സൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ജയ് ഭീം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്നത്.
ചിത്രത്തിലെ കഥാപാത്രങ്ങളെ പോലെ തന്നെ വളരെയധികം ശ്രദ്ധ നേടിയ ഒന്നായിരുന്നു കോടതി. ആമസോണ്‍ പ്രൈം പുറത്ത് വിട്ട കോടതി മുറിയുടെ മേക്കിംഗ് വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
ഏകദേശം 150 വര്‍ഷം പഴക്കമുള്ള മദ്രാസ് ഹൈക്കോര്‍ട്ടിന്റെ കോര്‍ട്ട് ഹാള്‍ സിനിമയ്ക്കായി അണിയറപ്രവര്‍ത്തകര്‍ പുനസൃഷ്ടിക്കുകയായിരുന്നു. പ്രൊഡക്ഷന്‍ ഡിസൈനറായ കെ. കതിറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ വമ്പന്‍ സെറ്റ് സൃഷ്ടിച്ചെടുത്തത്.
'ജസ്റ്റിസ് കെ. ചന്ദ്രു സാറും ഇക്കാര്യത്തില്‍ ഞങ്ങളെ സഹായിച്ചു. ഹൈക്കോര്ട്ടിനെക്കുറിച്ചുള്ള പുസ്തകം അദ്ദേഹം ഞങ്ങള്‍ക്കു നല്കി. അതിലെ ചിത്രങ്ങള്‍ വച്ച് ആര്‍ട്ട് ഡയറക്ടര്‍ ഓരോ വസ്തുക്കളും നിര്‍മിച്ചു. 25 ദിവസം കൊണ്ടാണ് ആര്‍ട്ട് ടീം ആ സെറ്റ് ഉണ്ടാക്കിയത്. ഹൈക്കോര്‍ട്ടിലെ ജീവനക്കാരും സഹായിക്കാനെത്തിയിരുന്നു.
അവരുടെ ജോലിയുടെ രീതികള്‍, സാമഗ്രികള്‍ എവിടെ വയ്ക്കണമെന്നോക്കെ ഞങ്ങള്‍ക്കു പറഞ്ഞു തന്നു. അവരുടെ സ്വന്തം ജോലി സ്ഥലമായി ആ സെറ്റിനെയും അവര്‍ കണ്ടു', എന്നാണ് ഛായാഗ്രാഹകന്‍ എസ്.ആര്. കതിര് പറഞ്ഞത്.
സൂര്യ നായകനായെത്തിയ ചിത്രത്തിൽ മലയാള സാന്നിധ്യമായി ലിജിമോൾ ജോസും ഉണ്ട്. നടിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രജിഷ വിജയനാണ് സൂര്യയുടെ ചിത്രത്തിലെ നായിക. 2ഡി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം.
പ്രകാശ് രാജ്, രമേഷ്, മണികണ്ഠന് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. എസ് ആര് കതിര് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. വസ്ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി. 2ഡി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം.
1993ല്‍ തമിഴ്നാട്ടിലെ കടലൂരിൽ നടന്ന സംഭവത്തിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അന്നത്തെ ആ സംഭവവും അഭിഭാഷകനും മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് ചന്ദ്രുവിന്റെ ഇടപെടലുമാണ് സിനിമയിലൂടെ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor Suriya, Amazon Prime, Jai Bhim