തിരുവനന്തപുരം: പതിവ് വേദിയായ കൈരളി തിയേറ്റർ കോംപ്ളക്സിൽ നിന്ന് ഏരീസ് പ്ലസിലേയ്ക്കാണ് ഇത്തവണ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേള (IDSFFK) മാറ്റിയത്. മേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ചലച്ചിത്ര അക്കാദമി അറിയിച്ചു. ഏരീസ് പ്‌ളക്‌സ് എസ്.എൽ തിയേറ്ററിലെ ഓഡി 1, 4, 5, 6 എന്നിവിടങ്ങളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ഡിസംബർ 9 ന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. ഏരീസ് പ്‌ളക്‌സ് എസ്.എൽ തിയേറ്ററിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ആന്റണി രാജു, വി.എൻ. വാസവൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ഉദ്ഘാടന ചിത്രമായ 'ബെയ്റൂട്ട് ഐ ഓഫ് ദ് സ്റ്റോം പ്രദർശിപ്പിക്കും.
കോവിഡ് കാലത്തെ അതിജീവനം പ്രമേയമാക്കിയ പത്ത് പ്രത്യേക ചിത്രങ്ങൾ ഉൾപ്പടെ 220 സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. ലോങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, അന്താരാഷ്ട്ര ഷോർട്ട് ഫിക്ഷൻ, മത്സരേതര മലയാളം വിഭാഗം, ഹോമേജ് ,അനിമേഷൻ, മ്യൂസിക് വീഡിയോ തുടങ്ങിയ വിഭാഗങ്ങളിലായാണ് ചിത്രങ്ങളുടെ പ്രദർശനം. ലോങ് ഡോക്യുമെന്ററി വിഭാഗത്തിൽ സോണിയ ഫിലിന്റോ ഒരുക്കിയ ബ്രഡ് ആൻഡ് ബിലോങിങ്, സുവദ്രോ ചൗധരിയുടെ ക്ലോസ് ടു ബോർഡർ ,ആസാമീസ് ചിത്രം ഡെയ്‌സ് ഓഫ് സമ്മർ ,കീമത് ചുക്കാത്തി സിന്ദഗി,ബാണി സിങ്ങിന്റെ ലോങ്ങിങ്,അജയ് ബ്രാറിന്റെ ദി ഹിഡൻ വാർ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഫോക്കസ് ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ കുംഭ, മേക്കിങ് ഓഫ് മോസസ്, ഹരിപ്രിയ, എ പഫ് എന്നിവ ഉൾപ്പടെ 25 ചിത്രങ്ങളാണ് മേളയിലെത്തുക. അന്താരാഷ്ട്ര ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ 21 ചിത്രങ്ങളും മത്സരേതര മലയാളം വിഭാഗത്തിൽ 15 ചിത്രങ്ങളും പ്രദർശനത്തിനെത്തും. ഒരു തുടക്കത്തിന്റെ കഥ എന്ന മലയാളം ചിത്രം ഉൾപ്പടെ നാലു അനിമേഷൻ ചിത്രങ്ങളും മൂന്നു മ്യൂസിക്കൽ വീഡിയോകളും മേളയിലുണ്ട്.
Also Read-Pushpa trailer | മാസും പ്രണയവുമായി അല്ലു അർജുന്റെ 'പുഷ്പ' ട്രെയ്‌ലർ; ചിത്രം ഡിസംബർ 17ന്
പ്രമുഖ ക്യുറേറ്ററായ റഷീദ് ഇറാനി, സംവിധായിക സുമിത്ര ഭവേ എന്നിവരോടുള്ള ആദരസൂചകമായി ഇഫ് മെമ്മറീസ് സെർവ്സ് മീ റൈറ്റ് , എ പാരലൽ ജേർണി എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഫിക്ഷൻ, നോൺ ഫിക്ഷൻ വിഭാഗങ്ങളിലായി ദേശീയ മത്സരവും സംസ്ഥാനാടിസ്ഥാനത്തിൽ ക്യാമ്പസ് വിഭാഗ മത്സരവും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി ആയിരത്തിലധികം പ്രതിനിധികളും പ്രമുഖ മാധ്യമ പ്രവർത്തകനായ പി സായ്‌നാഥ്, രാജേഷ് രാജാമണി, ഇഫാത്ത് ഫാത്തിമ,പങ്കജ് ഋഷി കുമാർ എന്നിവർ ഉൾപ്പടെ നൂറോളം പ്രശസ്തർ മേളയുടെ ഭാഗമാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IDSFFK