സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ (Kerala State Film Awards) നാളെ പ്രഖ്യാപിക്കും. വൈകിട്ട് 5 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് (Saji Cherian) അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കുക. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ അന്തിമ ജൂറി ചിത്രങ്ങളെല്ലാം കണ്ട് വിലയിരുത്തി കഴിഞ്ഞു.
മലയാളത്തിലെ പ്രമുഖ നടന്മാരായ മമ്മൂട്ടിയും (Mammootty) മോഹന്‍ലാലും (Mohanlal) മക്കളായ ദുല്‍ഖര്‍ സല്‍മാനും (Dulquer Salmaan) പ്രണവ് മോഹന്‍ലാലിനുമൊപ്പം (Pranav Mohanlal) മികച്ച നടനുള്ള പുരസ്കാരത്തിനായി മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്.
വൺ, ദ പ്രീസ്റ്റ് എന്നിവയാണ് മമ്മൂട്ടിയുടെ മത്സര ചിത്രങ്ങൾ. ദൃശ്യം–2 ആണ് മോഹൻലാൽ ചിത്രം. നിധിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കാവൽ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയും ഇത്തവണ മത്സര രംഗത്തുണ്ട്.
ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമ്മൂട്, ഗുരു സോമസുന്ദരം എന്നിവരും നടന്മാരിൽ മത്സരിക്കാനുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ദിലീപ്, ബിജു മേനോൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ജോജു ജോർജ്, ചെമ്പൻ വിനോദ്, ആസിഫ് അലി, നിവിൻ പോളി, സൗബിൻ ഷാഹിർ, സണ്ണി വെയ്ൻ, അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങളും മാറ്റുരയ്ക്കും.
Also Read- കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് മിര്‍സ ജൂറി ചെയര്മാന്
റിലീസ് ചെയ്തത് മുതൽ ഏറെ ശ്രദ്ധനേടിയ റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’, വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ എന്നിവ മത്സരരംഗത്തുണ്ട്. ‘നിഷിദ്ധോ’,‘ആണ്’, ‘ഖെദ്ദ’, ‘അവനോവിലോന’, ‘ദ് പോർട്രെയ്റ്റ്സ് ’ എന്നിവ മികച്ച സിനിമയ്ക്കുള്ള മത്സരത്തിനുണ്ട്. സംവിധായകന് ജയരാജിന്റെ 3 ചിത്രങ്ങളും മത്സരരംഗത്തുണ്ട്.
മികച്ച നടിയെ കണ്ടെത്താനുള്ള മത്സരത്തിലും ഇത്തവണ കടുത്ത മത്സരം പ്രതീക്ഷിക്കുന്നുണ്ട്. മഞ്ജു വാര്യർ, പാർവതി തിരുവോത്ത്, കല്യാണി പ്രിയദർശൻ, നിമിഷ സജയൻ, അന്ന ബെൻ, രജീഷ വിജയൻ, ദർശന രാജേന്ദ്രൻ, ഐശ്വര്യലക്ഷ്മി, ഉർവശി, സുരഭി, ഗ്രേസ് ആന്റണി, വിൻസി അലോഷ്യസ്, ശ്രുതി രാമചന്ദ്രൻ എന്നിങ്ങനെ നീളുന്നതാണ് മികച്ച നടിമാര്‍ക്ക് വേണ്ടി മത്സരിക്കുന്നവരുടെ പട്ടിക.
പ്രമുഖ ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ അന്തിമ ജൂറി എല്ലാ ചിത്രങ്ങളും കണ്ടു കഴിഞ്ഞു. 142 ചിത്രങ്ങളാണ് പ്രാഥമിക ജൂറികൾക്ക് മുന്നിലെത്തിയത്. ഇതിൽ നിന്നും തിരഞ്ഞെടുത്ത നാല്പത്തഞ്ചോളം ചിത്രങ്ങൾ അന്തിമ ജൂറിക്ക് വിടുകയായിരുന്നു.
കഴിഞ്ഞ തവണ നടന്ന വാശിയേറിയ മത്സരത്തിനൊടുവില്‍ ജയസൂര്യയും അന്ന ബെന്നും മികച്ച നടനും നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഫീച്ചർ ഫിലിം വിഭാഗത്തിൽ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ (ജിയോ ബേബി, ഡയറക്ടർ) തിരഞ്ഞെടുത്തു. അയ്യപ്പനും കോശിയും മികച്ച ജനപ്രിയ സിനിമയായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.