കശ്മീരിലെ (Kashmir) ആദ്യ മൾട്ടിപ്ലക്സ് തിയേറ്റർ (Multiplex Theater) ഇന്ന് പ്രവർത്തനം ആരംഭിച്ചു. ഐനോക്സാണ് (INOX) കശ്മീർ താഴ്വരയിൽ ആദ്യ മൾട്ടിപ്ലക്സ് തിയേറ്റർ നിർമ്മിച്ചിരിക്കുന്നത്. ജമ്മു കശ്മീർ ഗവർണർ മനോജ് സിൻഹ തിയേറ്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശ്രീനഗറിലെ ബദാമി ബാഗ് കന്റോൺമെന്റിന് സമീപമുള്ള ശിവപോറയിലാണ് തിയേറ്ററുള്ളത്. മൂന്ന് സിനിമാ തിയേറ്ററുകളിലായി ആകെ 520 സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ആമിർ ഖാൻ-കരീന കപൂർ ചിത്രമായ ലാൽ സിംഗ് ഛദ്ദ ആണ് ഇവിടെ പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം.
“ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ സ്വപ്നമാണ്, അത് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു,” മൾട്ടിപ്ലക്‌സിന്റെ ഉടമയായ കശ്മീരി പണ്ഡിറ്റ് വികാസ് ധർ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ഉദ്ഘാടന ശേഷം സാധാരണ രീതിയിൽ ഷോകൾ സെപ്റ്റംബർ 30 മുതൽ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീരിലെ സിനിമാ ചരിത്രത്തിന് ഒരു പുതിയ വഴിത്തിരിവാകും ആദ്യ മൾട്ടിപ്ലക്സ് ആരംഭിക്കുന്നതോടെ തുറക്കുക.
J&K LG Manoj Sinha inaugurates Kashmir's first multiplex in Srinagar.
With this inauguration, Kashmiris will get a chance to see movies on the big screen after more than three decades. pic.twitter.com/iShdUAdoPB
— ANI (@ANI) September 20, 2022
കശ്മീരിൽ ഇതുവരെ മൾട്ടിപ്ലക്സുകൾ ആരംഭിക്കാത്തത് എന്തുകൊണ്ട്?
ഇന്ത്യയിലെ ആദ്യത്തെ മൾട്ടിപ്ലക്‌സ് 1997ൽ ഡൽഹിയിലാണ് ആരംഭിച്ചത്. എന്നാൽ 25 വർഷങ്ങൾക്ക് ശേഷമാണ് കശ്മീരിൽ ഒരു മൾട്ടിപ്ലക്സ് തുറക്കുന്നത്. മൾട്ടിപ്ലക്‌സ് എന്നല്ല, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ജമ്മു കശ്മീരിൽ ഒരു സാധാരണ സിനിമാ തിയേറ്റർ പോലും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.
80കളുടെ അവസാനത്തിലും 90കളിലും താഴ്‌വര തീവ്രവാദത്തിന്റെ പിടിയിലമർന്നതോടെ തിയേറ്ററുകളും മറ്റും അടച്ചുപൂട്ടേണ്ടി വന്നതാണ് ഇതിന് കാരണം.
തിയേറ്ററുകൾ അടച്ചുപൂട്ടിയത് എന്തുകൊണ്ട്?
താഴ്‌വരയിൽ തീവ്രവാദ പ്രവർത്തനങ്ങൾ രൂക്ഷമായതോടെ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ടത് സിനിമാ തിയേറ്ററുകൾക്കായിരുന്നു. 1989 ഓഗസ്റ്റിൽ, എയർ മാർഷൽ നൂർ ഖാന്റെ നേതൃത്വത്തിലുള്ള തീവ്രവാദ ഗ്രൂപ്പായ അള്ളാ ടൈഗേഴ്‌സ് (ഇപ്പോൾ പ്രവർത്തനരഹിതമാണ്) പ്രാദേശിക പത്രങ്ങൾ വഴി പ്രദേശത്തെ തിയേറ്ററുകൾക്കും ബാറുകൾക്കും നിരോധനം പ്രഖ്യാപിച്ചു. ഇസ്ലാമിക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത തീവ്രവാദികൾ സിനിമകളെ "ഇസ്ലാം വിരുദ്ധം" എന്ന് മുദ്രകുത്തി. ആദ്യം, നാട്ടുകാർ ഈ പ്രഖ്യാപനത്തെ നിസ്സാരമായാണ് കണ്ടതെങ്കിലും പിന്നീട് തീവ്രവാദികളുടെ ഭീഷണി വർദ്ധിച്ചു വന്നു. അവർ ചില തിയേറ്ററുകൾക്ക് തീയിട്ടു. 1989 ഡിസംബർ 31 ഓടെ കശ്മീരിലെ എല്ലാ സിനിമാ തിയേറ്ററുകളും അടച്ചുപൂട്ടി.
പിന്നീട് തിയേറ്ററുകൾ വീണ്ടും തുറക്കാൻ ശ്രമങ്ങൾ നടന്നോ?
1999-ൽ ഫറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സിനിമാ തിയേറ്ററുകളായ - റീഗൽ, നീലം, ബ്രോഡ്‌വേ എന്നിവയിൽ സിനിമകൾ പ്രദർശിപ്പിക്കാൻ അനുമതി നൽകി കൊണ്ട് തിയേറ്ററുകൾ വീണ്ടും തുറക്കാൻ ശ്രമിച്ചു. എന്നാൽ, റീഗലിൽ നടന്ന ആദ്യ ഷോയ്ക്കിടെ തീവ്രവാദി ആക്രമണമുണ്ടായി. ഒരാൾ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ തിയേറ്ററുകൾ വീണ്ടും അടച്ചു പൂട്ടി.
പതിറ്റാണ്ടുകൾക്ക് ശേഷം 2017ൽ, സൗദി അറേബ്യ സിനിമാ തിയേറ്ററുകൾക്ക് ഏർപ്പെടുത്തിയിരുന്ന പഴയ നിരോധനം നീക്കിയതോടെ കശ്മീരിലെ തിയേറ്ററുകൾ വീണ്ടും തുറക്കാൻ ചില ശ്രമങ്ങൾ നടന്നു. പിഡിപി - ബിജെപി സർക്കാർ ഇതിനായി മുന്നിട്ടിറങ്ങി. “തീവ്രവാദികളുടെ വിലക്ക് കാരണം ഇന്ന് ശ്രീനഗറിൽ താമസിക്കുന്ന ചെറുപ്പക്കാർക്ക് സിനിമാ തിയേറ്ററുകളിൽ ഇരുന്ന് സിനിമ കാണുന്നതിന്റെ രസം അറിയില്ല. ജമ്മു കശ്മീരിലെ വിദ്യാർത്ഥികൾക്ക് വളരെ സന്തോഷം നൽകുന്ന ഒന്ന് നഷ്ടപ്പെട്ടു”അന്നത്തെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. എന്നാൽ സർക്കാരിന്റെ ഈ നീക്കത്തെ പ്രദേശത്തെ വിഘടനവാദികൾ എതിർത്തു. ഇതോടെ തിയേറ്ററുകൾ തുറക്കാനുള്ള ശ്രമങ്ങൾ വീണ്ടും പരാജയപ്പെട്ടു.
ഒരു വർഷത്തിനുശേഷം, 2018-ൽ, ശ്രീനഗറിലെ കന്റോൺമെന്റ് ഏരിയകളിൽ മൾട്ടിപ്ലക്‌സ് നിർമ്മിക്കാൻ സർക്കാർ അനുമതി നൽകി. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ ഈ അനുമതി കാലഹരണപ്പെട്ടതായി ദി സ്റ്റേറ്റ്സ്മാൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.
തിയേറ്ററുകൾക്ക് സംഭവിച്ചത് എന്ത്?
1932-ൽ ലാൽ ചൗക്കിലാണ് ഭായ് അനന്ത് സിംഗ് ഗൗരി കാശ്മീരിലെ ആദ്യത്തെ സിനിമാ തിയേറ്റർ നിർമ്മിച്ചത്. കശ്മീർ ടാക്കീസ് എന്നറിയപ്പെട്ടിരുന്ന ഈ തിയേറ്ററിന്റെ പേര് പിന്നീട് പല്ലാഡിയം എന്നാക്കി മാറ്റിയിരുന്നു. ചരിത്ര പ്രാധാന്യമുള്ള ഈ തിയേറ്റർ ഇന്ന് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് പോസ്റ്റ് ആണ്.
1980-കളിൽ കശ്മീരിൽ ഏകദേശം 15 സിനിമാ തിയേറ്ററുകളുണ്ടായിരുന്നു. അതിൽ ഒമ്പത് എണ്ണം ശ്രീനഗറിലാണ് പ്രവർത്തിച്ചിരുന്നത്. ബ്രോഡ്‌വേ, റീഗൽ, നീലം, നാസ്, ഖയാം, ഷെറാസ് എന്നിവയായിരുന്നു നഗരത്തിലെ പ്രധാന തിയേറ്ററുകളിൽ ചിലത്.
വർഷങ്ങളോളം പ്രവർത്തിക്കാത്തതിനെ തുടർന്ന് ഇവയിൽ പല കെട്ടിടങ്ങളും നശിച്ച് പോകുകയും ചിലത് നിലംപൊത്തുകയും ചെയ്തു. ഒരു കാലത്ത് ഷോലെ പോലുള്ള സിനിമകളുടെ പ്രീമിയറുകൾ പ്രദർശിപ്പിച്ചിരുന്ന ശ്രീനഗറിലെ പ്രശസ്തമായ തിയേറ്ററായ ഫിർദൗസിന് ചുറ്റും മുള്ളുവേലി കെട്ടുകയും ബങ്കറുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നതായി "സൈലന്റ് സിനിമാസ് ഓഫ് കാശ്മീർ" എന്ന ലേഖനത്തിൽ റിപ്പോർട്ടർ ഫൈസുൽ യാസീൻ കുറിച്ചിരുന്നു.
കശ്മീരികൾ സിനിമ കാണുന്നത് എങ്ങനെ?
സിനിമ തിയേറ്ററിൽ ഇതുവരെ പോയിട്ടില്ലാത്തവരാണ് താഴ്‌വരയിൽ വളർന്നു വന്ന ഒരു തലമുറ. കശ്മീരിൽ നിന്ന് ഏറ്റവും അടുത്ത് സിനിമാ തിയേറ്ററുള്ളത് 300 കിലോമീറ്റർ അകലെയുള്ള ജമ്മുവിലാണ്.
ഡിവിഡികളും പെൻഡ്രൈവുകളും ഇന്റർനെറ്റും ഉപയോഗിച്ച്, പ്രദേശവാസികൾ ചെറിയ സ്ക്രീനുകളിൽ സിനിമ കണ്ടിരിക്കാം. എന്നാൽ സമീപ വർഷങ്ങളിൽ മറ്റ് ചില പ്രധാന മാറ്റങ്ങളുണ്ടായി.
2015-ൽ, കശ്മീർ വേൾഡ് ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു. അത് ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരെയും സിനിമാ പ്രേമികളെയും ഒരുപോലെ ആകർഷിച്ചു. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ, 2021 ഒക്ടോബറിൽ, കശ്മീരിലെ ദാൽ തടാകത്തിന് സമീപം ഒരു ഓപ്പൺ എയർ ഫ്ലോട്ടിംഗ് തിയേറ്റർ ആരംഭിച്ചു. ഈ വർഷം, ജമ്മു കശ്മീർ ഭരണകൂടം ജൂൺ 15 മുതൽ ജൂൺ 20 വരെ ശ്രീനഗറിൽ ആദ്യമായി ദേശീയ ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരുന്നു. പുതിയ മൾട്ടിപ്ലക്‌സ് തുറക്കുന്നതോടെ കൂടുതൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.
കൂടുതൽ മൾട്ടിപ്ലക്സുകൾ ആരംഭിക്കുമോ?
എൻഡിടിവി റിപ്പോർട്ട് പ്രകാരം ഞായറാഴ്ച, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ദക്ഷിണ കശ്മീരിലെ ജില്ലകളായ പുൽവാമയിലും ഷോപ്പിയാനിലും ഓരോ മൾട്ടി പർപ്പസ് സിനിമാ ഹാൾ ഉദ്ഘാടനം ചെയ്തതായാണ് വിവരം. അനന്ത്നാഗ്, ശ്രീനഗർ, ബന്ദിപോറ, ഗന്ദർബാൽ, ദോഡ, രജൗരി, പൂഞ്ച്, കിഷ്ത്വാർ, റിയാസി എന്നിവിടങ്ങളിലെ സിനിമാ ഹാളുകൾ ഉടൻ ഉദ്ഘാടനം ചെയ്യുമെന്ന് സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു.
ഇനി കശ്മീർ താഴ്വരയിലെ വെള്ളിയാഴ്ച്ചകൾ ഒരിക്കലും പഴയതു പോലെയാകില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jammu and kashmir, Multiplexe