• HOME
 • »
 • NEWS
 • »
 • film
 • »
 • John Paul | പ്രശസ്ത ചലച്ചിത്രകാരന്‍ ജോണ്‍ പോള്‍ അന്തരിച്ചു

John Paul | പ്രശസ്ത ചലച്ചിത്രകാരന്‍ ജോണ്‍ പോള്‍ അന്തരിച്ചു

നൂറിലധികം ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട്.

 • Share this:
  പ്രമുഖ തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ (John Paul) അന്തരിച്ചു. 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നൂറിലധികം ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. സ്കൂൾ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമനായി 1950 ഒക്ടോബർ 29ന് എറണാകുളത്താണ് ജോൺ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദം നേടി. ഭാര്യ ഐഷ എലിസബത്ത്, മകൾ ജിഷ ജിബി.

  ഇന്ന് ആശുപത്രിയിൽ തന്നെ സൂക്ഷിക്കുന്ന മൃതദേഹം ഞായറാഴ്ച രാവിലെ എറണാകുളം ടൗൺഹാളിലും ചാവറ കൾച്ചറൽ സെന്ററിലും പൊതുദർശനത്തിന് വെക്കും. പിന്നീട് മരടിലെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകും. വൈകിട്ട് എളംകുളം പള്ളിയിലാണ് സംസ്കാരം.

  1980 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺപോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക്  തിരക്കഥയെഴുതി.  ചാമരം, ഓർമക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ ജോൺപോൾ മലയാളചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം ജോൺപോൾ ആയിരുന്നു. കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ (MACTA) സ്ഥാപക സെക്രട്ടറിയാണ് ജോൺപോൾ.

  ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് ബാങ്ക് ഉദ്യോഗസ്ഥനായും പത്രപ്രവർത്തകനായും ജോലിചെയ്തു. കേരള ടൈംസ് എന്ന പത്രത്തിൽ ചലച്ചിത്ര ഫീച്ചർ എഴുത്തുകാരനായിരുന്നു ജോൺപോൾ. ഇക്കാലത്ത് എറണാംകുളം ഫിലിം സൊസൈറ്റിയിൽ ഒരു അംഗമായിരുന്നു അദ്ദേഹം. കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടലാണ് അദ്ദേഹം അവസാനമായി തിരക്കഥയെഴുതിയ സിനിമ.

  മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എംടി വാസുദേവൻനായർ സംവിധാനം ചെയ്ത സംസ്ഥാന, ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന ചലച്ചിത്രത്തിന്റെ നിർമാതാവായിരുന്നു. ഗ്യാങ്സ്റ്റർ, കെയർഓഫ് സൈറാബാനു എന്നീ സിനിമകളിൽ അഭിനയിച്ചു.

  സംവിധായകൻ ഭരതനുവേണ്ടിയാണ് ജോൺ പോൾ ഏറ്റവുമധികം തിരക്കഥകൾ എഴുതിയത്.ചാമരം, മാമരം, സന്ധ്യമയങ്ങും നേരം,പാളങ്ങള്‍, ഇത്തിരി പൂവേ ചുവന്ന പൂവേ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം,കേളി ,മാളൂട്ടി, ചമയം,മഞ്ജീരധ്വനി,ഒരു സായാഹ്നത്തിന്റെ സ്വപ്നം,നീല കുറുഞ്ഞി പൂത്തപ്പോള്‍, കാതോട് കാതോരം എന്നിവയാണ് ജോണ്‍ പോള്‍- ഭരതന്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍.  ഐ.വി.ശശി, മോഹൻ, ജോഷി, കെ.എസ്.സേതുമാധവൻ, പി.എൻ. മേനോൻ, കമൽ, സത്യൻ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, പി.ജി.വിശ്വംഭരൻ, വിജി തമ്പി തുടങ്ങിയ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു.
  Published by:Arun krishna
  First published: