• HOME
  • »
  • NEWS
  • »
  • film
  • »
  • Aayirathonnam Raavu | മലയാള ചിത്രം 'ആയിരത്തൊന്നാം രാവിന്' ദുബായിയിൽ തുടക്കം

Aayirathonnam Raavu | മലയാള ചിത്രം 'ആയിരത്തൊന്നാം രാവിന്' ദുബായിയിൽ തുടക്കം

Malayalam movie Aayirathonnam Raavu starts rolling | ഷെയ്ൻ നിഗമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധനേടിയ ജുമാ നാ ഖാൻ നായികയാവുന്നു

ആയിരത്തൊന്നാം രാവ്

ആയിരത്തൊന്നാം രാവ്

  • Share this:
യു.എ.ഇയിലെ ദുബായ്, റാസൽ ഖൈമാ, ഷാർജ, അബുദാബി, അജ്മാൻ എന്നിവിടങ്ങളെ പ്രധാന പശ്ചാത്തലമാക്കി ചിത്രീകരിക്കുന്ന, 'ആയിരത്തൊന്നാം രാവ്' (Aayirathonnam Raavu) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ ആറിന് ആരംഭിച്ചു. സലാം ബാപ്പുവാണ് (Salam Bappu) ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.

ഷെയ്ൻ നിഗമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധനേടിയ ജുമാ നാ ഖാൻ നായികയാവുന്നു. കണ്ണൂർ സ്വദേശിനിയായ ജുമാനാ ഖാൻ ഇപ്പോൾ ദുബായിൽ താമസമാണ്.

മോഹൻലാൽ, ഫഹദ് ഫാസിൽ, ആസിഫ് അലി, തുടങ്ങിയ താരങ്ങൾ അഭിനയിച്ച റെഡ് വൈൻ, മമ്മൂട്ടി നായകനായ മംഗ്ലീഷ് എന്നീ ചിത്രങ്ങൾക്കു ശേഷം സലാം ബാപ്പു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തൻ്റെ കഴിഞ്ഞ രണ്ടു ചിത്രങ്ങളുടേയും തിരക്കഥകൾ മറ്റുള്ളവരാണ് ഒരുക്കിയതെങ്കിൽ ഇക്കുറി തൻ്റെ പുതിയ ചിത്രത്തിന് സലാം ബാപ്പു തന്നെ തിരക്കഥ ഒരുക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്.

ഇതിനു മുമ്പ് ഒരു കന്നഡ ചിത്രത്തിനു വേണ്ടി സലാം ബാപ്പു തിരക്കഥ രചിച്ചിരുന്നു. ഭാവന നായികയായി അഭിനയിച്ച sreekrishna@gmail.com എന്ന ചിത്രത്തിനു വേണ്ടി തിരക്കഥ രചിച്ചിരുന്നു. അതിനു ശേഷം ഇപ്പോഴാണ് ഈ രംഗത്തേക്കു കൂടി കടന്നു വരുന്നത്. യു.എ.ഇ.യിലെ സാമൂഹ്യ, സാംസ്ക്കാരിക, കലാ കൂട്ടായ്മകളിലെ പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബസുമിത്രാദികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു തുടക്കം.

നിർമ്മാതാക്കളായ ഗ്യാംകുമാർ എസ്., സിനോ ജോൺ തോമസ്, ഷെറീഫ് എം.പി. എന്നിവർ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമിട്ടത്. സിനോ ജോൺ തോമസ്, ഷെരീഫ് എം.പി. എന്നിവർ സ്വിച്ചോൺ കർമ്മവും ശ്യാംകുമാർ ഫസ്റ്റ് ക്ലാപ്പും നൽകി. ഇൻഡ്യൻ അസ്സോസ്സിയേഷൻ ചെയർമാൻ എസ്.എ. സലിം, ഇൻകാസ് വൈസ് പ്രസിഡൻ്റ് നാസർ അൽ മഹാ വൈ.എം.സി.എ. പ്രസിഡൻ്റ് കിഷോർ ഗോൾഡൻ എസ് ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ എൽ ജോ മാത്യു, എന്നിവർ ആശംസകൾ നേർന്നു. സലാം ബാപ്പു സ്വാഗതമാശംസിച്ചു.

സൗഹൃദത്തിൻ്റെ കഥ പറയുന്ന ഈ ചിത്രം ബിരുദ പഠനത്തിനു ശേഷം മലപ്പുറത്തു നിന്നും ദുബായിലെത്തുന്ന ഒരു യുവാവിൻ്റെ കഥ പറയുന്നു. താൻ ഇതുവരെ കണ്ടതോ കേട്ടതോ പ്രതീക്ഷിച്ചതോ അല്ലാത്ത ഒരു നഗരത്തിൽ എത്തിപ്പെടുന്ന ആളിന്റെ പുതിയ അനുഭവങ്ങളാണ് ഈ ചിത്രം പറയുന്നതെന്ന് സംവിധായകൻ സലാം ബാപ്പു പറഞ്ഞു.

സൗബിൻ ഷാഹിർ, രൺജി പണിക്കർ, ജോയ് മാത്യു, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത് അലക്സാബർ, അഫ്സൽ അച്ചൻ താരങ്ങളും യു.എ.ഇ.യിലെ നിരവധി കലാകാരന്മാരും ഈ ചിത്രത്തിൽ അണിനിരക്കുന്നു. 'ഹൃദയം' തുടങ്ങി നിരവധി ചിത്രങ്ങളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കി ശ്രദ്ധേയനായ ഹിഷാം അബ്ദുൾ വഹാബ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. സുഹൈൽ സുഹൈൽ മുഹമ്മദ് കോയയുടേതാണ് ഗാനങ്ങൾ.

ഛായാഗ്രഹണം- വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം, കലാസംവിധാനം - സുരേഷ് കൊല്ലം, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യും - ഡിസൈൻ- ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല, ഗോൾഡൻ എസ്. പിക്ച്ചേഴ്സിൻ്റെ ബാനറിൽ ശ്യാംകുമാർ എസ്., സിനോ ജോൺ തോമസ്, ഷെരീഫ് എം.പി. എന്നിവർ നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.

അമ്പതു ദിവസത്തോളം യു.എ.ഇയിലെ വിവിധ പ്രവിശ്യകളിലായി ഈ ചിത്രീകരണമുണ്ടാകും. കേരളത്തിൽ ഒരാഴ്ച്ച ചിത്രീകരിക്കും. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- രാംദാസ് മാത്തൂർ.
Published by:user_57
First published: