• HOME
  • »
  • NEWS
  • »
  • film
  • »
  • തിയറ്റർ ഉടമയും പ്രൊഡ്യൂസറുമൊക്കെ ആയി ജോർജുകുട്ടി; സസ്പെൻസുമായി ദൃശ്യം ടു ട്രയിലർ

തിയറ്റർ ഉടമയും പ്രൊഡ്യൂസറുമൊക്കെ ആയി ജോർജുകുട്ടി; സസ്പെൻസുമായി ദൃശ്യം ടു ട്രയിലർ

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ മോഹൻലാൽ, മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്തേർ, സായ് കുമാർ എന്നിവർ ആണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. ആമസോൺ പ്രൈം വീഡിയോയിൽ ഫെബ്രുവരി 19നാണ് റിലീസ്.

Drishyam 2 Trailer

Drishyam 2 Trailer

  • News18
  • Last Updated :
  • Share this:
    ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ജീത്തു ജോസഫ് - മോഹൻലാൽ ചിത്രം ദൃശ്യം ടുവിന്റെ ട്രയിലർ പുറത്ത്. മോഹൻലാൽ ആണ് ട്രയിലർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ആമസോൺ പ്രൈമിലാണ് ട്രയിലർ റിലീസ് ചെയ്തത്. ഫെബ്രുവരി 19ന് ദൃശ്യം ടു ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ദൃശ്യം ടു ഒ ടി ടി റിലീസ് ആയിരിക്കുമെന്ന് നിർമാതാവായ ആന്റണി പെരുമ്പാവൂർ ജനുവരി ആദ്യവാരമാണ് അറിയിച്ചത്. ചിത്രം ഒ ടി ടി റിലീസ് ചെയ്യാൻ ജീത്തു ജോസഫിന്റെയും മോഹൻലാലിന്റെയും പിന്തുണയുണ്ടെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു.

    കർഷകൻ ആയിരുന്ന സിനിമാ മോഹിയായ കേബിൾ ഓപ്പറേറ്ററിൽ നിന്ന് തിയറ്റർ ഉടമയും നിർമാതാവും ഒക്കെയായി മാറിയ ജോർജു കുട്ടിയാണ് ട്രയിലറിന്റെ ഹൈലൈറ്റ്.  തുടർന്ന് ഓരോ കഥാപാത്രങ്ങൾക്കും ഉണ്ടായ മാറ്റവും പുതിയ കഥാപാത്രങ്ങളുടെ രംഗപ്രവേശവും ട്രയിലറിൽ വ്യക്തമാക്കുന്നു. ജോർജുകുട്ടി സിനിമ നിർമാണത്തിലേക്ക് കാര്യമായ കടക്കുന്നെന്ന് വ്യക്തമാക്കുന്ന സംഭാഷണങ്ങളും ട്രയിലറിൽ വ്യക്തം. രണ്ടു മിനിറ്റ് 17 സെക്കൻഡ് ആണ് ദൃശ്യം ടു വിന്റെ ട്രയിലർ.

    വീടിന്റെ പിന്നിലൂടെ പൊലീസുകാർ അന്വേഷണത്തിന് എത്തുന്നതും ട്രയിലറിൽ കാണാം. അന്വേഷണ ഉദ്യോഗസ്ഥരായി ഗണേഷ് കുമാർ, മുരളി ഗോപി എന്നിവരും ചിത്രത്തിലെത്തുന്നു. 'ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല, ഇനി ഒന്നു സംഭവിക്കത്തുമില്ല', 'ഞാൻ പണ്ടു പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്, ആവശ്യമില്ലാത്ത കാര്യം നമ്മളെ അപകടത്തിലാക്കും' ജോർജുകുട്ടി പറയുന്ന ഈ ഡയലോഗുകളാണ് ആരാധകരിൽ ആകാംക്ഷ സൃഷ്ടിക്കുന്നത്.

    വിഷ്ണു ശ്യാം ആണ് ദൃശ്യം ടു ട്രയിലറിന്റെ സസ്പെൻസ് തുളുമ്പുന്ന സംഗീതം നിർവഹിച്ചിരിക്കുന്നത്. ജീത്തു ജോസഫിന്റെ മോഹൻലാൽ ചിത്രമായ 'റാം' മിന്റെ സംഗീത സംവിധാനവും വിഷ്ണു ശ്യാം ആണ്. അതേസമയം, ദൃശ്യം ടു സിനിമയുടെ സംഗീതസംവിധാനം അനിൽ ജോൺസൺ ആണ്. സതീഷ് കുറുപ്പാണ് ക്യാമറ. വിനായക് ശശികുമാർ ആണ് ഗാനരചന. വി എസ് വിനായക്  - എഡിറ്റർ. ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത് ലിന്റ ജീത്തുവാണ്.

    ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ മോഹൻലാൽ, മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്തേർ, സായ് കുമാർ എന്നിവർ ആണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. ആമസോൺ പ്രൈം വീഡിയോയിൽ ഫെബ്രുവരി 19നാണ് റിലീസ്.

    ദൃശ്യം 2 ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. എന്നാൽ, ആരോപണങ്ങൾക്ക് കൃത്യമായ മറുപടിയുമായി നിർമാതാവായ ആന്റണി പെരുമ്പാവൂർ രംഗത്ത് എത്തിയിരുന്നു. ദൃശ്യം 2 ഒ ടി ടി റിലീസ് ചെയ്യാനുള്ള തീരുമാനത്തെ വിമർശിക്കുന്നവർ തന്നെക്കുറിച്ച് ചിന്തിച്ചില്ലെന്നും സ്വന്തം കാര്യം മാത്രമാണ് വിമർശകർ ചിന്തിച്ചതെന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്.

    ലാഭമായിരുന്നു ലക്ഷ്യമെങ്കിൽ കുഞ്ഞാലി മരക്കാറിന്റെ സ്ഥാനത്ത് പത്ത് മോഹൻലാൽ ചിത്രം നിർമ്മിക്കാമായിരുന്നു. ദൃശ്യം 2 റിലീസുമായി ബന്ധപ്പെട്ട് തിയറ്ററുകളുമായി കരാർ ഉണ്ടായിരുന്നില്ല. തിയറ്റർ ഉടമകളെ മോഹിപ്പിച്ച് കരാർ ഉണ്ടാക്കിയ ശേഷം അവരെ കബളിപ്പിച്ചെങ്കിൽ മാത്രമേ, ഞാൻ തെറ്റു ചെയ്തു എന്ന ആരോപണം ഉന്നയിക്കാൻ കഴിയൂ. ഒ ടി ടി റിലീസിന് നൽകിയാൽ വലിയ ഗുണം ചെയ്യുന്ന ചിത്രമായിരുന്നു കുഞ്ഞാലി മരയ്ക്കാർ. അത് താൻ തീയറ്ററിൽ പ്രദർശിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന കാര്യം മറക്കരുതെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു.
    Published by:Joys Joy
    First published: