ന്യൂഡൽഹി: വരാഹരൂപം എന്ന ഗാനം ഉൾപ്പെടുത്തി കാന്താര സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. എന്നാൽ പകർപ്പവാകാശം ലംഘിച്ചാണ് പാട്ടുപയോഗിച്ചതെന്ന കേസിൽ പ്രതികളായ കാന്താര സിനിമയുടെ നിർമാതാവ് വിജയ് കിർഗന്ദൂർ സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർക്ക് എതിരായ അന്വേഷണം തുടരാൻ സുപ്രീം കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുമതി നൽകി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
Related News- Varaha Roopam | കാന്താരയിലെ ‘വരാഹ രൂപം’ ഗാനത്തിനു മേൽ ഹൈക്കോടതിയുടെ വിലക്ക്
ഇരുവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഫെബ്രുവരി 12,13 തീയതികളിൽ ഹാജരാവുക ആണെങ്കിൽ അറസ്റ്റ് ചെയ്ത് ഉടൻ ജാമ്യത്തിൽ വിടണമെന്നും സുപ്രീം കോടതി നിർദേശിച്ചു. പകർപ്പവകാശം ലംഘിച്ചാണ് പാട്ടുപയോഗിച്ചതെന്ന കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ വ്യവസ്ഥകളിലാണ് വരാഹരൂപം എന്ന പാട്ടുൾപ്പെടുത്തിയുള്ള സിനിമയുടെ പ്രദർശനം ഹൈക്കോടതി തടഞ്ഞത്. ഇതിനെതിരായ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.
പകർപ്പവകാശം സംബന്ധിച്ച കേസിൽ മുൻകൂർ ജാമ്യ വ്യവസ്ഥ വിധിച്ച ഹൈക്കോടതി നടപടിയെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. തൈക്കൂടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ ‘നവരസം’ എന്ന ഗാനത്തിന്റെ പകർപ്പാണ് ‘വരാഹരൂപം’ എന്ന ഗാനം എന്ന പരാതിയിൽ കോഴിക്കോട് ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. പകർപ്പവകാശം ലംഘിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജികളിൽ അന്തിമ ഉത്തരവോ ഇടക്കാല ഉത്തരവോ ഉണ്ടാകുന്നതുവരെയാണ് വരാഹരൂപം എന്ന പാട്ടുൾപ്പെടുത്തി സിനിമ പ്രദർശി പ്പിക്കുന്നത് ഹൈക്കോടതി വിലക്കിയിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.