• HOME
  • »
  • NEWS
  • »
  • film
  • »
  • 'കുക്കർ മ്യൂസിക്കലി, മിക്സി വെറുപ്പിക്കൽ'; ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ സൗണ്ട് ഡിസൈനർ ഇവിടെയുണ്ട്

'കുക്കർ മ്യൂസിക്കലി, മിക്സി വെറുപ്പിക്കൽ'; ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ സൗണ്ട് ഡിസൈനർ ഇവിടെയുണ്ട്

ഇന്ത്യയിൽ നിന്ന് വളരെ കുറച്ച് പേർ മാത്രമാണ് എം പി എസ് ഇയിൽ അംഗത്വം ഉള്ളത്. അവിടെയാണ് നമ്മുടെ ഈ കൊല്ലം സ്വദേശിയും ഇടം പിടിച്ചെടുത്തത്. ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലേക്കുള്ള വഴിയും തന്റെ മേഖലയായ സൗണ്ട് ഡിസൈനിനെക്കുറിച്ചും ടോണി ബാബു MPSE ന്യൂസ് 18 മലയാളത്തിനോട് മനസു തുറന്നു.

tony babu

tony babu

  • Last Updated :
  • Share this:
അടുക്കളയിലെ ശബ്ദങ്ങൾ കൊണ്ട് ഒരു സിനിമയുടെ പശ്ചാത്തലം അടുക്കി വെയ്ക്കുക. അതായിരുന്നു ജിയോ ബേബിയുടെ 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'. കുഞ്ഞുകാറ്റു പോലെ ഒരു ചെറിയ ഒടിടി പ്ലാറ്റ്ഫോമിൽ എത്തിയ ഈ ചിത്രം പിന്നെയങ്ങോട്ട് വിതച്ചത് ഒരു കൊടുങ്കാറ്റ് ആയിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ടിവിയിൽ യു ട്യൂബ് ചാനലുകളിൽ എല്ലാം ജിയോ ബേബിയും കൂട്ടരും ഒരുക്കിയ 'അടുക്കള' ചർച്ചയായി. ചർച്ചകളിലും അഭിമുഖങ്ങളിലും പശ്ചാത്താലസംഗീതം ഇല്ലാതെ ഒരുക്കിയ സിനിമയിലെ ശബ്ദവും ചർച്ചയായി. ടോണി ബാബുവെന്ന സൗണ്ട് ഡിസൈനറുടെ പേര് അപ്പോഴാണ് രംഗത്തെത്തിയത്.

അടുക്കളയിലെ ശബ്ദം ഒരുക്കിയ സൗണ്ട് ഡിസൈനറെ തേടി ചെന്നപ്പോൾ പേരിന്റെ കൂടെയതാ ഒരു എക്സ്ട്രോ ഇനീഷ്യൽ കൂടെ. ഇതെന്താ, സംഭവമെന്ന് ടോണിയോട് ചോദിച്ചപ്പോൾ അല്ലേ കാര്യം മനസിലായത്. MPSE (മോഷൻ പിക്ചർ സൗണ്ട് എഡിറ്റേഴ്സ്) ൽ അംഗമാണ് ഇദ്ദേഹം. ഇനി എന്താണ് ഈ എം പി എസ് ഇ എന്ന് ചോദിച്ചാൽ ഹോളിവുഡിലുള്ള ഒരു സൗണ്ട് അസോസിയേഷനാണ്. ഇന്ത്യയിൽ നിന്ന് വളരെ കുറച്ച് പേർ മാത്രമാണ് എം പി എസ് ഇയിൽ അംഗത്വം ഉള്ളത്. അവിടെയാണ് നമ്മുടെ ഈ കൊല്ലം സ്വദേശിയും ഇടം പിടിച്ചെടുത്തത്. ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലേക്കുള്ള വഴിയും തന്റെ മേഖലയായ സൗണ്ട് ഡിസൈനിനെക്കുറിച്ചും ടോണി ബാബു MPSE ന്യൂസ് 18 മലയാളത്തിനോട് മനസു തുറന്നു.1. എങ്ങനെയാണ് The Great Indian Kitchen ലേക്ക് എത്തിയത്

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ സംവിധായകനായ ജിയോ ബേബിക്ക് ഒപ്പം ഇതിനു മുമ്പ് രണ്ടു പടങ്ങളിൽ വർക് ചെയ്തിട്ടുണ്ട്. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിലും അതിനു തൊട്ടു മുമ്പത്തെ പടമായ കുഞ്ഞുദൈവത്തിലും. അന്നുമുതലുള്ള പരിചയമാണ്. അങ്ങനെയാണ് ഈ പ്രൊജക്ടിൽ എത്തിയത്. കിലോമീറ്റേഴ്സ് നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ ഇതിനെക്കുറിച്ചുള്ള ഡിസ്കഷൻ നടക്കുന്നുണ്ടായിരുന്നു.

2. അടുക്കളയിൽ ഇത്രയധികം ശബ്ദങ്ങൾ ഉണ്ടെന്ന് സിനിമ ചെയ്തപ്പോഴാണോ തിരിച്ചറിഞ്ഞത്? അതോ നേരത്തെ
ശ്രദ്ധിച്ചിരുന്നോ?

സിനിമ ചെയ്യുന്നതിനു മുമ്പ് തന്നെ ശ്രദ്ധിച്ചിട്ടുണ്ട്. സൗണ്ട് ഡിസൈനർ ആയതു കൊണ്ട് എല്ലാ രീതിയിലുമുള്ള ശബ്ദങ്ങൾ നമ്മൾ ശ്രദ്ധിക്കാറുണ്ട്. പക്ഷേ, വേറൊരു കാര്യം പറയാനുള്ളത് ഈ സിനിമ പ്ലാൻ ചെയ്ത സമയത്ത് ഒരു ബാക്ക് ഗ്രൗണ്ട് സ്കോർ ഉണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞ് എഡിറ്റ് നടന്നു കൊണ്ടിരുന്ന സമയത്താണ് ജിയോ ചേട്ടൻ വിളിച്ച് ബാക്ക് ഗ്രൗണ്ട് സ്കോർ വെയ്ക്കുന്നില്ല, കിച്ചണിലെ സൗണ്ടുകൾക്ക് തന്നെ ഒരു റിഥമുണ്ട് ആ റിഥത്തിലാണ് എഡിറ്റ് ചെയ്യുന്നത് എന്ന് പറഞ്ഞത്. അങ്ങനെയാണ് ആ രീതിയിൽ ഇതിനകത്ത് സൗണ്ട് ചെയ്യുന്നത്. ആ സമയത്ത് കിച്ചണിൽ സൗണ്ടുകൾ ക്രിയേറ്റ് ചെയ്തെടുക്കാൻ വേണ്ടി ട്രൈ ചെയ്തു നോക്കിയിട്ടുണ്ട്. അതിൽ കുറേ റെക്കോർഡ് ചെയ്തെടുത്തിട്ടുണ്ട്. ഇത് ഒരു സിങ്ക് സൗണ്ട് പടമല്ല, ഡബ്ബ് ചെയ്ത പടമാണ്.3. അടുക്കളയിൽ നിന്ന് ഏറ്റവും മ്യൂസിക്കലി ആയി തോന്നിയ ശബ്ദം ഏതാണ്?

കുക്കറിന്റെ വിസിലാണ് അടുക്കളയിൽ മ്യൂസിക്കൽ ആയി തോന്നിയ ശബ്ദം. അതിനൊരു ടൈമിംഗും റിഥവുമുണ്ട്. നമ്മുടെ പടത്തിനകത്ത് കുറേ സ്ഥലത്ത് അത് ഉപയോഗിച്ചിട്ടുണ്ട്.

4. അടുക്കളയിലെ ഏറ്റവും വെറുപ്പിച്ച ശബ്ദം ഏതാണ്?

മിക്സിയുടെ ശബ്ദമാണ് ഏറ്റവും വെറുപ്പിച്ചത്. പഴയ ടൈപ്പ് മിക്സിയിൽ വല്ലാത്ത ഒരു ശബ്ദമാണ്. എന്നാൽ, പുതിയ മിക്സിയിൽ ശബ്ദം കുറവാണ്. പഴയ ടൈപ്പ് മിക്സിയുടെ ശബ്ദം ഭയങ്കര ഇറിറ്റേറ്റഡ് ആയി തോന്നിയിട്ടുണ്ട്.5. The Great Indian Kitchen ന്റെ sound ഇങ്ങനെ ഡിസൈൻ ചെയ്യാം എന്ന തീരുമാനത്തിലേക്ക് എത്തിയത് എങ്ങനെ? പശ്ചാത്തലസംഗീതം ഒഴിവാക്കാനുള്ള കാരണം ?

സ്റ്റോറി ലൈനിനെക്കുറിച്ച് ആദ്യം പറയുന്ന സമയത്ത് ഇതിൽ പശ്ചാത്തല സംഗീതം ഉണ്ടായിരുന്നു. ഈ പടത്തിൽ തന്നെ ടൈറ്റിൽ സോംഗ് ചെയ്ത മാത്യൂസ് പുളിക്കൽ ആയിരുന്നു പശ്ചാത്തലസംഗീതം ചെയ്യാനായി ഇരുന്നത്. എന്നാൽ, പടത്തിന്റെ ഷൂട്ട് കഴിഞ്ഞ് എഡിറ്റ് ചെയ്തു കൊണ്ടിരുന്ന സമയത്ത് ജിയോ ചേട്ടൻ വിളിച്ചിട്ട് ഇതിന് ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്യുന്നില്ലെന്നും അടുക്കളയിലെ സൗണ്ട് തന്നെ രസമായിട്ട് തോന്നി അതുകൊണ്ട് ഒരു സൗണ്ട് സ്കേപ്പ് ഉണ്ടാക്കി ചെയ്യാൻ പറ്റുമോയെന്ന് ഇങ്ങോട്ട് ചോദിച്ചു. അങ്ങനെ അത് ചെയ്യാമെന്ന് പറഞ്ഞിട്ടാണ് ബാക്ക് ഗ്രൗണ്ട് സ്കോർ ഒഴിവാക്കുന്നത്. ഇതിന്റെ വർക്ക് നടന്നു കൊണ്ടിരിക്കുമ്പോൾ ജിയോ ചേട്ടൻ വിളിച്ച് വർക്ക് ആകുമോ അതോ ബാക്ക് ഗ്രൗണ്ട് സ്കോർ വെക്കണോ എന്ന് ചോദിക്കുമായിരുന്നു. അങ്ങനെയൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. അതിന്റെ ഒരു ഫസ്റ്റ് ഡ്രാഫ്റ്റ് പുള്ളിക്ക് അയച്ചു കൊടുത്തതിനു ശേഷം ബാക്ക് ഗ്രൗണ്ട് സ്കോർ വേണ്ട സൗണ്ട് ഡിസൈൻ ബേസ് ചെയ്ത രീതിയിൽ തന്നെ പോകാമെന്ന് പറഞ്ഞു.

പിന്നെ ഒരു കാര്യം, ഇത് ഒരു സിങ്ക് സൗണ്ട് പടമല്ല, ഇത് ഒരു ഡബ്ബ് ചെയ്ത പടമാണ്. ഡബ്ബ് ചെയ്തത് തന്നെ ഒരുപാട് മൈക്കുകൾ വച്ചിട്ടായിരുന്നു. ഓരോ ഡയലോഗിന്റെയും ക്ലാരിറ്റി ചോർന്നു പോകാതെ ഷോട്ടിനനുസരിച്ച് മൈക്കുകൾ വച്ചാണ് റെക്കോഡ് ചെയ്തത്. അതിനു ശേഷം ഫോളി ചെയ്യിപ്പിച്ചു. അതിനു ശേഷം ആംബിയൻസ് എഫക്ട്സുകൾ ലൊക്കേഷനിൽ പോയി റെക്കോഡ് ചെയ്തെടുത്തു.ഇതിനു വേണ്ടി കുറേ സൗണ്ടുകളും ആംബിയൻസുകളും റെക്കോഡ് ചെയ്തു. കിച്ചൻ, ഡൈനിങ് ഏരിയ, സുരാജേട്ടന്റെ മുറി അങ്ങനെ വീടിന്റെ വിവിധ ഭാഗങ്ങളിൽ പോയി, കോഴിക്കോട് ഷൂട്ട് ചെയ്ത വീട്ടിൽ പോയി ഓരോ സീനും ഷൂട്ട് ചെയ്ത സമയം നോക്കി തന്നെ ആ ഭാഗത്തേക്ക് വേണ്ട ആംബിയൻസുകളും എഫക്ട്സുകളും വീണ്ടും റെക്കോഡ് ചെയ്യുകയായിരുന്നു.

ഉദാഹരണത്തിന്, അടുക്കളയിലേക്ക് രാവിലെ നിമിഷ ഇറങ്ങി വരുമ്പോൾ ഉള്ള ആംബിയൻസ് വേറൊരു ദിവസം അതേസമയത്ത് അവിടെ പോയി ശബ്ദം റെക്കോഡ് ചെയ്തെടുത്തതാണ്. ഷൂട്ടിംഗിന്റെ ദിവസമല്ല വേറൊരു ദിവസമാണ് ശബ്ദം റെക്കോഡ് ചെയ്തത്. സിങ്കിൽ വെള്ളം ബ്ലോക്ക് ആകുന്നത്, അമ്മിയിൽ അരയ്ക്കുന്നത് അങ്ങനെ കുറേ ശബ്ദങ്ങൾ റീ - ക്രിയേറ്റ് ചെയ്തെടുത്തു. ഇങ്ങനെ റെക്കോഡ് ചെയ്ത ശബ്ദങ്ങൾ പ്രൊസസ് ചെയ്ത് ഡിസൈൻ ചെയ്താണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.സാധാരണ ഒരു സിനിമയിൽ ബാക്ക് ഗ്രൗണ്ട് സ്കോർ ഉള്ളതുകൊണ്ട് സൗണ്ടിലുള്ള ഡീറ്റയിലിംഗ് കുറവ് ആയിരിക്കും. എന്നാൽ, ഇതിനകത്ത് ബാക്ക് ഗ്രൗണ്ട് സ്കോർ ഇല്ലാത്തതു കൊണ്ട് ഓരോ ഫ്രയിമിലുമുള്ള എല്ലാ ശബ്ദവും കൃത്യമായി കേൾക്കാൻ കഴിയും.

ബാക്ക് ഗ്രൗണ്ട് സ്കോർ ഇല്ല എന്നു പറഞ്ഞ സമയത്ത് അത് എനിക്കൊരു വെല്ലുവിളിയായിരുന്നു. കുറേ ഇംഗ്ലീഷ് പടങ്ങൾ റഫറൻസിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ടായിരുന്നു. അതിൽ അടുക്കളയുമായി ബന്ധപ്പെട്ട ശബ്ദങ്ങൾ ഒന്നും ഇല്ലായിരുന്നു. പക്ഷേ, പശ്ചാത്തലസംഗീതം ഇല്ലാത്ത സീനുകളെ സൗണ്ട് വെച്ച് എങ്ങനെ ട്രീറ്റ് ചെയ്തുവെന്ന് മനസിലാക്കാൻ അത് സഹായിച്ചു. നോ കൺട്രി ഫോർ ഓൾഡ് മെൻ, കോയെൻ ബ്രദേഷ്സിന്റെ പല പടങ്ങൾ എന്നിവയെല്ലാം ഇതിന് സഹായിച്ചു.

6. Sound Design ചെയ്തതിൽ Director and Crew വിന്റെ പിന്തുണ എത്രത്തോളം?

കട്ട സപ്പോർട്ട് ആയിരുന്നു സംവിധായകൻ നൽകിയത്. ബാക്ക് ഗ്രൗണ്ട് സ്കോർ ഒഴിവാക്കി സൗണ്ട് കൊടുക്കേണ്ടി വന്നപ്പോൾ അത് പല ശബ്ദങ്ങളും ഷൂട്ടിംഗ് ലൊക്കേഷനിൽ വീണ്ടും പോയി റീ - ക്രിയേറ്റ് ചെയ്യേണ്ടി വന്നിരുന്നു. അതിന് പൂർണ പിന്തുണയാണ് സംവിധായകൻ നൽകിയത്.

7. ഇതിനു മുമ്പ് ചെയ്ത പടം ഏതായിരുന്നു? ഇത് ആദ്യത്തെ പടമാണോ?

മുംബൈയിലാണ് ഞാൻ വർക് ചെയ്യുന്നത്. ബോളിവുഡ് സിനിമകളിലാണ് കൂടുതലും ജോലി ചെയ്യുന്നത്. അതിനോടൊപ്പമാണ് മലയാളം സിനിമകളിലും വർക് ചെയ്യുന്നത്. ജമുൻ എന്ന് പറഞ്ഞ ഒരു ഹിന്ദി പ്രൊജക്ടിലാണ് ഇതിനു തൊട്ടുമുമ്പ് വർക് ചെയ്തതത്. അത് റിലീസ് ആയി. ജിയോ ബേബിയുടെ തന്നെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, കുഞ്ഞുദൈവം, കൂടാതെ ട്രാൻസ്, ഗൗതമന്റെ രഥം, നോൺസെൻസ്, ജോസഫ്, ഉദാഹരണം സുജാത, കെയർ ഓഫ് സൈറ ബാനു എന്നിവയൊക്കെയാണ് ചെയ്ത മലയാളം പ്രൊജക്ടുകൾ. സീറോ, ബാജിറാവു മസ്താനി, പികു, എന്നീ ഹിന്ദി പ്രൊജക്ടുകളിലും ചില നെറ്റ് ഫ്ലിക്സ് സീരീസുകളായ ലിറ്റിൽ തിങ്സ്, സേക്രട് ഗെയിംസ് എന്നിവയിലും ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്.8. എത്രകാലമായി ഇൻഡസ്ട്രിയിൽ

2011 മുതൽ ഫിലിം ഇൻഡസ്ട്രിയിൽ ജോലി ചെയ്തു വരുന്നു. ബോളിവുഡിലാണ് കൂടുതലും വർക് ചെയ്തിട്ടുള്ളത്. ഇതുപോലെ സൗണ്ട് എഡിറ്ററായിട്ടും കൂടാതെ, ഡയലോഗ് എഡിറ്ററായിട്ടും എഫക്സ് എഡിറ്ററായിട്ടും സൗണ്ട് ഡിസൈനർ ഒക്കെയായിട്ടും വർക് ചെയ്യുന്നു.

9. പഠനം എവിടെ ആയിരുന്നു. പഠനകാലഘട്ടം എത്രത്തോളം സഹായിച്ചു നല്ലൊരു Soung Designer ലേക്ക് എത്താൻ?
(ഉദാ - പ്രഗത്ഭരായ ഗുരുക്കൻമാർ, വ്യക്തികളുടെ സ്വാധീനം അങ്ങനെ)

കൊച്ചിയിലെ നിയോ ഫിലിം സ്കൂളിലാണ് ഞാൻ പഠിച്ചത്. സൗണ്ട് എഡിറ്ററും സൗണ്ടി ഡിസൈനറുമായ ബോബി ജോൺ ആണ് ഗുരു. 2011ൽ മുംബൈയിൽ എത്തി അദ്ദേഹത്തിന്റെ കീഴിലാണ് വർക് ചെയ്യാൻ തുടങ്ങിയത്. ഈ ഒരു നിലയിലേക്ക് എത്തിപ്പെടാൻ കാരണമായത് അദ്ദേഹമാണ്. ഒരു പടത്തിനോട് നീതി പുലർത്തി ശബ്ദം എത്രത്തോളം ഡീറ്റയിലിംഗ് ആയി ചെയ്യാൻ പറ്റുമോ അതൊക്കെ അദ്ദേഹത്തിൽ നിന്ന് പഠിച്ചതാണ്.10. സൗണ്ട് ഡിസൈൻ രംഗത്ത് ആരാണ് റോൾ മോഡൽ ?

ഒരുപാട് റോൾ മോഡലുകൾ ഉണ്ട്. ഹോളിവുഡിൽ ജുറാസിക് പാർക്കിനൊക്കെ സൗണ്ട് ഡിസൈൻ ചെയ്ത ഗാരി റിസ്റ്റ്രോം ആണ് അതിൽ ഒന്നാമത്. അദ്ദേഹത്തിന്റെ വർക് ഒക്കെ ഞാൻ ഫോളോ അപ് ചെയ്യാറുണ്ട്.

11. വീട്ടിൽ നിന്നുള്ള പിന്തുണ?

പപ്പ എക്സ് മിലിട്ടറി ആണ്. അതുകൊണ്ടു തന്നെ ആ രംഗത്തേക്ക് വിടാൻ ആയിരുന്നു താൽപര്യം. എന്നാൽ, എന്റെ താൽപര്യം ഇങ്ങനെ ആണെന്ന് അറിഞ്ഞപ്പോൾ എല്ലാ വിധത്തിലുമുള്ള പിന്തുണ പപ്പയും വീട്ടിൽ നിന്ന് എല്ലാവരും നൽകിയിരുന്നു.

12. ഈ സിനിമ പൂർത്തിയായതിനു ശേഷം അടുക്കളയിൽ കയറിയോ? അപ്പോൾ എന്താണ് തോന്നിയത്

ഞാൻ സാധാരണ അടുക്കളയിൽ കയറുന്ന ആളാണ്. മുംബൈയിൽ ആയതുകൊണ്ടും ഭാര്യ ജോലിക്ക് പോകുന്നതു കൊണ്ടും പലപ്പോഴും അടുക്കളയിൽ കയറേണ്ട സാഹചര്യം വന്നിട്ടുണ്ട്. ഈ സിനിമയിൽ നിമിഷ അനുഭവിച്ചിട്ടുള്ള പല കാര്യങ്ങളും ഞാനും അനുഭവിച്ചിട്ടുണ്ട്. കൂടാതെ, സിനിമയ്ക്കു വേണ്ടി കിച്ചണിൽ കയറി കുറേ ശബ്ദങ്ങൾ പരീക്ഷിച്ച് സൗണ്ട് റെക്കോഡ് ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് ദോശ ചുടുന്നത്, കടുക് വറുക്കുന്നത് എന്നീ ശബ്ദങ്ങൾ കിച്ചണിൽ കയറി റെക്കോഡ് ചെയ്ത് എടുത്തിട്ടുണ്ട്.13. അടുത്ത പ്രൊജക്ടുകൾ എന്തൊക്കെയാണ്?

ഹോട്ട് സ്റ്റാറിന്റെ ഒരു വെബ് സീരീസ് ആണ് അടുത്ത പ്രൊജക്ട്. നെറ്റ്ഫ്ലിക്സിന്റെ തന്നെ വേറെ ഒരു പ്രൊജക്ട് ഉണ്ട്. പേര് അവർ അനൗൺസ് ചെയ്തിട്ടില്ലാത്തതിനാൽ പറയാൻ പറ്റില്ല. ആലിയ ഭട്ട് നായികയായി എത്തുന്ന സഞ്ജയ് ലീല ബൻസാലി ചിത്രമാണ് അടുത്ത ഹിന്ദി പ്രൊജക്ട്. ഇപ്പോൾ അതിലാണ് ജോയിൻ ചെയ്തിരിക്കുന്നത്. മലയാളത്തിൽ ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മേപ്പടിയാൻ ആണ് അടുത്ത ചിത്രം. ഇവയൊക്കെയാണ് പുതിയ പ്രൊജക്ടുകൾ.
Published by:Joys Joy
First published: