കാരം ന്യൂസ് 18 മലയാളത്തിന് ലഭിച്ചു.
ഇംഗ്ലീഷ് പത്രങ്ങളില്‍ മികച്ച കവറേജിനുള്ള ഒന്നാം സ്ഥാനം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനും രണ്ടാം സ്ഥാനം ഡെക്കാണ് ക്രോണിക്കിളിനും ലഭിച്ചു. ദൃശ്യമാധ്യമങ്ങളിലെ മികച്ച കവറേജിനുള്ള ഒന്നാം സ്ഥാനം ജീവന് ടി.വിക്കും രണ്ടാംസ്ഥാനം കൈരളി ടി.വിക്കും മൂന്നാം സ്ഥാനം എ.സിവിക്കും ലഭിച്ചു. ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് കൈരളി ടി.വിയിലെ ഷീജ, ഏഷ്യാനെറ്റിലെ പ്രകുല, ഏഷ്യാനെറ്റിലെ നേഹ എസ് ജീവന് ടി.വിയിലെ മോനിഷ എന്‍.ജി എന്നിവര്‍ക്ക് ലഭിച്ചു. ശ്രമവ്യമാധ്യമത്തിനുള്ള പുരസ്ക്കാരം ആകാശവാണിയും റെഡ് എഫ്.എമ്മും നേടി.
ചടങ്ങില്‍ സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ് പി ദീപക് സ്വാഗതം പറഞ്ഞു. കെ.ടി. ഡി.സി ചെയര്മാന് എം. വിജയകുമാര്‍, ശിശുക്ഷേമസമിതി ട്രഷറര്‍ ജി. രാധാകൃഷ്ണന്, എക്സിക്യൂട്ടീവ് അംഗം കെ. രാജു, പശുപതി, ഒ.എം ബാലകൃഷ്ണന്, വൈസ് പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്, ജോയിന്റ് സെക്രട്ടറി ഭാരതി, ബാലശ്രീ പുരസ്ക്കാര ജേതാവ് മധുരിമ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മേളയ്ക്കിടെ ശിശുക്ഷേമസമിതി അവധിക്കാല ക്യാമ്പായ കിളിക്കൂട്ടം കുട്ടികള്‍ കഥയെഴുതി സംവിധാനം ചെയ്ത മൂന്ന് സിനിമകളുടെ പ്രദര്‍ശനവും കൈരളി തിയറ്ററില്‍ നടന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.