തിരുവനന്തപുരം: സിനിമകളിൽ ചികിത്സ രംഗത്തെക്കുറിച്ച് അശാസ്ത്രീയത പ്രചരിപ്പിക്കുന്നത് കൂടുന്നുവെന്നും അതിനാൽ സെൻസർ ബോർഡ് ആരോഗ്യ ഉപദേശക സമിതിയുടെ അഭിപ്രായം തേടണമെന്നും ഡോക്ടർമാരുടെ സംഘടനയായ ഐഎംഎ. ഈ ആവശ്യം ഉന്നയിച്ച് മന്ത്രി എകെ ബാലനും, സെൻസർ ബോർഡിനും ഐഎംഎ കത്ത് നൽകി.
also read:100 കോടി രൂപയ്ക്ക് കേരളത്തിൽ നിന്നൊരു ഹോളിവുഡ് 3D ചിത്രം
ആരോഗ്യ രംഗത്തെ കുറിച്ചുള്ള ഭാഗങ്ങൾ അടങ്ങിയിട്ടുള്ള സിനിമകൾ സർട്ടിഫൈ ചെയ്യുന്നതിനു മുൻപ് മുൻപ് സെൻസർ ബോർഡിന് മെഡിക്കൽ ഉപദേശക സമിതിയുടെ അഭിപ്രായം തേടാവുന്നതാണ്. വൈദ്യശാസ്ത്ര രംഗത്തെ കുറിച്ചുള്ള അപഹാസ്യമായ രംഗങ്ങൾ, സന്ദേശങ്ങൾ, ഒഴിവാക്കുന്നതിന് ഇത് ഉപകരിക്കുമെന്നും ഐഎംഎ അറിയിച്ചു
ട്രാൻസിലെ ചികിത്സ 'അബദ്ധങ്ങൾ'
അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ് സിനിമയിൽ ചികിത്സ രീതിയെക്കുറിച്ച് അബദ്ധങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് ഐഎംഎ പറഞ്ഞു. സിനിമ രണ്ടാം പകുതി എത്തുമ്പോൾ ചികിത്സ രംഗവുമായി ബന്ധപ്പെട്ട അബദ്ധങ്ങൾ തുടർച്ചയായി വരുന്നു. വെൻറിലേറ്ററിൽ ആയിരുന്ന നായകൻ രജനീകാന്തിനെ പോലെ തിരിച്ചുവരുന്നത് മുതൽ മാനസിക രോഗങ്ങളെ കുറിച്ചുള്ള വിഡ്ഢിത്തരങ്ങളും സിനിമയിൽ നിന്ന് ഒഴിവാക്കാമായിരുന്നെന്ന് ഐഎംഎ നേതൃത്വം പറഞ്ഞു. ട്രാൻസിന്റെ സന്ദേശം മികച്ചതായിരുന്നു. എന്നാൽ ഇത്തരം അബദ്ധങ്ങൾ സിനിമയിൽ ഉടനീളം മുഴച്ചു നിന്നതായും, ഇത്തരം അബദ്ധങ്ങൾ ജനങ്ങൾ അംഗീകരിക്കില്ലെന്നും ഐഎംഎ വൈസ് പ്രസിഡന്റ് ഡോക്ടർ സുൽഫി നൂഹു പറഞ്ഞു
ട്രാൻസിന് മുൻപ് 'ജോസഫ്'
മലയാളത്തിൽ വലിയ ഹിറ്റായിരുന്ന ജോസഫിന് എതിരെയായിരിന്നു മുൻപ് ഐഎംഎ പരസ്യമായി രംഗത്തെത്തിയത്. ജോസഫ് സിനിമ നൽകുന്ന സന്ദേശം വളരെ വിചിത്രമായിരുന്നു. ജീവിച്ചിരിക്കുന്ന ഒരാളെ കൊന്ന് അവയവം മോഷ്ടിക്കുന്നു എന്നത് വിചിത്രമാണ്. വൈദ്യശാസ്ത്രരംഗത്തെ കുറിച്ച് പ്രാഥമിക വിജ്ഞാനം ഇല്ലാത്ത ആരും വിശ്വസിച്ചുപോകുന്ന രീതിയിലുള്ള ചിത്രീകരണമായിരുന്നു സിനിമയുടേത്. സിനിമ അവയവദാനത്തിന് എതിരായിരുന്നു എന്നും ഐഎംഎ ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IMA, Trance movie