HOME » NEWS » Film »

മലയാളസിനിമയിൽ എണ്ണം കൂടുമ്പോൾ കുറയുന്നതെന്ത് ?

news18india
Updated: December 31, 2018, 11:51 AM IST
മലയാളസിനിമയിൽ എണ്ണം കൂടുമ്പോൾ കുറയുന്നതെന്ത് ?
  • News18 India
  • Last Updated: December 31, 2018, 11:51 AM IST
  • Share this:
#എന്‍റർടൈൻമെന്‍റ് ഡെസ്ക്

കണക്കെടുക്കുമ്പോൾ 156 സിനിമകൾ 2018ൽ തീയറ്ററിലെത്തി. ഇതിൽ നൂറെണ്ണത്തോളം ഒരു തരത്തിലും ശബ്ദമുണ്ടാക്കാതെ കടന്നു പോയവയാണ്. ബാക്കിയുള്ളവയിൽ താരങ്ങളുടെ പരാജയചിത്രങ്ങൾ എടുത്തുകളഞ്ഞാൽ ബാക്കിയാവുന്നത് രണ്ടു ഡസനിൽ താഴെയാവും. അതായത് 130 എണ്ണം പരാജയമായി എന്ന് പറയാം. പക്ഷേ ആരു പറയും? വിജയമല്ലാതെ ഒന്നും ആരുടേയും കണക്കിലല്ല. തീയറ്ററിലെ ആൾക്കൂട്ടം കുറഞ്ഞാലും സാമൂഹ്യമാധ്യമങ്ങളിൽ 'തള്ളിയെടുത്ത' നിരവധി വിജയങ്ങൾ നമ്മുടെ മുന്നിലുണ്ട്. പലർക്കും തങ്ങളുടേതായി പറയാൻ വിജയം വേണമെന്നതിനാൽ അത്തരം കണക്കുകളും ഉണ്ടാകും. എന്നാലും ഒരു മഴക്കാലം കഴിയുമ്പോൾ മറന്നു പോകുന്ന കുറെ വെറും പടങ്ങളാണ് ഇറങ്ങുന്നതിൽ ഏറിയ പങ്കുമെന്നതാണ് യാഥാർഥ്യം.

പടം തന്നെ താരം

താരഭാരമില്ലാതെ വന്ന പടങ്ങൾക്കും ആളു കിട്ടി എന്നതും കൊട്ടിഘോഷിച്ചത്തിയ താരചിത്രങ്ങളും വീണു എന്നതും സിനിമയുടെ കരുത്തു തന്നെയാണ് അന്തിമഫലം നിർണയിക്കുന്നതെന്നു തെളിയിക്കുന്നു. തിരിച്ചറിയാവുന്ന താരങ്ങൾ ഒന്നോ രണ്ടോ മാത്രം ഉണ്ടായിരുന്ന ജോസഫ്, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങളുടെ വിജയം അത് തന്നെയാണ് പറയുന്നത്. ബിബിൻ ജോർജ് നായകനായി എത്തിയ ഷാഫി ചിത്രം ഒരു പഴയ ബോംബ് കഥ പ്രളയകാലത്തു പോലും തീയറ്ററുകളിൽ ആളെ കൂട്ടി. വിജയതാരമായി മുദ്രചാർത്തിയ ബിജു മേനോന്‍റെ ഒരു ചിത്രം പോലും പ്രേക്ഷകർ ഏറ്റെടുത്തില്ല. മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും പൃഥ്വിരാജിന്‍റെയും ചില ചിത്രങ്ങൾക്ക് അവരുടെ കടുത്ത ആരാധകർക്കപ്പുറത്തേക്ക് പോകാൻ കഴിഞ്ഞില്ല. താരത്തിനു പോലും വേണ്ടാത്ത ചില ചിത്രങ്ങളുടെ വിധി ദയനീയമായിരുന്നു. വിദേശ ലൊക്കേഷനുകളിലെ ചിത്രീകരണം കൊണ്ട് വിനോദയാത്ര തരപ്പെട്ടവർക്ക് മാത്രം ഗുണമുണ്ടായി.

ജീവിച്ചിരുന്നവരുടെ കഥ

ഫുട്ബോളിലെ ദുരന്തനായകൻ വി പി സത്യന്‍റെ ജീവചരിത്രം ഏറെക്കുറെ വസ്തുനിഷ്ഠമായി സ്‌ക്രീനിലെത്തിയപ്പോൾ വിഖ്യാത എഴുത്തുകാരി കമല സുരയ്യയുടെ കഥ പറയുന്നതിൽ പരിമിതികൾ ഏറെയായിരുന്നു. അത്തരത്തിലുള്ള പല പോരായ്മകളും ചേർന്നപ്പോൾ ചിത്രം ഓർമയിൽ നിൽക്കാത്ത ഒന്നായി മാറി. അകാലത്തിൽ അന്തരിച്ച കലാഭവൻ മണിയുടെ ജീവിതം പറയാൻ ശ്രമിച്ച ചാലക്കുടിക്കാരൻ ചങ്ങാതി മണിയുടെ സിനിമകൾ ഇഷ്ടപ്പെട്ടിരുന്നവരിൽ ചലനമുണ്ടാക്കി.

ആരൊക്കെ അടുത്ത പടവുമായി വരും?88 സംവിധായകരുടെ ആദ്യചിത്രം തീയറ്ററിലെത്തിയെങ്കിലും അജിത്കുമാർ (ഈട ), പ്രജേഷ് സെൻ (ക്യാപ്റ്റൻ ), ഷാജി പാടൂർ (അബ്രഹാമിന്റെ സന്തതികൾ ), ശ്രീകുമാർ മേനോൻ (ഒടിയൻ ), സക്കറിയ (സുഡാനി ഫ്രം നൈജീരിയ ), രമേഷ് പിഷാരടി (പഞ്ച വർണതത്ത ), ഗിരീഷ് ദാമോദർ (അങ്കിൾ ), മൃദുൽ നായർ (ബി ടെക്), ഡിജോ ജോസ് ആന്‍റണി (ക്വീൻ), ഫെല്ലിനി ടിപി (തീവണ്ടി), സൗമ്യ സദാനന്ദൻ (മാംഗല്യം തന്തു നാനേന), രതീഷ് അമ്പാട്ട് (കമ്മാര സംഭവം), ടിനു പാപ്പച്ചൻ (സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ), വി സി അഭിലാഷ് (ആളൊരുക്കം) എന്നിവർക്ക് മാത്രമാണ് ശ്രദ്ധ പിടിച്ചുപറ്റാൻ സാധിച്ചത്.

ഒരേ കഥ, പല കാലം

കഥയിൽ പോലും പുതുമയില്ലാത്ത ചിത്രങ്ങൾ കണ്ടു തീർക്കേണ്ടി വന്നുവെങ്കിൽ അരച്ചത് തന്നെ വീണ്ടും അരച്ചതായിരുന്നു ചിലത്. രണ്ടാംഭാഗം എന്ന പേരിൽ ഇറങ്ങുന്ന കടുംവെട്ടുകളും ഇതിന്‍റെ മറ്റൊരു തരം തട്ടിപ്പാണ്. അത്തരമൊരു കഥയെ വെറുപ്പിക്കാതെ ഹൃദ്യമായി പറഞ്ഞതാണ് അരവിന്ദന്‍റെ അതിഥികളുടെ വിജയം.

സുഡാനിയിലെ ഉമ്മമാർ

സംവിധായകൻ സക്കറിയയുടെ ആദ്യസംരംഭം സുഡാനി ഫ്രം നൈജീരിയയിൽ ഏറ്റവും ശ്രദ്ധേയമായത് നിഷ്കളങ്കരായ രണ്ടു ഉമ്മമാർ ആയിരുന്നു. താരപരിവേഷമില്ലാതെ എത്തിയ ചിത്രത്തിലൂടെ സാവിത്രി ശ്രീധരനും സരസ്സ ബാലുശ്ശേരിയും താരങ്ങളായി. ഫോർമുലകളല്ല സിനിമയുടെ വിജയം എന്ന് വ്യക്തമാക്കുന്നതായിരുന്നു സുഡാനി. സൗബിൻ ഷാഹിറും കെടി സി അബ്ദുള്ളയും ഒപ്പത്തിനൊപ്പം നിന്ന ചിത്രത്തിൽ നൈജീരിയൻ നടൻ സാമുവൽ റോബിൻസണും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചെറിയ വേഷത്തിലെത്തിയ വളാഞ്ചേരിക്കാരൻ ഉണ്ണി നായരും ശ്രദ്ധ നേടി.

ഉൾക്കരുത്തോടെ ഈ.മ.യൗ

മികച്ച അഭിനേതാക്കളുടെ പ്രകടനത്തിലൂടെയും സന്ദ‍‍‍ർഭങ്ങളിലൂടെയും സാങ്കേതിക മികവിലൂടെയും കയ്യടി നേടിയ ചിത്രമായിരുന്നു ഈ.മ.യൗ. ഈ മികവ് തന്നെയാണ്, ഗോവ ചലച്ചിത്രമേളയിലും ഐ എഫ് എഫ് കെയിലും ലിജോ ജോസ് പെല്ലിശ്ശേരിയെ മികച്ച സംവാധായകനും ചെമ്പൻ വിനോദിനെ മികച്ച നടനുമായി തെരഞ്ഞെടുക്കാൻ കാരണമായത്.

ജോസഫ് എന്ന ഉദയം

സാധാരണ പ്രേക്ഷകർ തിരിച്ചറിയുന്ന അധികം താരങ്ങൾ ഇല്ലാതിരുന്നിട്ടും തീയറ്ററിൽ വിജയിച്ച ചിത്രമായിരുന്നു ജോസഫ്. നിർമാതാവായും നടനായും നായകനായും ക്രിയേറ്റിവ് ഇടപെടലുകളാലും ജോജു ജോർജ് സജീവമായ സിനിമ ആയിരുന്നു ജോസഫ്. ജോജു ജോർജ് എന്ന നടന്‍റെ അഭിനയജീവിതത്തിലെ നാഴികക്കല്ലാണ് ഈ ചിത്രം.

പുക പരത്തി തീവണ്ടിഅമിതമായി പുക വലിക്കുന്നയാളുടെ കഥ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ പറയാൻ സംവിധായകന് കഴിഞ്ഞു. നവാഗതനായ ഫെല്ലിനി ടി പിയുടെ ടൊവിനോ തോമസ് നായകനായി എത്തിയ ചെറുബജറ്റ് ചിത്രം തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി.

പ്രതീക്ഷ തെറ്റിക്കാതെ ലൈൻ ബസ്

ഒറ്റ റൂട്ടിലോടുന്ന ലൈൻ ബസ് എന്നായിരുന്നു സത്യൻ അന്തിക്കാടിന്‍റെ സിനിമകളെക്കുറിച്ചുള്ള വിമർശനം. എന്നാൽ, കൃത്യമായി സർവീസ് നടത്തിയാൽ അത് വൻ വിജയമാകും എന്ന് തന്നെയാണ് അദ്ദേഹം ശ്രീനിവാസനുമായി ചേർന്ന് 16 വർഷത്തിനു ശേഷം തിരിച്ചുവന്ന ഞാൻ പ്രകാശൻ കാണാനുള്ള തിരക്ക് തെളിയിക്കുന്നത്.

തള്ളിന്‍റെ അതിപ്രസരം

അതിശയോക്തിപരമായി പ്രമോഷനുകൾ അതിനിരാശയുണ്ടാക്കുന്നുവെന്നാണ് അമിതപ്രതീക്ഷ നൽകിയ ചിത്രങ്ങളുടെ പുറത്തുണ്ടായ വിവാദം സൂചിപ്പിക്കുന്നത്. ചിത്രീകരണം നീണ്ടതിന്‍റെ പേരിൽ ട്രോൾ ആയി മാറിയ പൂമരം, മോഹൻലാലിൻറെ വമ്പൻ ചിത്രം ഒടിയൻ ഇവ പ്രതീക്ഷിച്ച അഭിപ്രായം ഉണ്ടാക്കിയപ്പോൾ ഒരു തരി പോലും അവകാശവാദമില്ലാതെ വന്ന ക്വീൻ, അരവിന്ദന്‍റെ അതിഥികൾ, ഒരു പഴയ ബോംബ് കഥ, പഞ്ചവർണ തത്ത, ബി ടെക് എന്നീ ചിത്രങ്ങൾ ഭേദപ്പെട്ട വിജയമായി.

കൂടുന്ന സ്ക്രീനുകൾ

കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി നല്ല പ്രദർശനശാലകൾ തിരിച്ചുവരുന്ന പ്രവണതയുണ്ട്. പോയവർഷം അത് കൂടി വന്നു. ഇത് സിനിമകളിലേക്ക് കൂടുതൽ പ്രേക്ഷകർ എത്താൻ പ്രധാന കാരണമായിട്ടുണ്ട്‌.

എടുത്തു മാറ്റുന്ന പടങ്ങൾ

പ്രേക്ഷകർ കേട്ടറിഞ്ഞ പ്രേക്ഷകർ എത്തുമ്പോഴേക്കും പല കാരണങ്ങൾ കൊണ്ട് തീയറ്ററിൽ നിന്നും പടം മാറ്റുന്നത് ഒന്നിലേറെ തവണ വിവാദമായി. തിയറ്ററുകളുടെ എണ്ണം കൂടിയാലും വ്യക്തമായ മാർക്കറ്റിങ് തന്ത്രവും വിതരണ സമ്പ്രദായവും ഇല്ലെങ്കിൽ അണിയറക്കാർക്ക് നിരാശയാവും ഫലം എന്ന് വീണ്ടും തെളിയിക്കുന്നു.
First published: December 31, 2018, 11:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories