നാട്ടു നാട്ടിവിലൂടെ ഇന്ത്യയിൽ ഓസ്കാർ എത്തിയതോടെ പ്രശസ്തിയുടെ കൊടുമുടിയിലാണ് ചിത്രത്തിലെ പ്രധാന താരങ്ങളായ രാംചരണും ജൂനിയർ എൻടിആറും. രാജമൗലി സംവിധാനം ചെയ്ത ആർആർആറിനു ശേഷം ജൂനിയർ എൻടിആറിന്റെ മറ്റൊരു വമ്പൻ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഇതിനിടയിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള താരത്തിന്റെ പ്രതികരണം വന്നത്. വിശ്വക് സെൻ ചിത്രം ദസ് കാ ധംകിയുടെ പ്രീ റിലീസ് ചടങ്ങിനിടെയായിരുന്നു ഇത്. ഹൈദരാബാദിലായിരുന്നു ചടങ്ങ് നടന്നത്.
ഓസ്കാർ നേടിയതിനു ശേഷം ഹൈദരബാദിലേക്ക് തിരിച്ചെത്തിയ ജൂനിയർ എൻടിആർ പങ്കെടുക്കുന്ന പരിപാടിയിൽ നിരവധി ആരാധകരും എത്തിയിരുന്നു. വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.
“ഞാൻ ഇപ്പോൾ സിനിമകളൊന്നും ചെയ്യുന്നില്ല, നിങ്ങൾ വീണ്ടും വീണ്ടും ചോദിച്ചാൽ സിനിമ ചെയ്യുന്നത് ഞാൻ നിർത്തും”. പ്രിയപ്പെട്ട താരത്തിന്റെ മറുപടി കേട്ട് ആരാധകർ ഒരുനിമിഷം അമ്പരന്നു.
പിന്നെ ചിരിച്ചു കൊണ്ട് ജൂനിയർ എൻടിആറിന്റെ മറുപടിയും വന്നു. ഉടനൊന്നും സിനിമകൾ നിർത്താൻ തനിക്ക് പദ്ധതിയില്ല. ഇതോടെയാണ് താരത്തിന്റെ തമാശ ആരാധകർക്കും പിടികിട്ടിയത്.
തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ജൂനിയർ എൻടിആർ. ആർആർആറിനു ശേഷം താരത്തിന്റെ ഒരുപിടി ബിഗ് ബജറ്റ് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയം കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ബോളിവുഡ് താരം ജാൻവി കപൂറാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. ജാൻവിയുടെ ആദ്യ തെന്നിന്ത്യൻ സിനിമയാണിത്. അടുത്ത വർഷം ഏപ്രിൽ 5 നാണ് ചിത്രം പുറത്തിറങ്ങുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.