ഇന്ന് വിമെൻസ് ഡേ. രാവിലെ എട്ടര മണിക്ക് വിമെൻസ് ഡേ ആഘോഷത്തിൽ പങ്കെടുത്ത കഥ പറഞ്ഞുകൊണ്ടാണ് മല്ലിക സുകുമാരൻ മൂത്ത മരുമകൾ പൂർണ്ണിമയ്ക്കൊപ്പമുള്ള ലൈവിൽ പങ്കെടുക്കാൻ എത്തിയത്. 'അമ്മായിയമ്മയെ കുറിച്ച് എന്താ വിചാരിച്ചത്?' എന്ന് മല്ലിക.
അമ്മയെ കിട്ടാറില്ല, എപ്പോഴും തിരക്കാണ് എന്ന് പരാതി പറഞ്ഞുകൊണ്ട് പൂർണ്ണിമ ആരാധകരുടേതായ ഓരോരോ ചോദ്യങ്ങൾ പുറത്തെടുത്തു. എങ്ങനെ ഇങ്ങനെ നോൺ-സ്റ്റോപ്പ് ആയി സെൻസ് ഓഫ് ഹ്യൂമർ നിലനിർത്തുന്നു എന്നറിയണം ഒരു ആരാധികയ്ക്ക്.
"അമ്മ പണ്ടേ അങ്ങനെയല്ലേ? ഹ്യൂമറസ് ആയി കാണുന്നതുകൊണ്ടാണല്ലോ ഇങ്ങനെ രണ്ടു മരുമക്കളെ കിട്ടിയത്?" പൂർണ്ണിമയെ വരെ പൊട്ടിചിരിപ്പിച്ച് അമ്മായിയമ്മയുടെ മികച്ച മറുപടി അതാ എത്തി.
'പെയ്തൊഴിയാതെ' സീരിയലിൽ മല്ലികയുടെ ഒപ്പം പൂർണ്ണിമയും വേഷമിട്ടിരുന്നു. അവിടെയാണ് ഇന്ദ്രജിത് പൂർണ്ണിമയെ പരിചയപ്പെടുന്നത്. അന്ന് വീട്ടിൽ വന്ന് 'ഏക് ലഡ്കി...' സ്വയം കൊട്ടിപ്പാടി ഇരിക്കുന്ന ഇന്ദ്രജിത്തിനെ മല്ലികയ്ക്ക് ഇന്നും ഓർമ്മയുണ്ട്.
ഹ്യൂമറസായി ഇരിക്കുന്നത് നമുക്ക് ഒപ്പം ഇരിക്കുന്നവർക്കും സന്തോഷം നൽകും എന്ന് മല്ലികയുടെ ഉപദേശം. അതാണ് ഈ കുടുംബം മുഴുവൻ എപ്പോഴും മുന്നോട്ടു പോകാൻ കാരണം എന്ന് പൂർണ്ണിമയും.
ഇത്രയും വിവേകമുള്ള മക്കളെ എങ്ങനെ വളർത്തിക്കൊണ്ടുവന്നു എന്നൊരാൾക്കറിയാൻ ആകാംക്ഷ.
"ആന്റി ഇങ്ങനെയൊക്കെ തന്നെയാണ്. പഠിക്കുന്ന കാലം മുതലേ അങ്ങനെയാ. പത്തിലും പ്ലസ് ടുവിലും ആയി മക്കൾ പഠിക്കുമ്പോഴാണ് പ്രതിസന്ധി ഉണ്ടാവുന്നത്. അന്ന് മുതലേ താൻ ഇങ്ങനെയാണ്. നമ്മൾ നമ്മളായി ഇരിക്കുക എന്നത് കൊണ്ടാണ് എപ്പോഴും സ്വീകാര്യത ലഭിക്കുന്നത്."
എപ്പോഴെങ്കിലും അമ്മയെ അവഗണിച്ചിട്ടുണ്ടോ എന്നായി മറ്റൊരാൾ! പൂർണ്ണിമയോടാണ് ചോദ്യം.
"ഇങ്ങോട്ടൊന്നും വരാറേയില്ല. ലോകം മുഴുവൻ കറങ്ങാൻ പോകും, മക്കളെയും കൊണ്ട് വരാൻ പറഞ്ഞാൽ ഇന്ദ്രൻ വരും. അമ്മ വയസ്സാകുമ്പോൾ മക്കൾ ഇങ്ങോട്ടു വന്ന് ആഘോഷിക്കണം എന്ന് നിബന്ധനവയ്ക്കേണ്ടിയിരിക്കുന്നു," എന്ന് സ്വതസിദ്ധമായ ശൈലിയിൽ മല്ലിക.
പിള്ളേരുടെ ക്ളാസ് ഉണ്ട് എന്ന് പൂർണ്ണിമയുടെ എക്സ്ക്യൂസ്.
ആൺമക്കൾ വന്നില്ലെങ്കിലും പരിഭവമില്ല. പത്തിരുപതിനാല് വർഷം അവരെ കണ്ടതാ. പക്ഷെ മരുമക്കളും കൊച്ചുമക്കളും വന്നാൽ മതി എന്നാണു അമ്മയുടെ ആഗ്രഹം.
മക്കളെ ധൈര്യമുള്ള, സ്ത്രീകളെ ബഹുമാനിക്കുന്ന മക്കളായി കൊണ്ടുവരാൻ മല്ലിക സുകുമാരൻ എന്ന അമ്മയ്ക്ക് എങ്ങനെയായി?
അതൊരു ബുദ്ധിമുട്ടുള്ള കടമ്പയാണ്. മക്കൾക്കും 15, 17 വയസ്സുള്ളപ്പോൾ ആണ് അവരുടെ അച്ഛൻ പോയത്. 22 വയസ്സ് വരെയുള്ള ആൺകുട്ടികളുടെ ജീവിതം കെയർഫുൾ ആകണം എന്ന് തനിക്കറിയാമായിരുന്നു. മക്കൾ രണ്ടുപേരും അമ്മയുടെ സാഹചര്യം മനസ്സിലാക്കി വളർന്നു എന്ന് മല്ലിക. ഇപ്പോഴും അവർ പഠിച്ച സൈനിക് സ്കൂളിലെ അധ്യാപകർ കണ്ടാൽ മക്കളെ കുറിച്ച് പറഞ്ഞ് അഭിനന്ദിക്കും എന്ന് മല്ലിക.
പണ്ട് സീരിയലിൽ അഭിനയിക്കുന്ന കാലത്ത് 'അമ്മയെ ഡ്രോപ്പ് ചെയ്തു പിക്ക് ചെയ്യുന്ന ആൺമക്കളെ പൂർണ്ണിമയും കണ്ടിട്ടുണ്ട്. ഓരോസമയത്തും മാറി മാറി അമ്മയെ ഷൂട്ടിങ്ങിനു കൊണ്ടുവരാനും, ഡബ്ബിങ്ങിന് കൊണ്ട് വരാനും മക്കൾ ഉണ്ടായിരുന്നു. അവരുടെ ഭാഗത്തുള്ള പിന്തുണയാണ് വീണ്ടും അഭിനയത്തിലേക്ക് മടങ്ങി വരാൻ അമ്മയ്ക്ക് അന്ന് കരുത്ത് നൽകിയത് എന്ന് പൂർണ്ണിമയും സാക്ഷ്യപ്പെടുത്തുന്നു.
അന്നൊക്കെ മക്കളുടെ പിന്തുണയായിരുന്നു തനിക്കെല്ലാം എന്ന് മല്ലിക. അച്ഛൻ പോയപ്പോൾ അമ്മയ്ക്ക് അവരായി എല്ലാം. വളർന്നു സ്വന്തം കുടുംബമായാലും അവർക്ക് ആ സ്നേഹം ഇപ്പോഴും ഉണ്ട്. ഇതുകേട്ട് ക്യാമറയുടെ മുന്നിൽ വരാതെ മാറിയിരുന്ന ഇന്ദ്രജിത് ചിരിക്കുന്നു എന്ന് പൂർണ്ണിമ.
അന്നത്തെയും ഇന്നത്തെയും സിനിമാ പ്രവർത്തനത്തിലെ തന്റെ കാഴ്ചപ്പാടിനെക്കുറിച്ച് പറയാനും മല്ലികയ്ക്കു ഒരു ചോദ്യം അവസരം നൽകി.
പണ്ട് സിനിമ എന്നാൽ ഒരു കുടുംബമാണ്. ഇന്ന് ഓരോരുത്തരും കാരവനിൽ കേറി വാതിൽ അടയ്ക്കും. കാലം മാറുമ്പോൾ പഴയകാല ബന്ധങ്ങളുടെ തീവ്രത കുറയും. അന്നൊക്കെ കൊണ്ടുവരുന്ന ഭക്ഷണം പങ്കിടും. ഇന്ന് ഓരോരുത്തർക്കും ശല്യപ്പെടുത്താതിരിക്കാനാണ് ഇഷ്ടം.
ഷൂട്ടിംഗ് എന്നാൽ ബന്ധുക്കളുടെ വീട്ടിൽ പോകുന്ന സന്തോഷം പോലാണ്. ഇന്നത്തെ കാലത്ത് തന്റെ കൊച്ചുമക്കൾക്കു പോലും കുടുംബത്തിലെ ബന്ധുക്കളെ എല്ലാപേരെയും അറിയാൻ ഇടയില്ല.
ജീവിതത്തിലെ പ്രതിസന്ധികൾ നേരിടാനും മല്ലികയ്ക്ക് തന്റേതായ രീതിയുണ്ട്. ജീവിതത്തിൽ പ്രതിസന്ധി വരുമ്പോൾ ഇതോടു കൂടി ഞാൻ ഇല്ലാതായി എന്ന് കരുതരുത്. രണ്ടു മക്കളും പഠിച്ചു മിടുക്കരായി വരണം എന്ന് ഭർത്താവിന്റെ ആഗ്രഹമായിരുന്നു. നമുക്ക് പറയാനുള്ള കാര്യം തുറന്നു പറയുക. എവിടെപ്പോയാലും നമ്മൾ ആരാണെന്നു ഒരു ഐഡന്റിറ്റി ഉണ്ടാക്കുക. അത് മക്കൾക്ക് വേണ്ടിപ്പോലും മാറ്റില്ല എന്ന് മല്ലിക.
ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടെന്നും, ഇറങ്ങിയാൽ കയറാൻ കഴിയും എന്നും മനസ്സിലാക്കാം. എന്തും തരണം ചെയ്യാനുള്ള മാനസിക ധൈര്യം സൃഷ്ടിക്കണം. ചിറകിനടിയിൽ സൂക്ഷിക്കുന്ന പോലെ ഏതാനും വർഷം അവരെ താൻ മക്കളെ സംരക്ഷിച്ചു, പിന്നെ അവർ അവരുടേതായി നിലനിൽക്കാൻ പഠിച്ചു. പൂർണ്ണിമയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ, 'കെട്ടിക്കോ മോനെ' എന്ന് പറഞ്ഞയാളാണ് താനെന്നും മല്ലിക.
ഒരിക്കലും എന്തെങ്കിലും പാതിവഴിയിൽ ഇട്ടിട്ടു പോവുക എന്ന കാര്യം അമ്മയ്ക്കില്ല എന്ന് പൂർണ്ണിമ. പൂർണ്ണിമയെ കിട്ടിയത് കൊണ്ടാണ് മകൻ ഇന്ദ്രന്റെ മടിമാറിയതെന്നും, മരുമകൾ എന്തും കൃത്യമായി ചെയ്തു തീർക്കുന്ന പ്രകൃതക്കാരിയാണെന്നും മല്ലിക.
തന്റെ ജീവിതത്തിലെ റോൾ മോഡൽ അമ്മയാണെന്ന് മല്ലിക സുകുമാരൻ. എടപ്പാളിലേക്ക് വിവാഹം ചെയ്തു പോകുമ്പോൾ അന്നാട്ടിൽ വച്ചിരുന്ന മൊളോഷ്യം വരെ ഉണ്ടാക്കുന്ന രീതി ചോദിച്ചു കണ്ടെത്തി മകളേ പഠിപ്പിച്ചാണ് അമ്മ തന്നെ അങ്ങോട്ടേക്കയച്ചത് എന്ന് മല്ലിക ഓർക്കുന്നു. മല്ലിക സുകുമാരന്റെ പാട്ടോടു കൂടിയാണ് വിമെൻസ് ഡേ സ്പെഷൽ ലൈവ് അവസാനിച്ചത്. ഒട്ടേറെപ്പേർ ലൈവ് വീഡിയോ കാണാൻ കൂടിയിരുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.