തമിഴ് സൂപ്പർ ഹീറോ ധനുഷും (Dhanush) ഐശ്വര്യ രജനീകാന്തും (Aishwaryaa Rajnikanth) വേർപിരിഞ്ഞു. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. ഇവർക്ക് യാത്ര രാജ, ലിംഗ രാജ എന്നീ രണ്ട് ആൺമക്കളുമുണ്ട്. ഇന്നലെ വൈകുന്നേരം (ജനുവരി 17) തന്റെ സോഷ്യൽ മീഡിയ (Social Media ) അക്കൗണ്ടിലൂടെയാണ് ഇരുവരും വേർപിരിയുന്നതായി ധനുഷ് ആരാധകരെ അറിയിച്ചത്.
"ഞങ്ങളുടെ പാതകൾ പിരിയുന്നിടത്താണ് ഇപ്പോൾ ഞങ്ങൾ നിൽക്കുന്നത്... ഐശ്വര്യയും ഞാനും ദമ്പതികൾ എന്ന നിലയിൽ വേർപിരിയാനും വ്യക്തികളെന്ന നിലയിൽ പരസ്പരം കൂടുതൽ മനസിലാക്കാൻ സമയമെടുക്കാനും തീരുമാനിച്ചിരിക്കുന്നു", ധനുഷ് കുറിച്ചു.
താരങ്ങൾ വിവാഹബന്ധം വേർപെടുത്തിയതിന്റെ വിഷമത്തിലാണ് ആരാധകർ. സോഷ്യൽ മീഡിയയിലൂടെ അവർ അത് പ്രകടിപ്പിച്ചു. താരങ്ങളുടെ മുൻ അഭിമുഖങ്ങളും സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. 2013 ൽ ജെഎഫ്ഡബ്ല്യുവിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ തന്റെ വിവാഹത്തെ 'ദൈവഹിത'മെന്ന് വിശേഷിപ്പിച്ചതും ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. "ഞാനും ധനുഷും ഒത്തുചേരുന്നത് ദൈവഹിതമാണ്. അത് സംഭവിക്കാൻ വിധിക്കപ്പെട്ടതായിരുന്നു", എന്നാണ് ആ അഭിമുഖത്തിൽ ഇരുവരുടെയും വിവാഹത്തെക്കുറിച്ച് ഐശ്വര്യ പറഞ്ഞത്.
തങ്ങൾ ആദ്യമായി കണ്ടുമുട്ടിയത് ആൽബർട്ട് തിയറ്ററിലാണെന്നും അവിടെ ധനുഷിന്റെ 'കാതൽ കൊണ്ടേൻ' എന്ന സിനിമ കാണാൻ പോയതായിരുന്നു എന്നും ഐശ്വര്യ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മകൾ എന്ന നിലയിലാണ് അവർ ധനുഷിനെ പരിചയപ്പെടുന്നത്. ഐശ്വര്യ പിന്നീട് ധനുഷിന്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് ഒരു കുറിപ്പ് സഹിതം പൂക്കൾ സമ്മാനമായി അയക്കുകയും ചെയ്തു. അതിനുശേഷം ധനുഷ് നന്ദി പറയാനായി ഐശ്വര്യയെ വിളിച്ചു. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും ആറു മാസത്തിനുള്ളിൽ വിവാഹിതരാവുകയും ചെയ്തു.
"ഞാനും ധനുഷും വിവാഹശേഷം പരസ്പരം നന്നായി മനസ്സിലാക്കി. ഞങ്ങളുടെ താൽപ്പര്യങ്ങൾ എവിടെയാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഞങ്ങളുടെ ബന്ധത്തിന്റെ ഏറ്റവും നല്ല വശം ഞങ്ങൾ പരസ്പരം ധാരാളം ഇടം നൽകുന്നു എന്നതാണ്. ഒന്നിച്ചു ജീവിക്കണമെന്ന ആഗ്രഹം മൂലം മറ്റേ വ്യക്തിക്കുവേണ്ടി സ്വയം മാറുന്നതിൽ ഞങ്ങൾ രണ്ടുപേരും വിശ്വസിക്കുന്നില്ല.", വിവാഹത്തെക്കുറിച്ച് ഐശ്വര്യ തുറന്നു പറഞ്ഞത് ഇങ്ങനെ.
2004 നവംബർ 18 നാണ് ഇരുവരും വിവാഹിതരായത്. തമിഴിലെ അറിയപ്പെടുന്ന സംവിധായികയും പിന്നണി ഗായികയും കൂടിയാണ് ഐശ്വര്യ. ഇരുവരും ഒരുമിച്ച് സിനിമകളിൽ പ്രവർത്തിച്ചിട്ടുമുണ്ട്. സാമന്തയുടെയും നാഗചൈതന്യയുടെയും വേർപിരിയലിന് ശേഷം മറ്റൊരു താര ദമ്പതികൾ കൂടി വേർപിരിയാൻ തീരുമാനിച്ചിരിക്കുകയാണ്. ആരാധകർ വളരെ വിഷമത്തോടെയാണ് ഈ വാർത്ത ഏറ്റെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.