തമിഴിലെ സൂപ്പർതാരം 'തല' അജിത്തിന്റെജന്മദിനമാണ് ഇന്ന്. എന്നാൽ പതിവുപോലെ തന്റെ വരാൻ പോകുന്ന ചിത്രങ്ങളുടെ പ്രൊമോഷൻ ആരംഭിച്ചു കൊണ്ട് അജിത്ത് 50-ാം ജന്മദിനം ആഘോഷിക്കുകയില്ല. രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന അഭൂതപൂർവമായ പ്രതിസന്ധിയുടെമുന്നിൽ തന്റെ ജന്മദിനം ഏത് രീതിയിലായാലും പരസ്യമായി ആഘോഷിക്കുന്നത് ശരിയല്ല എന്നാണ് താരത്തിന്റെ വിശ്വാസം.
വരാനിരിക്കുന്ന 'വാലിമൈ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അജിത്തിന്റെ ജന്മദിനത്തിന് പുറത്തുവിടും എന്നാണ് നിർമാതാവ് ബോണി കപൂർ അറിയിച്ചിരുന്നത്. എന്നാൽ, കോവിഡ് മഹാമാരിയെത്തുടർന്ന് ദശലക്ഷക്കണക്കിന് ജനങ്ങൾ യാതന അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ അത് പിന്നീടാവാംഎന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.
അജിത്തിന്റെ ജീവിതത്തിൽ തന്റെ സിനിമകൾ വൻ വിജയമാവുകയും പരാജയമാവുകയും ചെയ്ത സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. തന്റെ ഏറ്റവും മോശം സമയത്തും അജിത്തിന്റെ വ്യക്തിപ്രഭാവത്തിന് ഇടിവ് ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടാവണം ബോക്സ് ഓഫീസിലെ പരാജയങ്ങൾ ആരാധകർക്കിടയിലും സെലിബ്രിറ്റികൾക്കിടയിലുമുള്ള അദ്ദേഹത്തിന്റെ ജനപ്രീതിയെ ഒരിക്കലും ബാധിക്കാതിരുന്നത്. അജിത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകൾ അറിയാം:
- ഹൈദരാബാദിൽ ജനിച്ച അജിത്തിന്റെ അമ്മ ബംഗാളിയാണ്. കരിയറിന്റെ തുടക്കത്തിൽ തമിഴ് സംസാരിക്കാൻ അജിത്ത് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അജിത്തിന്റെ മൂത്ത ജ്യേഷ്ഠൻ ന്യൂയോർക്കിൽ ഒരു സ്റ്റോക്ക് ബ്രോക്കറായി പ്രവർത്തിച്ചു വരികയാണ്. ഐ ഐ ടി മദ്രാസിൽ നിന്ന് ബിരുദം നേടിയിട്ടുള്ള ഇളയ അനിയൻ സിയാറ്റിലിൽ ജീവിക്കുന്നു. അജിത്തിന് രണ്ട് ഇരട്ട സഹോദരികൾ കൂടി ഉണ്ടായിരുന്നു. അവർ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയി.
- അമർകളം എന്ന സിനിമയിൽ തന്റെ കൂടെ അഭിനയിച്ച ശാലിനിയുമായി 1999-ലാണ് അജിത്ത് പ്രണയത്തിലാകുന്നത്. ഇരു കുടുംബങ്ങളുടെയും ആശിർവാദങ്ങളോടെ അവർ 2000-ത്തിൽ വിവാഹം കഴിക്കുകയായിരുന്നു. ഈ ദമ്പതികൾക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. മകളുടെ പേര് അനൗഷ്ക എന്നും മകന്റെ പേര് ആദ്വിക് എന്നുമാണ്.
- ലാളിത്യത്തിന്റെ പ്രതീകമായി അജിത്ത് പൊതുവെ അറിയപ്പെടാറുണ്ട്. ഒരു താരത്തിൽ നിന്ന് പ്രതീക്ഷിക്കാത്ത പ്രവൃത്തികളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയനടനാണ് അദ്ദേഹം.
- ഒരു അഭിനേതാവാവുക എന്നതിനേക്കാൾ അജിത്ത് ആഗ്രഹിച്ചിരുന്നത് ഒരു റെയ്സ്കാർ ഡ്രൈവർ ആവാനായിരുന്നു. ഒരു പ്രൊഫഷണൽ കാർ ഡ്രൈവർ ആകാനുള്ള പരിശീലനത്തിന് വേണ്ടിയാണ് അദ്ദേഹം മോഡലിങിനെ ഒരു വരുമാന മാർഗമായി അവലംബിച്ചത്. 1993-ൽ അമരാവതി എന്ന ചിത്രത്തിൽ ആദ്യമായി നായകവേഷത്തിൽ എത്തിയതിന് ശേഷവും അദ്ദേഹം ആ ആഗ്രഹം ഉപേക്ഷിച്ചിരുന്നില്ല. എന്നാൽ, ഒരു അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റതിനു ശേഷം അജിത്ത് കൂടുതൽ സിനിമകൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പല അന്താരാഷ്ട്ര റെയ്സുകളിലും അജിത്ത് പങ്കെടുത്തിട്ടുണ്ട്.
- ഫാൻസ് അസോസിയേഷനുകൾ പിരിച്ചുവിടാൻ മുൻകൈയെടുത്ത ആദ്യത്തെ തമിഴ് നടനാണ് അജിത്ത്. തന്റെ ഫാൻ ക്ലബ്ബുകൾ ധനസമാഹരണം നടത്താനായി തന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി ബോധ്യപ്പെട്ട അജിത്ത് അവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, അതുകൊണ്ട് കാര്യമായ മാറ്റം ഉണ്ടാകാതെ വന്നപ്പോൾ 2011-ൽ തന്റെ 40-ാംജന്മദിനത്തിൽ എല്ലാ ഫാൻസ് അസോസിയേഷനുകളും പിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു.
Keywords: Ajith, Tamil Movie Star, Tamil Actor, Birthday, Valimai
അജിത്ത്, തമിഴ് സിനിമാ താരം, തമിഴ് നടൻ, ജന്മദിനം, വാലിമൈ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.