നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Jai Bhim | മന്ത്രി മുഹമ്മദ് റിയാസിന്‍റെ അഭിനന്ദനത്തിന് നന്ദി അറിയിച്ച് നടൻ സൂര്യ

  Jai Bhim | മന്ത്രി മുഹമ്മദ് റിയാസിന്‍റെ അഭിനന്ദനത്തിന് നന്ദി അറിയിച്ച് നടൻ സൂര്യ

  'നന്ദി സാർ, ഞങ്ങളുടെ സിനിമ താങ്കൾക്ക് ഇഷ്ടപ്പെട്ടതിൽ സന്തോഷമുണ്ട്'- നടൻ സൂര്യ ട്വീറ്റ് ചെയ്തു.

  മന്ത്രി പി എ മുഹമ്മദ് റിയാസ്

  മന്ത്രി പി എ മുഹമ്മദ് റിയാസ്

  • Share this:
   ജയ് ഭീം ചിത്രത്തെ അഭിനന്ദിച്ച മന്ത്രി മുഹമ്മദ് റിയാസിന് നന്ദി അറിയിച്ച് നടൻ സൂര്യ. ട്വിറ്ററിലൂടെയാണ് നടൻ സൂര്യ, മന്ത്രി റിയാസിന് നന്ദി പറഞ്ഞത്. 'നന്ദി സാർ, ഞങ്ങളുടെ സിനിമ താങ്കൾക്ക് ഇഷ്ടപ്പെട്ടതിൽ സന്തോഷമുണ്ട്'- നടൻ സൂര്യ ട്വീറ്റ് ചെയ്തു. 'ശക്തമായ ആഖ്യാനം, ശക്തമായ രാഷ്ട്രീയ പ്രസ്താവന, നന്നായി ചെയ്തു' എന്ന മുഹമ്മദ് റിയാസിന്റെ ട്വീറ്റ് പങ്കുവച്ചാണ് താരം നന്ദി അറിയിച്ചത്.


   അതിനിടെ ജയ് ഭിം സിനിമയെ തുടർന്ന് നടൻ സൂര്യയ്ക്ക് വണ്ണിയാർ സമുദായത്തിന്‍റെ ഭീഷണി ഉണ്ടായ പശ്ചാത്തലത്തിൽ താരത്തിന്‍റെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. സൂര്യയുടെ ചെന്നൈ ടി നഗറിലെ വസതിക്കാണ് പോലീസ് കാവൽ ഏർപ്പെടുത്തിയത്. സൂര്യക്കെതിരെ വണ്ണിയാർ സമുദായ നേതാക്കൾ ആക്രമണ ഭീഷണി ഉയർത്തിയ സാഹചര്യത്തിലാണ് പൊലീസ് മുൻകരുതൽ സ്വീകരിച്ചത്.

   സിനിമയിൽ വണ്ണിയാർ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് വണ്ണിയാർ സംഘം സൂര്യക്കും ജ്യോതികക്കും സംവിധായകൻ ടി ജെ ജ്ഞാനവേലിനും നോട്ടീസ് അയച്ചിരുന്നു. സമുദായത്തെ മോശമായി ചിത്രീകരിച്ചതിന് മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നൽകണമെന്നുമാണ് ആവശ്യം.

   സൂര്യ അഭിനയിച്ച ചിത്രത്തിലെ പുരോഗമനപരമായ വശങ്ങൾ അംഗീകരിക്കുമ്പോൾ പോലും തങ്ങളുടെ വിഭാഗത്തെ ചിത്രീകരിക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ടെന്ന് വണ്ണിയർ സംഘം പറഞ്ഞു. നിർഭാഗ്യവശാൽ, നിർഭാഗ്യവാനായ ഒരു ആദിവാസി യുവാവിനെ ക്രൂരമായി പീഡിപ്പിച്ച വില്ലന്മാരിൽ ഒരാളെ വണ്ണിയാർ സമുദായാംഗമായി സിനിമയിൽ കാണിക്കുന്നു, വക്കീൽ നോട്ടീസിൽ ആരോപിക്കുന്നു.

   പട്ടാളി മക്കൾ പാർട്ടി മേധാവി ഡോ. രാമദോസും വണ്ണിയാർ സമുദായത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഒരു വ്യക്തിയെ വേദനിപ്പിച്ച് പ്രശസ്തി തേടേണ്ട ആവശ്യമില്ലെന്ന് നടൻ സൂര്യ പ്രതികരിച്ചിരുന്നു. അടിച്ചമർത്തപ്പെട്ട സമുദായങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന വിസികെയുടെ നേതാവ് തോൽ തിരുമാവളവൻ നൽകിയ പിന്തുണയ്ക്ക് നടൻ സൂര്യ നന്ദി പറയുകയും ചെയ്തു.

   നവംബർ ആദ്യം റിലീസ് ചെയ്തത് മുതൽ, തമിഴ് സമൂഹത്തിൽ പറഞ്ഞറിയിക്കാനാകാത്ത ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പട്ടികവർഗ്ഗ വംശമായ ഇരുളർ ഗോത്രത്തിന്റെ കഥ പറഞ്ഞ ചിത്രം നിരൂപക പ്രശംസ നേടിയിട്ടുണ്ട്. ചെയ്യാത്ത കുറ്റം സമ്മതിക്കാത്തതിന്റെ പേരിൽ പോലീസ് സ്‌റ്റേഷനിൽ തല്ലിക്കൊന്ന ഇരുളർ ആദിവാസി യുവാവിന്‍റെ ജീവിതമാണ് സിനിമ പറയുന്നത്.

   ജയ് ഭീം വിവാദം തമിഴ് സിനിമാ നിർമ്മാതാക്കൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഒട്ടുമിക്ക നിർമ്മാതാക്കളും നടൻ സൂര്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.ദേശീയ അവാർഡ് നേടിയ അസുരൻ നിർമ്മിച്ച വെട്രി മാരൻ ഒരു ട്വീറ്റിൽ ഇങ്ങനെ പറഞ്ഞു, “... ഈ സിനിമകൾ നിലവിലെ സ്ഥിതി മാറാൻ ആഗ്രഹിക്കാത്തവരിൽ അസ്വസ്ഥത ഉണ്ടാക്കുന്നത് സ്വാഭാവികമാണ്…” കമൽഹാസനൊപ്പം പ്രവർത്തിക്കുന്ന യുവ സംവിധായകൻ ലോകേഷ് കനകരാജും സൂര്യയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

   നടൻ സൂര്യയെ പിന്തുണച്ച് മറ്റ് സിനിമാ പ്രവർത്തകരും രംഗത്തെത്തിയിരുന്നു. #IstandwithSuriya എന്ന ഹാഷ്‌ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗിലാണ്, ഹാഷ്‌ടാഗിനെ പിന്തുണച്ച് ആയിരക്കണക്കിന് ട്വീറ്റുകൾ ഇതിനോടകം വന്നു കഴിഞ്ഞു.
   Published by:Anuraj GR
   First published:
   )}