• HOME
 • »
 • NEWS
 • »
 • film
 • »
 • AI | യൗവനകാലത്ത് മരിച്ച സെലിബ്രിറ്റികൾ ജീവനോടെയുണ്ടായിരുന്നെങ്കിൽ ഇപ്പോഴത്തെ രൂപം; ചിത്രങ്ങളുമായി ടർക്കിഷ് ഫോട്ടോഗ്രാഫർ

AI | യൗവനകാലത്ത് മരിച്ച സെലിബ്രിറ്റികൾ ജീവനോടെയുണ്ടായിരുന്നെങ്കിൽ ഇപ്പോഴത്തെ രൂപം; ചിത്രങ്ങളുമായി ടർക്കിഷ് ഫോട്ടോഗ്രാഫർ

അഭിഭാഷകനും ഫോട്ടോഗ്രാഫറുമായ യസിൽട്ടാസ് തൻെറ ആരാധനാപാത്രങ്ങളുടെ ചിത്രങ്ങൾ തന്നെയാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിച്ചിരിക്കുന്നത്.

 • Last Updated :
 • Share this:
  ചെറിയ പ്രായത്തിൽ നമ്മെ വിട്ട് പിരിഞ്ഞ നമ്മുടെ ആരാധനാപാത്രങ്ങൾ ഇപ്പോൾ ജീവിച്ചിരുന്നുവെങ്കിൽ എങ്ങനെ ഇരിക്കുമായിരുന്നുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻെറ (Artificial Inteligence) സഹായത്തോടെ ചില സെലബ്രിറ്റികളുടെ ചിത്രങ്ങൾ പുനർനിർമ്മിച്ചിരിക്കുകയാണ് തുർക്കിയിലെ ഇസ്താബൂൾ സ്വദേശിയായ അൽപർ യസിൽട്ടാസ്. അഭിഭാഷകനും ഫോട്ടോഗ്രാഫറുമായ യസിൽട്ടാസ് തൻെറ ആരാധനാപാത്രങ്ങളുടെ ചിത്രങ്ങൾ തന്നെയാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിച്ചിരിക്കുന്നത്.

  “എഐ സാങ്കേതികവിദ്യ എന്നെ വല്ലാതെ ആവേശം കൊള്ളിക്കുന്നു. നമുക്ക് സാങ്കൽപികമെന്ന് തോന്നുന്ന പലതും യാഥാർഥ്യമാക്കാൻ സാധിക്കുമല്ലോ എന്നതായിരുന്നു എൻെറ ആലോചന. എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്ന കാര്യം സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെയ്യുക എന്നതായി പിന്നീട് എൻെറ ലക്ഷ്യം. അങ്ങനെയാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിയത്,” ചിത്രങ്ങൾ ബ്ലോഗിൽ പോസ്റ്റ് ചെയ്ത് കൊണ്ട് യെസിൽട്ടാസ് പറഞ്ഞു.

  “ചിത്രങ്ങൾ യാഥാർഥത്തിൽ തന്നെ ഉള്ളതാണെന്ന് എന്നെ തന്നെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു ഈ സർഗാത്മക പ്രക്രിയയിൽ ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഒരു ഫോട്ടോഗ്രാഫർ എടുത്ത ഫോട്ടോ ആണിതെന്ന് കാണുന്നവർക്ക് തോന്നിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു. നിരവധി സോഫ്റ്റ്വെയർ പ്രോഗ്രാമുകളുടെ സഹായത്തോടെയാണ് ചിത്രങ്ങൾ ചെയ്തിട്ടുള്ളത്. ഓരോ ചിത്രം പൂർത്തിയാക്കാനും എടുത്ത സമയം വ്യത്യസ്തമായിരുന്നുവെന്നും യെസിൽട്ടാസ് കൂട്ടിച്ചേർത്തു.

  ഈ പ്രൊജക്ടിൻെറ ഭാഗമായി തയ്യാറാക്കിയിട്ടുള്ള ചിത്രങ്ങളിലെ സെലബ്രിറ്റികളെല്ലാം തന്നെ യൌവനകാലത്തോ മധ്യവയസ്സിലോ മരിച്ച് പോയവരാണ്.

  പാരീസിൽ വെച്ച് 36ാം വയസ്സിലാണ് ഡയാന രാജകുമാരി കൊല്ലപ്പെടുന്നത്. 1997 ഓഗസ്റ്റ് 31 ന് പുലർച്ചെ പാപ്പരാസികൾ പിന്തുടരുന്നതിനിടയിൽ ഡയാന ഓടിച്ചിരുന്ന മെഴ്‌സിഡസ് ബെൻസ് അപകടത്തിൽ പെട്ടാണ് മരണം സംഭവിച്ചത്.


  1994 ഏപ്രിൽ 5ന് സീറ്റിലിലെ വീട്ടിൽ തലയിൽ വെടിയേറ്റ് മരിച്ച നിലയിലാണ് കുർട്ട് കോബെയ്‌നെ കണ്ടെത്തിയത്. 27-ാം വയസ്സിലാണ് മരണം സംഭവിച്ചത്.


  മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുട‍ർന്നായിരുന്നു ജിമി ഹെൻഡ്രിക്സിൻെറ മരണം. 1970 സെപ്തംബർ 18-ന് മരിക്കുമ്പോൾ ജിമിക്ക് 27 വയസ്സായിരുന്നു പ്രായം.


  ബീറ്റിൽസ് ഗായകൻ ജോൺ ലെനൻ 1980 ഡിസംബർ 8 ന് 40-ാം വയസ്സിലാണ് മരിച്ചത്. ന്യൂയോ‍ർക്ക് നഗരത്തിന് പുറത്ത് വെച്ച് അദ്ദേഹത്തിന് വെടിയേൽക്കുകയായിരുന്നു.


  2009 ജൂൺ 25ന് 50-ാം വയസ്സിലാണ് ലോകപ്രശസ്ത പോപ്പ് ഗായകൻ മൈക്കിൾ ജാക്സൺ അന്തരിച്ചത്. ലോസ് ഏഞ്ചൽസിലെ തന്റെ വസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.


  ഹൃദ്രോഗവും പ്രമേഹവും കാരണം ശാരീരികമായി ബുദ്ധിമുട്ടിയ എൽവിസ് പ്രെസ്ലി 1977 ഓഗസ്റ്റ് 16-ന് തൻെറ 42-ാം വയസ്സിലാണ് അന്തരിച്ചത്.


  1996 സെപ്തംബർ 13-ന് ലാസ് വെഗാസിൽ വെച്ചാണ് 25ാം വയസ്സിൽ തുപക് ഷാക്കു‍ർ കൊല്ലപ്പെടുന്നത്. ഒരു സംഘം ആളുകൾ പിന്തുട‍ർന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു.


  മയക്കുമരുന്ന് അമിതമായി കഴിച്ചത് കാരണമാണ് നടൻ ഹീത്ത് ലെഡ്ജർ അന്തരിച്ചത്. 2008 ജനുവരി 22ന് മരിക്കുമ്പോൾ 28 വയസ്സായിരുന്നു.


  1973 ജൂലൈ 20-ന് 32-ാം വയസ്സിലായിരുന്നു ദുരൂഹ സാഹചര്യത്തിൽ ബ്രൂസ് ലീ അന്തരിച്ചത്.
  Published by:Amal Surendran
  First published: