നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Onam 2021| തിരുവോണപ്പുലരിയില്‍ പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് ശ്രീകുമാരന്‍ തമ്പി

    Onam 2021| തിരുവോണപ്പുലരിയില്‍ പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് ശ്രീകുമാരന്‍ തമ്പി

    1966 ജൂലൈ ഒൻപതിനാണ് ശ്രീകുമാരൻ തമ്പി വെള്ളിത്തിരയിലേക്ക്‌ ആദ്യമായി കടന്നു വന്നത്‌

    ശ്രീകുമാരൻ തമ്പി

    ശ്രീകുമാരൻ തമ്പി

    • Share this:
      തിരുവോണപ്പുലരിയില്‍ പുതിയ സംരഭത്തിന് തുടക്കം കുറിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. റിതംസ് ഓഫ് ലൈഫ് - എ ശ്രീകുമാരന്‍ തമ്പി ഷോ (Rhythams of Life - A Sreekumaran Thampi Show ) എന്ന തന്റെ പുതിയ യുട്യൂബ് ചാനലാണ് അദ്ദേഹം മലയാളികൾക്ക് പരിചയപ്പെടുത്തിയത്. ജീവിതവുമായി ബന്ധപ്പെട്ട് പല വിഷയങ്ങളാണ് യുട്യൂബ് ചാനലിലൂടെ അദ്ദേഹം പങ്ക് വെയ്ക്കുക.

      ശ്രീകുമാരൻ തമ്പി സിനിമയില്‍ അരങ്ങേറി 55 വര്‍ഷം പൂര്‍ത്തിയായി. 1966 ജൂലൈ ഒൻപതിനാണ് വെള്ളിത്തിരയിൽ ആദ്യമായി 'ഗാനരചന ശ്രീകുമാരൻ തമ്പി' എന്ന് തെളിഞ്ഞത്. പി സുബ്രഹ്മണ്യം നിർമാതാവും സംവിധായകനുമായ നീലാപ്രൊഡക്ഷൻസിന്റെ കാട്ടുമല്ലിക എന്ന ചിത്രം തീയേറ്ററുകളിൽ എത്തിയത് അന്നായിരുന്നു. ഇന്ന് തന്റെ സിനമാജീവിതത്തിനു 55 വയസ്സ് പൂർത്തിയാകുന്നുവെന്നും ശ്രീകുമാരൻ തമ്പി ആരാധകരെ ഓർമിപ്പിച്ചു.



      'അടുത്തകാലത്ത് പുതിയ മൂന്നു സിനിമകൾക്ക് വേണ്ടി ഗാനങ്ങൾ എഴുതി. "വാട്ടർ--ഒരു പരിണാമം "', "കണ്ണാടി ", "പെർഫ്യൂം" എന്നിവയാണ് ചിത്രങ്ങൾ. പുതിയ സംഗീത സംവിധായകർ. കൊറോണാ കുരുക്കിൽ പെട്ടു കിടക്കുകയാണ് ഈ ചിത്രങ്ങൾ എന്ന് വിചാരിക്കുന്നു.. ഇപ്പോഴും "വീണ്ടും എഴുതണം" എന്ന് സ്നേഹപൂർവ്വം നിർബ്ബന്ധിക്കുന്ന എന്റെ പാട്ടുകളുടെ ആരാധകരായ എല്ലാ സുമനസ്സുകൾക്കും എന്റെ സ്നേഹം, നന്ദി, കടപ്പാട്.'- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ശ്രീകുമാരൻ തമ്പിയുടെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയത്. പെർഫ്യൂം എന്ന സിനിമയിലെ രാജേഷ് ബാബു കെ സംഗീതം നൽകി മധുശ്രീ നാരായണൻ ആലപിച്ച ഗാനമാണ് ഇത്.

      മലയാളികളുടെ 'ഹൃദയഗീതങ്ങളുടെ കവി' ശ്രീകുമാരൻ തമ്പിക്ക് ഇക്കഴിഞ്ഞ മാർച്ചിൽ 81 വയസ് പൂർത്തിയായി. കളരിക്കൽ കൃഷ്‌ണപിളളയുടേയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും അഞ്ചു മക്കളിൽ മൂന്നാമനായി 1940 മാർച്ച് 16-ന്‌ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ്‌ ശ്രീകുമാരൻ തമ്പി ജനിച്ചത്. മലയാള സിനിമാ ചരിത്രത്തിൽ ഒഴിച്ചുകൂടാനാകാത്ത ഏടാണ് ശ്രീകുമാരൻ തമ്പി എഴുതി ചേർത്തത്.

      മൂവായിരത്തിലധികം ഗാനങ്ങൾ മലയാള ചലച്ചിത്രരംഗത്ത് ശ്രീകുമാരൻ തമ്പിയുടെ സംഭാവനയാണ്. 1966-ൽ പുറത്തിറങ്ങിയ കാട്ടുമല്ലിക എന്ന ചിത്രത്തിന് ഗാനങ്ങൾ എഴുതിയാണ് ചലച്ചിത്ര ലോകത്ത് ശ്രീകുമാരൻ തമ്പിയുടെ അരങ്ങേറ്റം. കൂടാതെ, മുപ്പതോളം സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. ഗാനരചനയ്കക്കും സംവിധാനത്തിനും പുറമേ, തിരക്കഥാ രചനയിലും സജീവമായിരുന്നു അദ്ദേഹം. എഴുപത്തിയെട്ട് സിനിമകൾക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്. തോപ്പിൽ ഭാസിക്കും എസ്.എൽ. പുരത്തിനും ശേഷം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തിരക്കഥകൾ രചിച്ചിട്ടുള്ള എഴുത്തുകാരൻ കൂടിയാണ് ശ്രീകുമാരൻ തമ്പി.

      പ്രണയഗാനങ്ങൾ എഴുതുന്നതിലെ അസാമാന്യമായ വൈഭവമാണ് ‘ഹൃദയഗീതങ്ങളുടെ കവി’എന്ന വിശേഷണത്തിന് അദ്ദേഹത്തെ അർഹനാക്കിയത്. വയലാർ രാമവർമ്മ, പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ് എന്നിവർക്കൊപ്പം മലയാളചലച്ചിത്രഗാനശാഖയെ സമ്പുഷ്ടമാക്കിയ കവികളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്. എഞ്ചിനീയറിങ് ബിരുദ്ധധാരിയായ ശ്രീകുമാരൻ തമ്പി 1966-ൽ കോഴിക്കോട്ട്‌ അസിസ്‌റ്റന്റ്‌ ടൗൺ പ്ലാനറായിരിക്കെ ജോലി രാജിവെച്ചാണ് കലാരംഗത്ത് സജീവമാകുന്നത്.
      Published by:Karthika M
      First published:
      )}