പ്രഖ്യാപിച്ച ദിവസം കേരളത്തിലെ സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ് സേതുരാമയ്യരുടെ അഞ്ചാം വരവിനായി. മമ്മൂട്ടി-കെ.മധു-എസ്.എന്‍ സ്വാമി ടീം വീണ്ടും ഒന്നിക്കുന്ന സിബിഐ സിനിമാ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമായ CBI 5 The Brain ന്റെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്.
സേതുരാമയ്യരെ പോലെ തന്നെ ഏറെ ജനപ്രിയമാണ് സിബിഐ സിനിമകളിലെ പ്രശസ്തമായ തീം മ്യൂസിക്. മലയാളത്തിലെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണമിട്ട മുതിര്‍ന്ന സംഗീത സംവിധായകന് ശ്യാം ആണ് ഈ അവസ്മരണീയമായ ഈണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. യുവ സംഗീത സംവിധായകന് ജേക്സ് ബിജോയി ആണ് സിബിഐ അഞ്ചാം ഭാഗത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്യാം ചിട്ടപ്പെടുത്തിയ സേതുരാമയ്യരുടെ ഹിറ്റ് ബിജിഎം ഉള്‍പ്പെടുത്തിയിട്ടുള്ള ട്രെയിലറാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
ശ്യാമിനെ കണ്ട് അനുഗ്രഹം വാങ്ങിയതിനു ശേഷമാണ് താന്‍ ചിത്രത്തിന്റെ ജോലികളിലേക്ക് കടന്നതെന്ന് ജേക്സ് ബിജോയ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ അന്നത്തെ കൂടിക്കാഴ്ചയുടെ വിശേഷങ്ങളും അദ്ദേഹത്തെ കണ്ടപ്പോഴത്തെ അനുഭവം സോഷ്യല്‍ മീഡിയിലൂടെ പങ്കുവച്ചിരിക്കുകയാണ് ജേക്സ് ബിജോയ്.
Also Read- അഞ്ചാം വരവ് പൊടിപൊടിക്കാൻ അയ്യർ; CBI 5 ടീസർ ഏറ്റെടുത്ത് ആരാധകർ; ട്രെൻഡിങ്ങിൽ ഒന്നാമത്
"സിബിഐ 5 ടീസര്‍ നല്ല രീതിയിലാണ് സ്വീകരിക്കപ്പെട്ടിരിക്കുന്നത്. നിങ്ങളുടെയൊക്കെ നല്ല വാക്കുകള്‍ക്ക് നന്ദി. ഈ ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുന്നതിനു മുന്‍പ് പ്രിയപ്പെട്ട ശ്യാം സാറിനൊപ്പം ഞാന്‍ പകര്‍ത്തിയ ഒരു ചിത്രമാണ് ഇവിടെ പങ്കുവെക്കുന്നത്. അനുഗ്രഹിക്കണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ ഉപദേശിച്ചു.
'ജീവിതാവസാനം വരെ നിങ്ങളുടെ സംഗീതത്തോട് സത്യസന്ധത പുലര്‍ത്തുക, കരിയറില്‍ ഒപ്പം ജോലി ചെയ്ത ഓരോരുത്തരോടും നന്ദിയുള്ളവനായിരിക്കുക'. ലഭിക്കുന്ന കൈയടികളുടെയൊന്നും ക്രെഡിറ്റ് ഞാന്‍ എടുക്കുന്നില്ല. ശ്യാം സാറിന്റെ ഒരു ഗംഭീര സൃഷ്ടിയെ മുന്‍നിര്‍ത്തി ജോലി ചെയ്യാന്‍ എനിക്ക് ഭാഗ്യം ലഭിക്കുകയാണ് ഉണ്ടായത്", ശ്യാമിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ജേക്സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
1988-ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്സോഫോസില്‍ തരംഗമായതോടെ 1989-ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാം വട്ടവും സേതുരാമയ്യരെത്തി. 2004-ല്‍ സേതുരാമയ്യര്‍ സിബിഐ, 2005-ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എത്തി. 13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുങ്ങുന്നത്. ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിന് ഒരേ നടനും സംവിധായകനും ഒരേ തിരക്കഥാകൃത്തും എന്നത് ലോക സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണ്.
മുകേഷ്, സായ്കുമാര്, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, അനൂപ് മേനോന്, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്ണന്, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്, അന്ന രേഷ്മ രാജന്, അന്‍സിബ ഹസന്, മാളവിക മേനോന്, മാളവിക നായര്‍, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.