തിരുവനന്തപുരം: 12ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ ലോങ് ഡോക്യുമെന്ററി മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പങ്കിട്ട് 'ജനനീസ് ജൂലിയറ്റും' 'മോട്ടിഭാഗും'. ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ കഥേതര മത്സര വിഭാഗത്തിലേക്ക് നേരിട്ടുള്ള പ്രവേശനത്തിന് ഈ ചിത്രങ്ങള്‍ അര്‍ഹത നേടി. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പോണ്ടിച്ചേരിയിലെ ഇന്ത്യനോസ്ട്രം എന്ന നാടക ഗ്രൂപ്പ് ജാതി വ്യവസ്ഥ, സമുദായം തുടങ്ങിയ വിഷയങ്ങള്‍ ഷേക്‌സ്പിയറിന്റെ റോമിയോ ആന്റ് ജൂലിയറ്റിലൂടെ അവതരിപ്പിക്കുന്നതാണ് പങ്കജ് ഋഷികുമാറിന്റെ 'ജനനീസ് ജൂലിയറ്റ്'. കവിയും കര്‍ഷകനുമായ 83 വയസുകാരന്‍ കൃഷിയെ സംരക്ഷിക്കാന്‍ നേരിടുന്ന പ്രതിസന്ധികളാണ് നിര്‍മ്മല്‍ ചന്ദര്‍ ദാന്‍ഡ്രിയാലിന്റെ 'മോട്ടിഭാഗ്'.
ഈ വിഭാഗത്തിലെ മികച്ച രണ്ടാമത്തെ ചിത്രമായി ആനന്ദ് പട് വർധന്റെ 'റീസണ്‍' തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ലോങ് ഡോക്യുമെന്ററി മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 11 ചിത്രങ്ങളില്‍ നിന്നാണ് മികച്ച ചിത്രത്തെ തെരഞ്ഞെടുത്തത്.
ഡോക്യുമെന്റമാഡ്രിഡ് ഉള്‍പ്പെടെ നിരവധി മേളകളുടെ സംഘാടകയും സംവിധായകയുമായ ആന്‍ഡ്രിയ ഗുസ്മാന്‍, ദേശീയ പുരസ്‌കാര ജേതാവ് ഹൗബം പബന്‍ കുമാര്‍, സാമൂഹ്യ പ്രവര്‍ത്തകനും സംവിധായകനുമായ സഞ്ജയ് കക് എന്നിവരടങ്ങിയ ജൂറിയാണ് കഥേതര വിഭാഗത്തിലെ മികച്ച ചിത്രങ്ങളെ തെരഞ്ഞെടുത്തത്. മേളയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി കഴിഞ്ഞ വര്‍ഷം മുതലാണ് അക്കാദമി ഓഫ് മോഷന്‍ പിക്‌ച്ചേഴ്‌സ് ലോങ് ഡോക്യുമെന്ററി മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിന് ഓസ്‌കറിന്റെ കഥേതര മത്സര വിഭാഗത്തിലേക്ക് നേരിട്ട് പ്രവേശനം ഏര്‍പ്പെടുത്തിയത്. അനുഷ്‌ക മീനാക്ഷി, ഈശ്വര്‍ ശ്രീകുമാര്‍ എന്നിവരുടെ 'അപ് ഡൗണ്‍ & സൈഡ്‌വേയ്‌സി'നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം.
മികച്ച ഷോർട്ട് ഫിക്ഷനുള്ള പുരസ്കാരം അസാമിസ് ഭാഷയിൽ ഒരുക്കിയ 'ലുക്ക് അറ്റ് ദി സ്കൈ' കരസ്ഥമാക്കി. അശോക് വെയിലോ സംവിധാനം ചെയ്ത 30 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ആണ് നിർമ്മിച്ചിരിക്കുന്നത്. ഷാസിയ ഇക്ബാൽ സംവിധാനം ചെയ്ത 'ഡൈയിങ് വിൻഡ് ഇൻ ഹേർ ഹെയർ' മികച്ച രണ്ടാമത്തെ ഷോർട്ട് ഫിക്ഷൻ ചിത്രത്തിനുള്ള പുരസ്കാരം നേടി. ഹിന്ദി. ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഒരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് അനുരാഗ് കശ്യപ് ആണ്. കേരളത്തിൽ നിർമ്മിച്ച ചെയ്ത മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്കാരം 'പ്രതിച്ഛായ' എന്ന ചിത്രം സ്വന്തമാക്കി. ഗായത്രി ശശി പ്രകാശ് സംവിധാനം ചെയ്ത 16 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം അനഘ ശിവകുമാറാണ് നിർമ്മിച്ചിരിക്കുന്നത്.
മികച്ച ഷോർട്ട് ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം പ്രതീക് ശേഖർ സംവിധാനം ചെയ്ത 'ചായ് ദർബരി'ക്ക് ലഭിച്ചു. ഹിന്ദിയിൽ ഒരുക്കിയ 29 മിനിറ്റ് ഡോക്യുമെന്ററി ദൽജീത് സാഡയാണ് നിർമ്മിച്ചിരിക്കുന്നത്. 'ദി സീ ലാഫ് അറ്റ് ദി മൗൺഡെയ്ൻ' എന്ന ഡോക്യുമെന്‍ററി മികച്ച രണ്ടാമത്ത ഷോർട്ട് ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം കരസ്ഥമാക്കി. റോബിൻ ജോയ് സംവിധാനം ചെയ്ത ഡോക്യുമെന്ററി പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിർമ്മിച്ചിരിക്കുന്നത്. 20 മിനിറ്റ് ദൈർഘ്യമുള്ള ദി സീ ലാഫ് അറ്റ് ദി മൗൺഡെയ്ൻ മറാത്തി ഭാഷയിൽ ഒരുക്കിയ ഡോക്യുമെന്‍ററിയാണ്.
മികച്ച ഡോക്യുമെന്ററി ഛായാഗ്രാഹകനുള്ള നവ്റോസ് കോൺട്രാക്ടർ പുരസ്കാരത്തിന് സൗരഭ് കാന്തി ദത്ത അർഹനായി. സംഘജിത് ബിശ്വാസ് സംവിധാനം ചെയ്ത 'ലോഗ്ര'യാണ് ഡോക്യുമെന്ററി. ഇംഗ്ലീഷിൽ ഒരുക്കിയ 27 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത് രാജീവ് മെഹ്റോത്ര ആണ്. ചലച്ചിത്രമേളയിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് മധുശ്രീ ദത്ത അർഹയായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.