മുംബൈ:
മഹാരാഷ്ട്ര സർക്കാരുമായുള്ള ബോളിവുഡ് താരം
കങ്കണ റണൗട്ടിന്റെ തുറന്നയുദ്ധം തുടരുകയാണ്. വെള്ളിയാഴ്ച കോൺഗ്രസ് അധ്യക്ഷ
സോണിയ ഗാന്ധിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കങ്കണ. കോണ്‍ഗ്രസിന്റെ പിന്തുണയുള്ള മഹാരാഷ്ട്ര സർക്കാർ മുംബൈയിലെ കങ്കണയുടെ കെട്ടിടം പൊളിച്ച സംഭവത്തിൽ സോണിയ പ്രതികരിക്കാത്തതിനെയാണ് കങ്കണ വിമർശിച്ചിരിക്കുന്നത്.
സോണിയയുടെ മൗനത്തേയും നിസ്സംഗതയെയും ചരിത്രം വിലയിരുത്തുമെന്ന് കങ്കണ ട്വിറ്ററിൽ കുറിച്ചു. തന്റെ നേര്‍ക്കുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ പെരുമാറ്റത്തില്‍ സ്ത്രീയെന്ന നിലയില്‍ ഒട്ടും മനോവിഷമം തോന്നുന്നില്ലേയെന്നും കങ്കണ ചോദിച്ചിരിക്കുന്നു.
പാശ്ചാത്യ രാജ്യത്ത് വളര്‍ന്ന് ഇന്ത്യയില്‍ ജീവിക്കുന്ന സോണിയ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് അറിയണമെന്നും കങ്കണ പറഞ്ഞു. വിഷയത്തിൽ സോണിയ ഗാന്ധി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും കങ്കണ വ്യക്തമാക്കി.
'പ്രിയപ്പെട്ട ബഹുമാന്യ സോണിയാജി, എന്നോടുള്ള നിങ്ങളുടെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ പെരുമാറ്റത്തില്‍ സ്ത്രീയെന്ന നിലയില്‍ നിങ്ങള്‍ക്ക് ഒട്ടും മനോവിഷമം തോന്നുന്നില്ലേ? ഡോക്ടര്‍ ബി.ആര്. അംബേദ്കര്‍ നമുക്ക് നല്കിയ ഭരണഘടനയിലെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് നിങ്ങളുടെ സര്‍ക്കാരിനോട് ആവശ്യപ്പെടില്ലേ?.' കങ്കണ ട്വീറ്റ് ചെയ്തു.
'പാശ്ചാത്യ രാജ്യത്ത് വളര്‍ന്ന് ഇന്ത്യയില്‍ ജീവിക്കുകയാണ് നിങ്ങൾ. നിങ്ങള്‍ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് ബോധവതിയാകണം. നിങ്ങളുടെ സ്വന്തം സര്‍ക്കാര്‍ തന്നെ സ്ത്രീകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും നീതിന്യായവ്യവസ്ഥയെ പരിഹസിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ പാലിക്കുന്ന മൗനത്തേയും അനാസ്ഥയേയും ചരിത്രം തീര്‍ച്ചയായും വിലയിരുത്തും. നിങ്ങള്‍ വിഷയത്തില്‍ ഇടപെടുമെന്നാണ് പ്രതീക്ഷ'. കങ്കണ മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി.
ബോളിവുഡ് താരം
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മഹാരാഷ്ട്ര സർക്കാരിനെതിരെ കങ്കണ നടത്തിയ പരാമർശമാണ് എല്ലാത്തിനും തുടക്കം. മുംബൈയെ പാക് അധീന കശ്മീരിനോട് കങ്കണ ഉപമിച്ചു. ഇതിനു പിന്നാലെ മുംബൈയിലെ കങ്കണയുടെ കെട്ടിടം മുനിസിപ്പൽ കോർപ്പറേഷൻ പൊളിച്ചു തുടങ്ങി. ഇത് കോടതി തടഞ്ഞിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.