മമ്മൂട്ടി നായകനായി കെ മധു - എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സി ബി ഐ സീരീസിലെ ആദ്യ ചിത്രമായ ഒരു സി ബി ഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങുന്നത് 1988ലാണ്. പിന്നീട് ഇതിന്റെ തുടർച്ചയായി ജാഗ്രത, സേതുരാമയ്യർ സി ബി ഐ, നേരറിയാൻ സി ബി ഐ എന്നീ ചിത്രങ്ങളും പുറത്തിറങ്ങി. സി ബി ഐ സീരീസിലെ അടുത്ത ചിത്രം ഉടൻ എത്തുകയാണ്. സിനിമയിലെ കഥാപാത്രങ്ങളെ പോലെ തന്നെ മലയാളികൾ എല്ലാ കാലത്തും ഓർത്തിരിക്കുന്നത് ചിത്രത്തിലെ പശ്ചാത്തല സംഗീതമാണ്.
സി ബി ഐ സീരീസിലെ ആദ്യ നാലു ചിത്രങ്ങൾക്കും സംഗീതം ഒരുക്കിയത് സംഗീത സംവിധായകനായ ശ്യാം ആയിരുന്നു. എന്നാൽ, സി ബി ഐ അഞ്ചാം ഭാഗം ഒരുങ്ങുമ്പോൾ ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്.
സമൂഹ മാധ്യമങ്ങളിലൂടെ ജേക്സ് ബിജോയ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. 'ശ്യാം സാർ ഒരുക്കിയ ഐക്കോണിക് തീം മ്യൂസിക് വീണ്ടും ഒരുക്കുന്നത് ഒരു അംഗീകാരമായി കാണുന്നു. കെ മധു സാർ, എസ് എൻ സ്വാമി എന്നിവർക്കൊപ്പം സർഗചിത്ര ബാനറിൽ വർക് ചെയ്യാൻ തീർത്തും അക്ഷമനായി കാത്തിരിക്കുകയാണ്. ഈ മഹാമാരി എത്രയും പെട്ടെന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം. മമ്മൂക്ക സേതുരാമയ്യർ സി ബി ഐ ആയി വീണ്ടും എത്തുന്നത് കാണാൻ കാത്തിരിക്കുന്നു' - ജേക്സ് ബിജോയ് ഫേസ്ബുക്കിൽ കുറിച്ചു.
ആശ ശരത്താണ് സി ബി ഐ 5ൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. കോവിഡ് പ്രതിസന്ധി മാറിയാൽ ചിങ്ങം ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് അണിയറക്കാരുടെ ആലോചന. എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളിലായാണ് ലൊക്കേഷൻ. എറണാകുളത്ത് ആയിരിക്കും ചിത്രീകരണത്തിന് തുടക്കമിടുക.
മമ്മൂട്ടിക്കും ആശ ശരത്തിനുമൊപ്പം രൺജി പണിക്കർ, സൗബിൻ ഷാഹിർ, സായ് കുമാർ എന്നിവരും ചിത്രത്തിന്റെ ഭാഗമാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.