തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളിയും, ജയരാജിന്റെ ഹാസ്യവും 2021ൽ നടക്കുന്ന 25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തിൽ തെരഞ്ഞെടുത്തു.
തിയറ്ററുകൾ തുറന്ന ശേഷം തിയതി തീരുമാനിക്കും. കോവിഡിനെ തുടർന്ന് വൈകിയെങ്കിലും
25-ാമത് ചലച്ചിത്രോത്സവം നടത്താനാണ് ചലച്ചിത്ര അക്കാദമിയുടെ തീരുമാനം. മത്സര വിഭാഗത്തിലേക്ക് ഇന്ത്യൻ സിനിമയിൽ നിന്നും മോഹിത് പ്രിയദർശി സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ 'കോസ', അക്ഷയ് ഇന്ദിക്കർ സംവിധാനം ചെയ്ത മറാത്തി ചിത്രമായ 'സ്ഥൽ പുരാൺ' എന്നിവയും തിരഞ്ഞെടുത്തു.
സംവിധായകൻ മോഹൻ ചെയർമാനും എസ്. കുമാർ, പ്രദീപ് നായർ, പ്രിയ നായർ, ഫാദർ ബെന്നി ബെനഡിക്ട് എന്നിവർ അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകൾ തിരഞ്ഞെടുത്തത്. മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങൾ പ്രദർശിപ്പിക്കും. മഹേഷ് നാരായണിന്റെ 'സീ യു സൂൺ', ശംഭു പുരുഷോത്തമന്റെ 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ', രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25', സനൽകുമാർ ശശിധരന്റെ 'കയറ്റം' എന്നീ ചിത്രങ്ങളും ഉൾപ്പെടുത്തി.
ഗ്രാമവൃക്ഷത്തിലെ കുയിൽ (കെ.പി. കുമാരൻ), സീ യു സൂൺ (മഹേഷ് നാരായണൻ), സന്തോഷത്തിന്റെ ഒന്നാം രഹസ്യം (ഡോൺ പാലത്തറ), ലവ് (ഖാലിദ് റഹ്മാൻ), മ്യൂസിക്കൽ ചെയർ (വിപിൻ ആറ്റ്ലി), അറ്റെൻഷൻ പ്ളീസ് (ജിതിൻ ഐസക് തോമസ്), വാങ്ക് (കാവ്യ പ്രകാശ്), പക - ദ് റിവർ ഓഫ് ബ്ലഡ് (നിതിൻ ലൂക്കോസ്), തിങ്കളാഴ്ച്ച നിശ്ചയം (സെന്ന ഹെഗ്ഡെ) എന്നിവയാണ് മറ്റു ചിത്രങ്ങൾ.
കലൈഡോസ്കോപ് വിഭാഗത്തിൽ ആറ് ചിത്രങ്ങൾ പ്രതീക്ഷിക്കാം. കമൽ, ബീന പോൾ, സിബി മലയിൽ, റസൂൽ പൂക്കുട്ടി, വി.കെ. ജോസഫ്, സി. അജോയ് എന്നിവർ അടങ്ങുന്ന കമ്മിറ്റിയാണ് ‘കലൈഡോസ്കോപ്പ്’ വിഭാഗത്തിലേക്ക് ചിത്രങ്ങൾ തിരഞ്ഞെടുത്തത്.
1956, മധ്യതിരുവിതാംകൂർ (ഡോൺ പാലത്തറ), ബിരിയാണി (സജിൻ ബാബു), വാസന്തി (ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ) എന്നിവയാണ് മലയാള ചിത്രങ്ങൾ.
സണ്ണി ജോസഫ് ചെയർമാനും, നന്ദിനി രാംനാഥ്, ജയൻ കെ. ചെറിയാൻ, പ്രദീപ് കുർബാ, പി.വി. ഷാജികുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ഇന്ത്യൻ സിനിമകൾ തിരഞ്ഞെടുത്തത്. 'ഇന്ത്യൻ സിനിമ നൗ' വിഭാഗത്തിൽ ഏഴ് സിനിമകളാണ് ഉള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.