മൂന്നാമത് കാഴ്ച്ച നിവ് ഇൻഡീ ഫിലിം ഫെസ്റ്റിവൽ ആറു മുതൽ ഒൻപത് വരെ ടാഗോർ തിയറ്ററിന് സമീപത്തുള്ള ലെനിൻ ബാലവാടിയിൽ നടക്കും. ഒരു രൂപ മുടക്കി ഡെലിഗേറ്റായ് രജിസ്റ്റർ ചെയ്‌താൽ മുഴുവൻ ചിത്രങ്ങളും കാണാം. പന്ത്രണ്ട് ചിത്രങ്ങളാണ് മത്സരത്തിനുള്ളത്. ആദ്യ ചിത്രമായ് തെരഞ്ഞെടുത്തിരിക്കുന്നത് സജിൻ ബാബുവിന്റെ ബിരിയാണിയാണ്.
അതിശക്തമായ് മതത്തിന്റെയും ശരീരത്തിന്റെയും രാഷ്ട്രീയം അവതരിപ്പിക്കുന്ന ചിത്രമാണ് ബിരിയാണി. അടൂർ ഗോപാലകൃഷ്ണനുശേഷം റോം ഫിലിം ഫെസ്റ്റിവലിൽ നെറ്റ്പാക്ക് അവാർഡ് നേടിയ ഈ ചിത്രത്തിൽ കനി കുസൃതിയാണ് പ്രധാന വേഷം ചെയ്യുന്നത്. നടേശ് ഹെഗ്‌ഡെയുടെ ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചാണ് ചലച്ചിത്ര മേള ഔപചാരികമായ് ഉദ്ഘാടനം ചെയ്യുന്നത്.
ഈ വർഷത്തെ ഗോവ ഫിലിം ബസാറിൽ തന്റെ ആദ്യ ചിത്രമായ പെട്രോയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നടേശ് ഹെഗ്‌ഡെ എന്ന ഇരുപത്തിനാലുകാരൻ. മത്സരത്തിലുള്ള ചിത്രങ്ങളിൽ ഭാസ്കർ ഹസാരികയുടെ ആസാമീസ് ചിത്രമായ ആമീസ് ഫെയ്‌സ് ബുക്കിന്റെ ഡി ഐ അവാർഡ് നേടിയ ചിത്രമാണ്. ദിവസവും ഉള്ള പ്രദർശനങ്ങൾക്ക് ഒപ്പം കഥാ ലീലാ, പാട്ടു വർത്താനം, സിനിമാ പാട്ട്, പാട്ടും പാവക്കൂത്തും മറ്റു സാംസ്കാരിക കലാപരിപാടികളും ചലച്ചിത്ര സാംസ്കാരിക വിദഗ്ധർ നയിക്കുന്ന ചർച്ചകൾ എന്നിവയുമുണ്ടാകും. രാത്രി ഒൻപതുമുതൽ സമകാലിക വിഷയങ്ങളും ചലച്ചിത്രവും ചേർന്ന ബ്രിഡ്ജ് എന്ന പരിപാടി.
സ്പോട്ട് രജിസ്‌ട്രേഷൻ ഫെസ്റ്റിവൽ ഓഫീസിൽ രാവിലെ 8 മുതൽ ആരംഭിക്കുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ജിജു ആന്റണി, കാഴ്ച സൊസൈറ്റി പ്രസിഡന്റ് സുജിത് കോയിക്കൽ, ഫെസ്റ്റിവൽ കോർഡിനേറ്റർ സി പി ദിനേശ് എന്നിവർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.