തിരുവനന്തപുരം: ദേശീയ പുരസ്കാരമെന്നത് വെറും ആഭാസമായി മാറിയെന്നും ഈ സമ്പ്രദായം നിർത്തേണ്ട കാലം കഴിഞ്ഞെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ദേശീയ ചലച്ചിത്ര പുരസ്കാര സമിതി നിറയെ ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ കാലാൾപ്പടയാളികളാണ്. എല്ലാ ചുമടുകളും എടുത്തുമാറ്റി സിനിമയെ മോചിപ്പിക്കണം. ദേശീയ പുരസ്കാരം ഏർപ്പെടുത്തിയത് എന്തിനാണോ അതിന്റെ ആശയം തന്നെ കടപുഴകിയിരിക്കുകയാണ്. വെറും ആഭാസമായി മാറി. അതിനാലാണ് 'ബാഹുബലി'യൊക്കെ അവാർഡ് നേടുന്നത്. ജനാധിപത്യ രാഷ്ട്രത്തിന് ചേരാത്ത സെൻസറിംഗ് പൂർണമായി എടുത്തുകളയണം. സിനിമയിൽ മാത്രമല്ല, നാടകത്തിലും മാധ്യമപ്രവർത്തനത്തിലും പ്രസംഗത്തിലുമൊന്നും നിയന്ത്രണങ്ങൾ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷൻ കലാകാരന്മാരുടെ കൂട്ടായ്മയായ കോൺടാക്ട് 'സെൻസർബോർഡും ഇന്ത്യൻ സിനിമയും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂർ ഗോപാലകൃഷ്ണൻ.
സിനിമയ്ക്ക് മുൻപ് സിഗരറ്റ് വലിക്കെതിരെയുള്ള ഭീകരപരസ്യം കണ്ടാൽ പിന്നെ സിനിമ കാണാൻപോലും തോന്നില്ല. അത്ര കുഴപ്പമാണെങ്കിൽ സർക്കാരിന് പുകയില ഉൽപന്നങ്ങൾ നിരോധിച്ചാൽ പോരേ. സർക്കാരിന് സൗജന്യമായി പരസ്യം നൽകുന്നതിനുള്ള ഉപാധിയായി സിനിമ മാറിയെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ മീൻവെട്ടുന്ന രംഗത്തിൽ ഒരു പൂച്ച ഇരിക്കുന്നതുകണ്ട് വിശദീകരണവും ആനിമൽ പ്രൊട്ടക്ഷൻ ബോർഡിന്റെ സർട്ടിഫിക്കറ്റും ചോദിച്ച സെൻസർ ബോർഡ് ഇതൊരു വൈകൃതമാക്കി മാറ്റുകയാണ് ചെയ്യുന്നത്. നമ്മുടെ ഒരു മന്ത്രിക്കുണ്ടായ ഉൾവിളിയാണ് ഇതിന് പിന്നിൽ. ഇത്തരം മണ്ടൻ തീരുമാനങ്ങൾ കാരണമാണ് സർക്കസ് എന്ന വലിയൊരു വിനോദാപാധി ഇന്ത്യയിൽ നിന്ന് തുടച്ചുമാറ്റപ്പെട്ടത്. സിനിമാക്കാരുടെ തോളിൽ കയറിയല്ല മൃഗസ്നേഹം കാണിക്കേണ്ടത്- അടൂർ പറഞ്ഞു.
സിനിമയെപ്പറ്റി ഒന്നും അറിയാത്തവരും പുസ്തകംപോലും വായിക്കാത്തവരുമൊക്കെയാണ് സെൻസർബോർഡിൽ ഇരിക്കുന്നത്. സർക്കാരിന്റെ താൽപര്യങ്ങൾ സെൻസർ ഓഫീസർ വഴി നടപ്പാക്കുകയാണ് ഇവർ ചെയ്യുന്നത്. പശുവിനെ കൊല്ലരുതെന്ന് പറയുന്നവർ കറവ വറ്റിയ പശുക്കൾ വിശന്ന് വീണുചാവുന്ന ദയനീയാവസ്ഥ കാണുന്നില്ല. അതേസമയം, ടെലിവിഷനിൽ എന്തെല്ലാം വൃത്തികേടുകളാണ് കാണിക്കുന്നത്. കച്ചവട സിനിമക്കാർ സെൻസർ ബോർഡിനോട് അടിമമനോഭാവം കാട്ടുന്നത് അവരിതിനെ കലാരൂപമായി കാണാത്തതതുകൊണ്ടാണെന്നും അടൂർ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Adoor gopalakrishnan, Censor board, Film censoring, Malayalam film, National Film Awards