നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ഐ.വി. ശശി ചലച്ചിത്ര പുരസ്കാരം; അന്ന ബെൻ മികച്ച നടി

    ഐ.വി. ശശി ചലച്ചിത്ര പുരസ്കാരം; അന്ന ബെൻ മികച്ച നടി

    Maiden IV Sasi film awards announced | മികച്ച നടിക്കുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിന് അന്നാ ബെൻ അർഹയായി. ഹെലൻ, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രകളിലെ പ്രകടനത്തിനാണ് പുരസ്കാരം

    അന്ന ബെൻ

    അന്ന ബെൻ

    • Share this:
      സംവിധായകൻ ഐ.വി. ശശിയുടെ സ്മരണാർഥം ഫസ്റ്റ് ക്ലാപ്പ് എന്ന സാംസ്ക്കാരിക സംഘടന ഏർപ്പെടുത്തിയ പ്രഥമ ഐ.വി. ശശി ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഷോർട്ട് ഫിലിം, ജനറൽ, ക്യാമ്പസ്, പ്രവാസി വിഭാഗങ്ങളുടെയും, മ്യൂസിക്കൽ ആൽബം ഫെസ്റ്റിവലിൻ്റെയും വിജയികളെ സംഘടനയുടെ യൂട്യൂബ് ചാനലിലൂടെ പ്രഖ്യാപിച്ചു.

      2019ൽ റിലീസ് ചെയ്ത മുഖ്യധാരാ ഫീച്ചർ ഫിലിമുകളിൽ നിന്ന് മികച്ച നവാഗത സംവിധായകനെയും മികച്ച രണ്ടാമത്തെ നവാഗത സംവിധാകനെയുമാണ് ജൂറി ഈ അവാർഡിനായി തിരഞ്ഞെടുത്തത്. സംവിധാനം ഒഴികെയുള്ള ഇതര ചലച്ചിത്ര തലങ്ങളിൽ മികവേറിയ പ്രകടനം കാഴ്ച്ചവച്ച ഒരു നവാഗത പ്രതിഭയെ കൂടി അവാർഡിന് പരിഗണിക്കണമെന്ന ജൂറിയുടെ പ്രത്യേക പരാമർശം പരിഗണിച്ച് ഇത്തവണ ഈ വിഭാഗത്തിലേക്ക് പരിഗണിച്ചത് മികച്ച പുതുമുഖ നടിയെയാണ്. തിരക്കഥാകൃത്ത് ജോൺ പോൾ, സംവിധായകൻ റോഷൻ ആൻഡ്രൂസ്, നിർമ്മാതാവ് വി.ബി.കെ. മേനോൻ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

      2019-ലെ മികച്ച നവാഗത സംവിധായകനുള്ള പുരസ്ക്കാരത്തിന് അർഹനായത് 'ഹെലൻ' എന്ന ചിത്രത്തിൻ്റെ സംവിധായകൻ മാത്തുക്കുട്ടി സേവ്യറാണ്. മികച്ച രണ്ടാമത്തെ നവാഗത സംവിധായകനുള്ള പുരസ്ക്കാരം 'ഉയരെ' എന്ന ചിത്രത്തിൻ്റെ സംവിധായകൻ മനു അശോകനാണ് ലഭിച്ചത്. മികച്ച നടിക്കുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിന് അന്നാ ബെൻ അർഹയായി. ഹെലൻ, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രകളിലെ പ്രകടനത്തിനാണ് പുരസ്കാരം.

      വിധിപ്രഖ്യാപനം നടത്തിയത് സംവിധായകരായ ഹരിഹരൻ, പ്രിയദർശൻ , നടി മഞ്ജു വാര്യർ എന്നിവരാണ്.

      മികച്ച നവാഗത സംവിധായകന് 50,000 രൂപയും കലാസംവിധായകൻ നേമം പുഷ്പരാജ് രൂപകൽപ്പന ചെയ്ത ശിൽപവും പ്രശസ്തി പത്രവുമാണ് പുരസ്ക്കാരമായി ലഭിക്കുക . രണ്ടാം സ്ഥാനത്തിനർഹനായ നവാഗത സംവിധായകന് ശില്പവും പ്രശസ്തി പത്രവും ലഭിക്കും. ജൂറിയുടെ പ്രത്യേക പരാമർശത്തിനർഹയായ നടിക്ക് കെ.ജി. ജോർജ്ജിൻ്റെ പേരിൽ ചലച്ചിത്ര മലയാള കൂട്ടായ്മയായ കെ.ജി. ജോർജ് സെന്റർ ഫോർ സിനിമയുടെ പേരിൽ നൽകുന്ന ശിൽപവും പ്രശസ്തിപത്രവുമാണ്.

      ഐ.വി.ശശിയുടെ ശിഷ്യന്മാരായ ജോമോൻ, പത്മകുമാർ, ഷാജൂൺ കാര്യാൽ എന്നിവരാണ് ഐ.വി. ശശി ചലച്ചിത്ര പുരസ്ക്കാരത്തിൻ്റെയും, ഷോർട്ട് ഫിലിം, മ്യൂസിക്കൽ ആൽബം പുരസ്ക്കാരങ്ങളുടെയും രക്ഷാധികാരികൾ. കോവിഡ് പ്രതിസന്ധി ഒതുങ്ങിയ ശേഷം എറണാകുളത്ത് വെച്ച് സംഘടിപ്പിക്കുന്ന വർണ്ണശബളമായ ചടങ്ങിൽ വെച്ച് പുരസ്ക്കാരദാനം നിർവ്വഹിക്കാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്.



      മ്യൂസിക്ക് ആൽബം വിഭാഗത്തിൽ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള പുരസ്ക്കാരം 'ഓണമാണ്' എന്ന ഗാനം എഴുതിയ കവി പ്രസാദ് ഗോപിനാഥിന് ലഭിച്ചു. ബെസ്റ്റ് മ്യൂസിക്ക് ഡയറക്ടർക്കുള്ള അവാർഡ് 'റിത്വ' എന്ന ആൽബത്തിൻ്റെ മ്യൂസിക്ക് ഡയറക്ടർ സുദീപ് പാലനാട് കരസ്ഥമാക്കി. 'ചന്ദ്രേട്ടായനം' എന്ന ആൽബത്തിൻ്റെ ഡയറക്ടർ ആദിത്യ ചന്ദ്രശേഖരനാണ് മികച്ച ആൽബം ഡയറക്‌ടർക്കുള്ള പുരസ്ക്കാരം ലഭിച്ചത്. കാപ്പിച്ചാൻ നിർമ്മിച്ച 'ഓണമാണ്' എന്ന ഗാനം ഏറ്റവും നല്ല ആൽബത്തിനുള്ള അവാർഡ് കരസ്ഥമാക്കി.

      ക്യാമ്പസ് വിഭാഗത്തിൽ മികച്ച സംവിധായകനായി കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻ്റ് ആർട്ട്സിലെ ഷജിൻ സാം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ക്യാമ്പസ് ഷോർട്ട് ഫിലിമായി കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻ്റ് ആർട്ട്സിലെ വിദ്യാർത്ഥികൾ നിർമ്മിച്ച 'ഭ്രമണം' തെരഞ്ഞെടുക്കപ്പെട്ടു.

      പ്രവാസി വിഭാഗത്തിലെ മികച്ച ചിത്രമായി ദൗഫൽ അന്തിക്കാട് നിർമ്മിച്ച 'കടലാഴം' എന്ന ചിത്രം അർഹമായി. മികച്ച പ്രവാസി ഷോർട്ട് ഫിലിം സംവിധായകനായി 'ജാൻവി' എന്ന ഷോർട്ട് ഫിലിമിൻ്റെ സംവിധായകൻ രഞ്ജീഷ് മുണ്ടയ്ക്കൽ തെരഞ്ഞെടുക്കപ്പെട്ടു.

      ജനറൽ വിഭാഗത്തിൽ അതിര് എന്ന ഷോർട്ട് ഫിലിമിൽ നല്ല പ്രകടനം കാഴ്ച്ചവച്ച നന്ദിതാദാസ് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹയായി. മികച്ച നടിയായി മഹാരാഷ്ട്രയിൽ നിന്നുള്ള RJP ഫിലിംസ് നിർമ്മിച്ച 'സോറി ഫോർ യുവർ ലോസ്' എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിന് വീരാ ദസ്തൂരി തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും നല്ല നടനായി പേര് മുസ്താക് അലി എന്ന ചിത്രത്തിലൂടെ ഷിജു പവിത്രൻ അർഹനായി. ഹരിച്ചാലും ഗുണിച്ചാലും ഒന്ന് എന്ന ഷോർട്ട് ഫിലിമിൻ്റെ എഡിറ്റർ ഫിൻ ജോർജ്ജ് മികച്ച എഡിറ്റർക്കുള്ള അവാർഡിന് അർഹനായി.

      കൾട്ട് കമ്പനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ തങ്കച്ചൻ നിർമ്മിച്ച അതിര് എന്ന ഷോർട്ട് ഫിലിമിലൂടെ മൃദുൽ എസ്. മികച്ച ഛായാഗ്രാഹകനുള്ള അവാർഡിന് അർഹനായി. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്ക്കാരം അതിര് എന്ന ഷോർട്ട് ഫിലിമിൻ്റെ തിരക്കഥ രചിച്ച മൃദുൽ എസ്, വിനായക് എസ്. എന്നിവർ പങ്കിട്ടു.

      മികച്ച സംവിധായകനായി 'അതിര്' സംവിധാനം ചെയ്ത ഫാസിൽ റസാഖ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്‌ സോണി സാം നിർമ്മിച്ച് നഹാസ് സംവിധാനം ചെയ്ത 'ഹരിച്ചാലും ഗുണിച്ചാലും ഒന്ന്' എന്ന ഷോർട്ട് ഫിലിമാണ്.
      Published by:user_57
      First published:
      )}