'ഞങ്ങൾക്ക് ഇഷ്ടമുള്ള സിനിമയെടുക്കും; ഇഷ്ടമുള്ളിടത്ത് കാണിക്കും; ചോദ്യം ചെയ്യാൻ വരേണ്ട': ലിജോ ജോസ് പെല്ലിശ്ശേരി

കടുത്ത നിലപാടുകളുമായി ലിജോ ജോസ് പെല്ലിശ്ശേരി

News18 Malayalam | news18-malayalam
Updated: June 26, 2020, 8:23 AM IST
'ഞങ്ങൾക്ക് ഇഷ്ടമുള്ള സിനിമയെടുക്കും; ഇഷ്ടമുള്ളിടത്ത് കാണിക്കും; ചോദ്യം ചെയ്യാൻ വരേണ്ട': ലിജോ ജോസ് പെല്ലിശ്ശേരി
ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രത്തിന്റെ പോസ്റ്റർ
  • Share this:
ലോക്ക്ഡൗൺ, കോവിഡ് നിയന്ത്രങ്ങൾക്ക് ശേഷം കേരളത്തിൽ ഉപാധികളോടെ സിനിമാ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. എന്നാൽ മുൻപെന്ന പോലെ സജീവമാകാനുള്ള സാഹചര്യം ഇനിയുമായിട്ടില്ല. പരിമിതമായ ക്രൂവിനെ വച്ച്  നിലവിൽ ഇൻഡോർ ഷൂട്ടിംഗ് നടത്തുകയാണ്. കൂടാതെ, താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യവും നിലനിൽക്കുന്നു.

ഈ സാഹചര്യത്തിൽ മലയാളത്തിൽ നാല് പുതിയ താരചിത്രങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി. അതോടൊപ്പം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി വെല്ലുവിളിയുമായി തന്നെ തന്റെ അടുത്ത സിനിമ ജൂലൈ ഒന്ന് മുതൽ ആരംഭിക്കുമെന്നും ഫേസ്ബുക് പോസ്റ്റ് ചെയ്തു.ഇപ്പോൾ കടുത്ത നിലപാടുകളുമായി ലിജോ വീണ്ടുമെത്തുന്നു. പുതിയ പോസ്റ്റിൽ ലിജോ ജോസ് പെല്ലിശ്ശേരി തന്റെ ശക്തമായ നിലപാടുകൾ നിരത്തുന്നു.

"എനിക്ക് എന്റെ കാഴ്ചപ്പാട് തെളിയിക്കാനുള്ള ഉപാധിയാണ് സിനിമ. പണം ഉണ്ടാക്കാനുള്ള മാർഗ്ഗമല്ല. ഇന്ന് മുതൽ ഞാൻ ഒരു സ്വതന്ത്ര സംവിധായകനാവുന്നു. സിനിമയിൽ നിന്നും ലഭിക്കുന്ന പണം മികച്ച സിനിമകളുടെ നിർമ്മാണത്തിന് വേണ്ടി മാത്രം ചിലവഴിക്കപ്പെടും, മറ്റൊന്നിനും അതുപയോഗിക്കില്ല. എനിക്ക് അനുയോജ്യമെന്ന് തോന്നുന്ന ഇടത്ത് ഞാൻ എന്റെ സിനിമ പ്രദർശിപ്പിക്കും. ഞാനാണ് അതിന്റെ സ്രഷ്‌ടാവ്‌.നമ്മൾ ഒരു പാൻഡെമിക്കിന്റെ, ഒരു യുദ്ധത്തിന്റെ മധ്യേയാണ്. തൊഴിലില്ലായ്മ, സ്വത്വ പ്രതിസന്ധി, ദാരിദ്ര്യം, മതപരമായ അസ്വസ്ഥതകൾ എന്നിവയും നേരിടുന്നു. വീട്ടിലെത്താൻ വേണ്ടി മനുഷ്യർ 1000 മൈൽ നടക്കുന്നു. കലാകാരന്മാർ വിഷാദബാധിതരായി മരിക്കുന്നു.അതുകൊണ്ട് തന്നെ ജനങ്ങളെ മഹത്തായ കലാ സൃഷ്‌ടിയിലൂടെ പ്രചോദിപ്പിക്കേണ്ട സമയമാണിത്. ജീവിച്ചിരിക്കാൻ വേണ്ടി അവർക്ക് എന്തെങ്കിലുമൊരു പ്രതീക്ഷ നൽകണം.

അത് കൊണ്ട് ഞങ്ങളോട് പണി നിർത്താൻ പറയരുത്, സൃഷ്‌ടിക്കാതിരിക്കാൻ പറയരുത്, ഞങ്ങളുടെ സത്യസന്ധതയെ ചോദ്യം ചെയ്യരുത്, ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്, ചെയ്താൽ നിങ്ങൾ ഭീമമായ നഷ്‌ടം നേരിടേണ്ടി വരും. കാരണം, ഞങ്ങൾ കലാകാരന്മാരാണ്." ലിജോയുടെ പോസ്റ്റിന്റെ പരിഭാഷ ഇങ്ങനെ.

A എന്ന അക്ഷരമുള്ള പോസ്റ്റർ പോസ്റ്റ് ചെയ്താണ് ലിജോ ജോസ് പെല്ലിശ്ശേരി പുതിയ ചിത്രം പ്രഖ്യാപിച്ചത്. ജല്ലിക്കെട്ടിന്‌ ശേഷം പുറത്തിറങ്ങാൻ പോകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാവുമിത്.
First published: June 26, 2020, 8:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading