സുഹൃത്തുക്കൾ 'ബാലു' എന്ന് വിളിക്കുന്ന രണ്ടു മാസ്മരിക സംഗീതജ്ഞരുടെ ഓർമ്മ നിറയുന്ന ദിനമാവാൻ സെപ്റ്റംബർ 25ന് എന്തോ നിയോഗമുണ്ടെന്ന പോലെ. ഇന്ത്യൻ സംഗീതത്തിന് പകരംവയ്ക്കാനില്ലാത്ത സംഗീത കുലപതി എസ്.പി. ബാലസുബ്രഹ്മണ്യം വിട വാങ്ങിയ ഇതേ ദിവസമാണ്, മലയാളികളുടെ പ്രിയ സംഗീതജ്ഞൻ ബാലഭാസ്കറിൻറെ കാറപകടവും. ദിവസങ്ങൾ നീണ്ടു നിന്ന ജീവന്മരണ പോരാട്ടത്തിനൊടുവിൽ 2018 ഒക്‌ടോബർ രണ്ടാം തിയതി ബാലഭാസ്കർ അനന്തതയിലേക്ക് മറഞ്ഞു.
പ്രിയ സുഹൃത്തിന്റെ ഓർമ്മയിൽ മാധ്യമപ്രവർത്തകനും, ഗാനരചയിതാവുമായ ജോയ് തമലം ആ ദിവസത്തെ നടുക്കം വാക്കുകളിൽ പകർത്തുന്നു. ജോയ് തമലത്തിന്റെ ഫേസ്ബുക് കുറിപ്പിലേക്ക്:
2018 സെപ്തംബർ 25 ന് പുലർച്ചെ പിജി പ്രബോധിന്റെ ഫോൺ വന്നപ്പോൾ ഇതെന്താ രാവിലെ ഓഫീസിൽ നിന്നൊരു വിളി, എന്നായിരുന്നു ചിന്ത. ബാലുവിന്റെ കാർ അപകടത്തിൽപ്പെട്ട കാര്യം അറിഞ്ഞപ്പോൾ മനസ്സാകെ ഇരുളുമൂടി. ബാലുവിന്റെ ഫോണിലേക്ക് തന്നെ ആദ്യം വിളിച്ചു. അവന്റെ മാസ്റ്റർ പീസുകളിലൊന്നായ 'Let It Be' ഫോണിൽ കേട്ടപ്പോൾ മനസ്സ് ഇത്തിരി തണുത്തതാണ്.
പക്ഷെ ഫോണിൽ സംസാരിച്ച പൊലീസ് ഓഫീസർ പറഞ്ഞു അപകടം വലുതാണ്. എല്ലാവരെയും ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഹൃദയം ഉടഞ്ഞു പോകുന്ന അവസ്ഥയിൽ ആദ്യം വിളിച്ചത് ബിനു ഐപിയെ രണ്ടാമത് ബിജു മുരളീധരനെ പിന്നീട് മെഡിക്കൽ കോളജിലേക്ക് പാഞ്ഞു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഓഫീസറിൽ നിന്നാണ് ബാലുവിന്റെ മകളുടെ കാര്യം അറിഞ്ഞത്.
അവൻ ഇതെങ്ങനെ താങ്ങുമെന്നായിരുന്നു അനന്തപുരി ആശുപത്രിയിലേക്ക് വണ്ടി ഓടിക്കുമ്പോൾ അലയടിച്ചത്.
ആശുപത്രിയിൽ ബാലുവിന്റെ അച്ഛനെ കണ്ടെങ്കിലും മിണ്ടാനുള്ള ധൈര്യം പോരായിരുന്നു. അദ്ദേഹത്തെ 17 വർഷത്തിനുശേഷമാണ് കാണുന്നത്. പിന്നെങ്ങനയോ ധൈര്യം സംഭരിച്ച് സംസാരിച്ചു..
അവിടെ വന്നവരിൽ പലരും ബാലുവിനെ അത്യാഹിത വിഭാഗത്തിൽ കയറി കണ്ടു. എനിക്ക് അതിനുള്ള ശക്തി ഉണ്ടായിരുന്നില്ല. മുറിവേറ്റു കിടക്കുന്ന അവനെ കാണാൻ എനിക്ക് കഴിയുമായിരുന്നില്ല. എല്ലാവർക്കും അവനെ അത്രയേറെ ഇഷ്ടമായതുകൊണ്ടാകണം ഇത്രയധികം ദുരൂഹതകളും. #missubalu
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Balabhaskar, Balabhaskar accident, Balabhaskar accident case, Balabhaskar death, Balabhaskar death case, Balabhaskar musician, Balabhaskar violinist