നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ജഗതി തിരിച്ചെത്തുന്നു; 'കുടുംബ' ചിത്രത്തിലൂടെ

    ജഗതി തിരിച്ചെത്തുന്നു; 'കുടുംബ' ചിത്രത്തിലൂടെ

    മകന്‍ രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള പരസ്യകമ്പനി നിർമിക്കുന്ന പരസ്യ ചിത്രത്തിലൂടെയാണ് ജഗതി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്

    ജഗതി ശ്രീകുമാർ

    ജഗതി ശ്രീകുമാർ

    • News18
    • Last Updated :
    • Share this:
      കൊച്ചി: മലയാളികളുടെ പ്രിയതാരം ജഗതി ശ്രീകുമാര്‍ അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നു. അമ്പിളി ചേട്ടനെ വീണ്ടും സ്ക്രീനിൽ കാണണമെന്ന ആരാധകരുടെ ഏഴുകൊല്ലത്തെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ജഗതി ശ്രീകുമാറിന്‍റെ മകൻ രാജ് കുമാറാണ് ജഗതിയുടെ മടങ്ങിവരവ് സംബന്ധിച്ച് പുറംലോകത്തെ അറിയിച്ചത്. എന്നാൽ, മലയാളത്തിലെ ജനപ്രിയതാരത്തിന്റെ രണ്ടാം വരവ് സിനിമയിലൂടെയല്ല. മകന്‍ രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള പരസ്യകമ്പനി നിർമിക്കുന്ന പരസ്യ ചിത്രത്തിലൂടെയാണ് ജഗതി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. തൃശൂർ ചാലക്കുടിയിലെ വാട്ടർ തീം പാർക്കിന്റെ പരസ്യചിത്രമാണിത്. അടുത്തവർഷം സിനിമയിലും ജഗതി ശ്രീകുമാർ അഭിനയിക്കുമെന്ന് രാജ് കുമാർ പറഞ്ഞു. ജഗതിയുടെ തന്നെ ബാനറായ ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്സ് എന്ന കമ്പനിയാണ് പരസ്യചിത്രം നിർമ്മിക്കുന്നത്.

      നിരവധി പരസ്യചിത്രങ്ങൾ ഒരുക്കിയ സിധിനാണ് ജഗതി അഭിനയിക്കാനിരിക്കുന്ന പരസ്യചിത്രത്തിന്‍റെ സംവിധായകൻ. പുതിയ പ്രൊജക്ടിന്റെ സ്വിച്ച് ഓൺ കർമ്മവും ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ് പരസ്യ കമ്പനിയുടെ ഉദ്ഘാടനവും 27ന് വൈകിട്ട് ഏഴിന് ചാലക്കുടിയിലെ വാട്ടർ തീം പാർക്കിൽ നടക്കും. ജഗതിയുടെ സുഹൃത്തുക്കളും ചലച്ചിത്രരംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്നും രാജ് കുമാർ അറിയിച്ചു.

      ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയിക്കാൻ എത്തുന്നത്. സിനിമാലോകവുമായി വീണ്ടും ഇടപഴകുന്നതും സുഹൃത്തുക്കളോടൊപ്പം പ്രവർത്തിക്കുന്നതും ജഗതിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടാക്കുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഇതനുസരിച്ച് സുഹൃത്തുക്കളായ താരങ്ങളും സിനിമയിലെ സഹപ്രവർത്തകരും സമയം കിട്ടുമ്പോഴൊക്കെ ജഗതിയെ കാണാൻ എത്തുന്നുണ്ടായിരുന്നു. സിനിമാഗാനങ്ങൾ പാടിക്കേൾപ്പിക്കാൻ പിന്നണി ഗായകരും പ്രിയനടനെ പലവട്ടം സന്ദർശിച്ചു. ജഗതിയുടെ ശാരീരിക, മാനസിക ആരോഗ്യത്തിൽ ഇത് കാര്യമായ പുരോഗതി ഉണ്ടാക്കി. ഇടയ്ക്ക് ചില ഷൂട്ടിംഗ് സൈറ്റുകളും ജഗതി സന്ദർശിച്ചു. ഏറ്റവും ഇഷ്ടമുള്ള അന്തരീക്ഷത്തിൽ വീണ്ടും ഇടപഴകുന്നത് ജഗതിയെ സാധാരണ ജീവിതത്തിലേക്ക് കൂടുതൽ മടക്കിക്കൊണ്ടുവരുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

      2012 മാര്‍ച്ച് മാസം മലപ്പുറം തേഞ്ഞിപ്പലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിൻവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജഗതി വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. തലക്കേറ്റ പരിക്കാണ് ജഗതിയുടെ അഭിനയം ജീവിതം തന്നെ മാറ്റിമറിച്ചത്. അന്നുതൊട്ടിന്നോളം പകരംവയ്ക്കാനില്ലാത്ത മലയാളത്തിന്റെ മഹാനടന്‍റെ മടങ്ങിവരവിനായുള്ള പ്രാർ‌ത്ഥനയിലായിരുന്നു ആരാധകരും സിനിമാ ലോകവും.

      First published: