റിഷബ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായ കാന്താരയെ പ്രശംസിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്ഹാസന്. 2022ല്‍ കണ്ട സിനിമകളില്‍ തന്നെ ഏറ്റവും ആകര്‍ഷിച്ച ചിത്രമാണ് കാന്താര എന്നാണ് അദ്ദേഹം പറഞ്ഞത്.ഫിലിം കംപാനിയന് നല്കിയ അഭിമുഖത്തിലാണ് കാന്താരയെപ്പറ്റിയുള്ള തന്റെ അഭിപ്രായം കമല്ഹാസന് തുറന്നുപറഞ്ഞത്.
‘കാന്താര ഏറ്റവും മികച്ച ഒരു ഉദാഹരണമാണ്. ഞാനും കന്നഡ സിനിമാ മേഖലയുടെ ഭാഗമാണ്. അതില്‍ ഞാനിന്ന് അഭിമാനിക്കുന്നു. ഒണ്ടാനൊണ്ട് കാലദല്ലി, വംശവ്യക്ഷ, കാട് തുടങ്ങിയ ചിത്രങ്ങള്‍ ആരാധകര്‍ക്ക് നല്കിയ കന്നഡ മണ്ണില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്ന നിരവധി പേര് ഇന്ന് മുന്നോട്ടുവന്നുകൊണ്ടിരിക്കുകയാണ്. ആ പഴയകാലം തിരിച്ചുവരികയാണെന്നാണ് എനിക്ക് തോന്നുന്നത്,’ കമല്ഹാസന് പറഞ്ഞു.
അതേസമയം കമല്‍ഹാസന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് റിഷബ് ഷെട്ടിയും രംഗത്തെത്തിയിരുന്നു.എന്നാല്‍ ഇതാദ്യമായല്ല കാന്താരയെ പ്രശംസിച്ച് സൂപ്പര്‍ താരങ്ങള്‍ രംഗത്തെത്തുന്നത്. നേരത്തെ ബോളിവുഡ് താരം ഹൃത്വിക് റോഷനും ചിത്രത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. തന്നെ വളരെയധികം ആകര്‍ഷിച്ച ചിത്രമാണ് കാന്താരയെന്നും ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ വളരെ ഗംഭീരമായിട്ടുണ്ടെന്നുമാണ് ഹൃത്വിക് പറഞ്ഞത്.
Also read-വിഴിഞ്ഞത്ത് ‘തിമിംഗലവേട്ട’ ആരംഭിക്കുന്നു; വേട്ടയ്ക്കിറങ്ങുന്നത് മലയാളത്തിന്റെ പ്രിയ താരങ്ങൾ
‘ഒരുപാട് കാര്യങ്ങള്‍ കാന്താര കണ്ടതിലൂടെ പഠിച്ചു. റിഷബിന്റെ അസാധാരണ ബോധ്യം സിനിമയെ മികച്ചതാക്കുന്നു. ആരെയും ആകര്‍ഷിക്കുന്ന കഥപറച്ചില്‍ രീതി, അഭിനയം, സംവിധാനം, അസാധാരണ ക്ലൈമാക്സ്. ശരിക്കും രോമാഞ്ചമുണ്ടാക്കുന്ന സിനിമയാണ് ഇത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് എന്റെ ആശംസകള്‍,’ എന്നായിരുന്നു ഹൃത്വിക് ട്വീറ്റ് ചെയ്തത്. ഹൃത്വിക്കിന് നന്ദി അറിയിച്ച് ഋഷഭ് ഷെട്ടി എത്തിയിരുന്നു.ഹൃത്വികിനെ കൂടാതെ ധനുഷ് , പ്രഭാസ്, അനുഷ്ക ഷെട്ടി, സിദ്ധാര്‍ത്ഥ് ചതുര്‍വേദി, ശില്‍പ്പ ഷെട്ടി എന്നിവരും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത കാന്താര ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30നാണ് കന്നഡയില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ റിലീസ് ഒക്ടോബര്‍ 14ന് ആയിരുന്നു. ഹിന്ദി പതിപ്പ് ആഴ്ചകള്‍ കൊണ്ട് തന്നെ നിരവധി ബോളിവുഡ് റിലീസുകളെ കടത്തി വെട്ടി.
മലയാളം ഉള്‍പ്പടെ വിവിധ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. മലയാളത്തില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം വിതരണത്തിനെത്തിച്ചത്.
Also read-സീതയായി സായ് പല്ലവി; ബോളീവുഡിൽ വീണ്ടും രാമയണം ഒരുങ്ങുന്നു
ബോക്സ് ഓഫീസില്‍ ഏകദേശം 450 കോടി നേടിയ ചിത്രം ഈ വര്‍ഷം പുറത്തിറക്കിയ ചിത്രങ്ങളില്‍ ഏറ്റവുമധികം വിജയം നേടിയ സിനിമ എന്ന റെക്കോര്‍ഡും കരസ്ഥമാക്കിയിരുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും റിഷബ് ഷെട്ടി തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂരും ചാലുവേ ഗൗഡയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോള്‍ ചിത്രം ഒടിടിയിലും റിലീസ് ചെയ്തിട്ടുണ്ട്. ഒടിടിയിലും മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്.
റിഷബ് ഷെട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സപ്തമി ഗൗഡ, കിഷോര്‍ കുമാര്‍ ജി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.