താരസംഘടനയായ AMMA ക്ലബ്ബാണെന്ന ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരമാര്‍ശത്തെ തുടര്‍ന്നുണ്ടായ വാദങ്ങളില്‍ പ്രതികരിച്ച് നടനും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍. സംഘടന ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല, താരസംഘടന ക്ലബ് ആണെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതെന്തിനെന്ന് ഇടവേളബാബു പറയണം. ആരെ രക്ഷിക്കാൻ വേണ്ടിയാണ് അത്തരമൊരു പ്രസ്താവന നടത്തിയത്. ക്ലബ്ബിന്റെ ഇംഗ്ലീഷ് അർത്ഥം പഠിക്കുന്നതിന് മുമ്പ് അതിജീവിതയുടെ ചോദ്യത്തിനുത്തരം പറയാൻ ബാബു തയ്യാറാവട്ടെ എന്നും ഗണേഷ് ആവശ്യപ്പെട്ടു.
ഇടവേള ബാബു അമ്മ സംഘടന ക്ലബെന്നു പറഞ്ഞപ്പോൾ മോഹൻലാൽ തിരുത്തേണ്ടതായിരുന്നു.’’ ഇക്കാര്യങ്ങൾ ചോദിച്ച് മോഹന്‍ലാലിന് കത്തു നൽകുമെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. സംഘടന ക്ലബ്ബാണെന്ന് മോഹന്‍ലാല്‍ സമ്മതിച്ചാല്‍ താന്‍ അമ്മയില്‍ നിന്ന് രാജിവെക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
Also Read- 'ചീട്ടു കളിക്കുവാനും, മദ്യപിക്കുവാനുമുള്ള വേദിയായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല'; AMMA ഒരു ക്ലബ്ബ് തന്നെയല്ലേ ?; ഇടവേള ബാബു
ഇടവേള ബാബുവിനെ ചലച്ചിത്ര വികസന കോർപ്പറേഷൻ വൈസ് ചെയർമാൻ ആക്കിയ താനാണ്, അമ്മ ചാരിറ്റബിൾ സൊസൈറ്റി ആണെന്ന് തന്നെ ഇടവേള ബാബു പഠിപ്പിക്കേണ്ട, സംഘടന ചാരിറ്റബിൾ സൊസൈറ്റി ആയി രജിസ്റ്റർ ചെയ്തത് താനാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ആരോപണ വിധേയനൊപ്പം ഇടവേള ബാബു ദുബായില്‍ പോയി എന്ന തന്റെ ആരോപണത്തിന് മറുപടി നല്‍കിയില്ല, അമ്മ ആരോപണവിധേയനൊപ്പം നിൽക്കാതെ അതിജീവിതക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read- AMMA ക്ലബ്ബ് അല്ല, ചാരിറ്റബിൾ സൊസൈറ്റി; വ്യത്യാസമുണ്ടായിട്ടുണ്ടെങ്കിൽ മോഹൻലാൽ വ്യക്തമാക്കട്ടെ: ഗണേഷ് കുമാർ
ബിനീഷ് കോടിയേരിയുടെ കേസ് വിജയ് ബാബുവിന്റേതുപോലുള്ള കേസല്ല. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റാരോപണമാണ് ബിനീഷിനെതിരെയുള്ളത്. വിജയ് ബാബുവിന്റേത് മാനഭംഗക്കേസാണ്. . ബിനീഷ് കോടിയേരി ക്കെതിരായ നടപടി ചർച്ച ചെയ്ത യോഗത്തിൽ താൻ പങ്കെടുത്തില്ല പിന്നെ എങ്ങനെ എതിര്‍ക്കുമെന്നും ഗണേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതിജീവിതയായ പെൺകുട്ടിക്കുവേണ്ടിയാണ് നമ്മൾ സംസാരിച്ചത്. അതിന് ബാബു മറുപടി പറഞ്ഞിട്ടില്ല. ഇടവേള ബാബുവിന്റെ പോസ്റ്റിൽ അദ്ദേഹം എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചിരിക്കുകയാണ്. അത്രയും പരിജ്ഞാനമുള്ള പ്രൊഫസറൊന്നുമല്ല ഞാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജഗതി ശ്രീകുമാറിന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചത് ശരിയായില്ല. ആരോഗ്യപരമായ പ്രശ്നങ്ങളേത്തുടർന്ന് ഒരിടത്തിരിക്കുമ്പോൾ ആരും ഓർക്കാത്ത ഒരു വിഷയം ഇതിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്നത് ഒട്ടും ശരിയായില്ല. ജഗതി ശ്രീകുമാറിനെ അദ്ദേഹത്തിന്റെ കേസിൽ നിന്ന് കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്. അദ്ദേഹം ഒരു വലിയ നടനാണ്. അതൊക്കെ നടക്കുമ്പോൾ ഇടവേള ബാബു അമ്മയുടെ കമ്മിറ്റിയിലൊന്നുമില്ലെന്നും ഗണേഷ് വിമര്‍ശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.