പത്തനംതിട്ട∙ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘സ്വയംവരം’ സിനിമയുടെ അൻപതാം വാർഷികം ആഘോഷിക്കാൻ ജില്ലയിലെ പഞ്ചായത്തുകൾ 5000 രൂപ വരെ വീതം തനതു ഫണ്ടിൽ നിന്നു നൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ്. 53 പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. വാർഷികാഘോഷ സമിതി കൺവീനറുടെ അപേക്ഷ പരിഗണിച്ചാണു സർക്കാർ നടപടിയെന്നും ഉത്തരവിൽ പറയുന്നു.
സ്വയംവരത്തിന്റെ അൻപതാം വാർഷികം വിപുലമായി ആഘോഷിക്കാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനായി സംഘാടക സമിതിയെയും രൂപീകരിച്ചിരുന്നു. സംഘാടക സമിതിയാണ് സർക്കാരിനോടു പണപ്പിരിവിന് അനുമതി തേടിയത്. ഇതിനു അനുമതി നൽകിക്കൊണ്ടാണ് തദ്ദേശ വകുപ്പിന്റെ ഉത്തരവ്.
തനതു ഫണ്ടിൽ നിന്നു പണം നൽകണമെങ്കിൽ പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്ത് അനുമതി നൽകണമെന്നതിനാൽ എത്ര പഞ്ചായത്തുകൾ പണം നൽകാൻ മുന്നോട്ടു വരുമെന്നു വ്യക്തമല്ല. സ്വയംവരം സിനിമയുടെ 50–ാം വാർഷികാഘോഷ പരിപാടി അടൂരിലാണു നടക്കുക. ശുചിത്വ മിഷൻ കോൺക്ലേവിന് 25,000 രൂപ വരെ വരെ പഞ്ചായത്തുകൾ നൽകണമെന്ന ഉത്തരവിനു തൊട്ടുപിന്നാലെയാണു സിനിമയുടെ വാർഷികത്തിനും പണം നൽകണമെന്ന് നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.