• HOME
 • »
 • NEWS
 • »
 • film
 • »
 • John Paul | ഒരു ചെറുകഥ പോലും എഴുതാതെ സിനിമയിലെത്തി; ചാമരം മുതല്‍ പ്രണയ മീനുകളുടെ കടല്‍ വരെ ജോണ്‍ പോളിന്‍റെ തിരക്കഥാ യാത്ര

John Paul | ഒരു ചെറുകഥ പോലും എഴുതാതെ സിനിമയിലെത്തി; ചാമരം മുതല്‍ പ്രണയ മീനുകളുടെ കടല്‍ വരെ ജോണ്‍ പോളിന്‍റെ തിരക്കഥാ യാത്ര

ദുഖവും പ്രണയവും തന്‍റെ കഥകളില്‍ നിഴലിക്കുമ്പോഴും ഒരു കഥയും മറ്റൊന്നിന്‍റെയും ആവര്‍ത്തനമായിരുന്നില്ല.

 • Share this:
  ഒരു ചെറുകഥ പോലും എഴുതാതെയാണ് താന്‍ സിനിമയ്ക്ക് തിരക്കഥയെഴുതി തുടങ്ങിയതെന്ന് ജോണ്‍ പോള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ അന്നുവരെ കണ്ട് ശീലമില്ലാത്ത തരത്തിലുള്ള ഒരു പ്രണയകഥയാണ് ജോണ്‍ പോള്‍ തന്‍റെ ആദ്യ തിരക്കഥയായ ചാമരത്തിലൂടെ (1980) പറഞ്ഞത്. അന്നു തുടങ്ങിയ തിരക്കഥാ പര്യടനം വര്‍ഷങ്ങള്‍ക്കിപ്പുറം പ്രണയമീനുകളുടെ കടലില്‍ (2019) അസ്തമിക്കുകയും ചെയ്തു.

  ആദ്യ തിരക്കഥയിലൂടെ ഭരതന്‍ എന്ന മലയാള സിനിമ കണ്ട എക്കാലത്തെയും പ്രതിഭാശാലിയായ സംവിധായകനെ കൂടി ജോണ്‍ പോള്‍ അടയാളപ്പെടുത്തി. ചാമരം  നേടിയ സ്വീകാര്യത അക്കാലത്തെ പ്രമുഖ സംവിധായര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് വഴിയൊരുക്കി.

  ആകര്‍ഷകമായും ആവര്‍ത്തനവിരസതയില്ലാതെയും തിരക്കഥ തയ്യാറാക്കുന്ന ജോണ്‍പോളിനെ സംവിധായകര്‍ക്കും പ്രേക്ഷകര്‍ക്കും ഏറെ പ്രിയമായിരുന്നു. കരിയറില്‍ നൂറോളം തിരക്കഥകള്‍ എഴുതിയിട്ടുണ്ടെങ്കിലും സ്വന്തമായി ഒരു വീട് പോലും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

   Also Read- പ്രശസ്ത ചലച്ചിത്രകാരന്‍ ജോണ്‍ പോള്‍ അന്തരിച്ചു

  മനുഷ്യ വികാരങ്ങളുടെ അര്‍ത്ഥ തലങ്ങള്‍ തിരക്കഥകളിലൂടെ വരച്ചുകാട്ടുന്നതില്‍ സമര്‍ത്ഥനായിരുന്ന അദ്ദേഹം എണ്‍പതുകളിലും തൊണ്ണൂറുകളിലും ഏറ്റവും തിരക്കുള്ള തിരക്കഥാകൃത്തായിരുന്നു.  ആദ്യ തിരക്കഥയിലൂടെ ഭരതനുമായി തുടങ്ങിയ ആത്മബന്ധം പിന്നീട്  മര്‍മ്മരം, ഓര്‍മ്മക്കായ്, പാളങ്ങള്‍, സന്ധ്യ മയങ്ങും നേരം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, കാതോട് കാതോരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നീല കുറിഞ്ഞി പൂത്തപ്പോള്‍, ഒരു സായാഹ്നത്തിന്റെ സ്വപ്നം, കേളി, മാളൂട്ടി, ചമയം, മഞ്ജീരധ്വനി തുടങ്ങിയ സിനിമകളിലൂടെ പടര്‍ന്ന് പന്തലിച്ചു.

   Also Read- മമ്മൂട്ടി - ശബാന ആസ്മി എന്ന ജോൺ പോൾ സ്വപ്നം ജയറാം- സുഹാസിനിയിൽ എത്തിയപ്പോൾ

  ഒരോ കഥയും വ്യത്യസ്ത ശൈലിയില്‍ വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ ഒരുക്കുന്നതില്‍ അദ്ദേഹം വിജയിച്ചിരുന്നു. ദുഖവും പ്രണയവും തന്‍റെ കഥകളില്‍ നിഴലിക്കുമ്പോഴും ഒരു കഥയും മറ്റൊന്നിന്‍റെയും ആവര്‍ത്തനമായിരുന്നില്ല.

  മോഹന്‍, പി. ചന്ദ്രകുമാര്‍, പി.ജി. വിശ്വംഭരന്‍, പി.എന്‍. മേനോന്‍, കെ.എസ്. സേതുമാധവന്‍, ഐ.വി. ശശി, ജോഷി, സത്യന്‍ അന്തിക്കാട്, കമല്‍, സിബി മലയില്‍...ജോണ്‍ പോള്‍ ഒപ്പം പ്രവര്‍ത്തിച്ച സംവിധായകരുടെ പട്ടിക നീളുന്നു. ബാലു മഹേന്ദ്രയ്ക്ക് വേണ്ടി ജോണ്‍ പോള്‍ ഒരുക്കിയ യാത്ര എന്ന സിനിമ മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. ഭരത് ഗോപി സംവിധാനം ചെയ്ത ഉത്സവപ്പിറ്റേന്നിന്റെ കഥാകാരനും ജോണ്‍ പോളായിരുന്നു. കെ. മധുവിനൊപ്പം പ്രവര്‍ത്തിച്ച ഒരുക്കം, രണ്ടാം വരവ് തുടങ്ങിയ സിനിമകള്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്നവയാണ്. ഇണ, അതിരാത്രം, വ്രതം, ഭൂമിക ഐ.വി. ശശിയ്ക്ക് വേണ്ടി എഴുതിയല്ലൊം വലിയ ക്യാന്‍വാസിലുള്ള ചിത്രങ്ങള്‍.

  സത്യന്‍ അന്തിക്കാടിന് വേണ്ടി ഒരുക്കിയ രേവതിക്കൊരു പാവക്കുട്ടി മലയാളസിനിമയില്‍ ദുഖമുണര്‍ത്തുന്ന ചിത്രങ്ങളില്‍ ശ്രദ്ധേയമായി. ഭരത് ഗോപിയുടെ അസാമാന്യഅഭിനയവും സിനിമയെ വേറിട്ട് നിര്‍ത്തി. പി.ജി വിശ്വംഭരന്റെ ഈ ലോകം ഇവിടെ കുറേ മനുഷ്യര്‍, ഈ ശബ്ദം ഇന്നത്തെ ശബ്ദം എന്നീ സിനിമകളുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകം തിരക്കഥയായിരുന്നു.

  അവയില്‍ പലതും ഒരു പക്ഷെ കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമകള്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനും നെടുമുടി വേണുവിനും തിലകനും മാത്രമല്ല നായികമാരായെത്തിയ മാധവി, ശോഭന, സെറീന വഹാബ്, സീമ, പാര്‍വതി എന്നിവര്‍ക്കെല്ലാം അഭിനയ ജീവിതത്തില്‍ ഓര്‍ത്തുവെക്കാവുന്ന അഭിനയമുഹൂര്‍ത്തങ്ങള്‍  നല്‍കിയിട്ടുണ്ട് അവര്‍ക്ക് എന്നും പ്രിയപ്പെട്ട ജോണ്‍ പോള്‍ എന്ന 'അങ്കിള്‍'.

  സിനിമ പണം സമ്പാദിക്കാവുന്ന മികച്ചൊരു മാതൃകയായിരുന്നിട്ട് കൂടിയും സ്വാര്‍ത്ഥതയില്ലാതെ അദ്ദേഹം സിനിമയിലൂടെ ജീവിച്ചു.. സിനിമയ്ക്ക് വേണ്ടി ജീവിച്ചു...
  Published by:Arun krishna
  First published: