മുംബൈ: ബോളിവുഡ് നടി ജിയാ ഖാന്റെ മരണത്തിൽ നടൻ സൂരജ് പാഞ്ചോളിയുടെ പ്രത്യേക സിബിഐ കോടതി വെറുതേവിട്ടു. തെളിവുകളുടെ അഭാവത്തിലാണ് നടനെ കോടതി വെറുതെവിട്ടത്. എന്നാൽ, മകളുടേത് കൊലപാതകമാണെന്ന് ആവർത്തിച്ച് ജിയാ ഖാന്റെ അമ്മയും രംഗത്തെത്തി.
മകൾക്ക് നീതി കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്നും പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും വേണ്ടി വന്നാൽ ഹൈക്കോടതിയേയോ സുപ്രീംകോടതിയേയോ സമീപിക്കുമെന്നും നടിയുടെ അമ്മ റാബിയ ഖാൻ പറഞ്ഞു.
വിഖ്യാത നടി സെറീന വഹാബിന്റെ മകനാണ് സൂരജ് പാഞ്ചോളി. സെറീന വഹാബിനൊപ്പമാണ് സൂരജ് വിധി പ്രസ്താവം കേൾക്കാൻ കോടതിയിലെത്തിയത്. വിധി അനുകൂലമായതിനു പിന്നാലെ സത്യം മാത്രമേ വിജയിക്കൂവെന്ന് ഇൻസ്റ്റഗ്രാമിലും സൂരജ് പങ്കുവെച്ചു.
2013 ലാണ് ജിയാ ഖാനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും കണ്ടെത്തിയ കുറിപ്പിൽ സൂരജ് പഞ്ചോളിയുമായുള്ള ബന്ധത്തെ കുറിച്ചും ജിയാ ഖാൻ എഴുതിയിരുന്നു. സൂരജ് പാഞ്ചോളിയും മാതാപിതാക്കളും ജിയയെ മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി റാബിയ ഖാൻ രംഗത്തെത്തി. Also Read- ‘കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമം’; ‘ദ കേരള സ്റ്റോറി’ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് വി.ഡി. സതീശൻ
റാബിയയുടെ പരാതിയിൽ സൂരജ് പാഞ്ചോളിക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് സൂരജ് ജാമ്യത്തിലിറങ്ങിയതോടെ റാബിയ ഖാൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ജിയയുടെ മരണം സിബിഐ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യം കോടതി അംഗീകരിച്ചതിനു പിന്നാലെ, 2015 ൽ സൂരജിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി സിബിഐ കുറ്റപത്രം ഫയൽ ചെയ്തു.
2013 ൽ ഇരുപത്തിയഞ്ചാം വയസ്സിലായിരുന്നു ജിയാ ഖാന്റെ ആത്മഹത്യ. ആകെ മൂന്ന് സിനികളിൽ മാത്രമായിരുന്നു ജിയ അഭിനയിച്ചിരുന്നത്. എന്നാൽ ഈ മൂന്ന് സിനിമകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. 2007 ൽ രാം ഗോപാൽ വർമയുടെ നിശബ്ദ് എന്ന ചിത്രത്തിൽ അമിതാഭ് ബച്ചനൊപ്പമായിരുന്നു ആദ്യ സിനിമ. ഇതിനു ശേഷം ആമിർ ഖാനൊപ്പം ഗജിനിയിലും പ്രധാന വേഷത്തിൽ അഭിനയിച്ചു.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.