• HOME
  • »
  • NEWS
  • »
  • film
  • »
  • ജനുവരിയിൽ ജ്യേഷ്ഠൻ മരിച്ചു; രണ്ടു മാസം മുമ്പ് അമ്മയേ നഷ്ടമായി; പിന്നാലെ പിതാവും; ഏക നായകനായി മഹേഷ് ബാബു

ജനുവരിയിൽ ജ്യേഷ്ഠൻ മരിച്ചു; രണ്ടു മാസം മുമ്പ് അമ്മയേ നഷ്ടമായി; പിന്നാലെ പിതാവും; ഏക നായകനായി മഹേഷ് ബാബു

പ്രിയപ്പെട്ട മൂന്ന് പേരാണ് മഹേഷ് ബാബുവിനും കുടുംബത്തിനും ഈ വർഷം നഷ്ടമായത്

  • Share this:
തെലുങ്കിലെ ആദ്യ സൂപ്പർ സ്റ്റാർ ആണ് നടൻ മഹേഷ് ബാബുവിന്റെ പിതാവ് കൃഷ്ണ. ദുരന്തങ്ങൾക്ക് മീതെ ദുരന്തങ്ങളാണ് മഹേഷ് ബാബുവിനും ഗട്ടാമനേനി കുടുംബത്തിനും 2022 കാത്തുവെച്ചിരുന്നത്. ഇന്ന് പുലർച്ചെയായിരുന്നു തെലുങ്കിലെ ഇതിഹാസം കൃഷ്ണയുടെ അന്ത്യം. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മൂന്ന് മരണങ്ങളാണ് മഹേഷ് ബാബുവിന്റെ കുടുംബത്തിൽ ഈ വർഷം ഉണ്ടായത്.

ഈ വർഷം ജനുവരി എട്ടിനാണ് മഹേഷ് ബാബുവിന്റെ ജ്യേഷ്ഠൻ രമേശ് ബാബുവിന്റെ നിര്യാണം. കരൾ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. തെലുങ്കിലെ പ്രമുഖ നടനും നിർമാതാവുമായിരുന്നു രമേശ് ബാബു. 1997 ൽ അഭിനയരംഗത്തു നിന്ന് പിന്മാറുന്നതിന് മുമ്പ് പതിനഞ്ചോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. 2004 ൽ കൃഷ്ണ പ്രൊഡക്ഷൻ എന്ന പേരിൽ ചലച്ചിത്ര നിർമാണരംഗത്തേക്കും അദ്ദേഹം കടന്നു. മഹേഷ് ബാബുവിനെ നായകനാക്കി അർജുൻ, അതിഥി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചത് രമേശ് ബാബുവായിരുന്നു.


സഹോദരന്റെ മരണസമയത്ത് കോവിഡ് ബാധിതനായിരുന്നതിനാൽ മഹേഷ് ബാബുവിന് അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.


ഇക്കഴിഞ്ഞ സെപ്റ്റംബർ 28 നാണ് മഹേഷ് ബാബുവിന്റെ അമ്മ ഇന്ദിരാ ദേവിയുടെ മരണം. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം.



ഭാര്യ മരിച്ച് രണ്ട് മാസം പിന്നിടുമ്പോഴാണ് കൃഷ്ണയും വിടപറയുന്നത്. അടിക്കടിയുണ്ടായ മൂന്ന് മരണങ്ങളുടെ ആഘാതത്തിലാണ് മഹേഷ് ബാബുവിന്റെ കുടുംബം. പ്രിയതാരത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രതിസന്ധികൾ നേരിടാനുള്ള ശക്തിയുണ്ടാകട്ടെയെന്നാണ് ആരാധകർ പ്രാർത്ഥിക്കുന്നത്.
Published by:Naseeba TC
First published: