റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള മാമാങ്കം ഡാൻസ് സ്റ്റുഡിയോ പ്രവർത്തനം അവസാനിപ്പിക്കുന്നു. റിമ തന്നെയാണ് സാമൂഹ്യ മധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ആറ് വർഷം നീണ്ട പ്രവർത്തനത്തിനൊടുവിലാണ് മാമാങ്കം പൂട്ടുന്നത്.
കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് സ്ഥാപനം അടക്കുന്നത്. നർത്തകി കൂടിയായ റിമയുടെ സ്വപ്ന പദ്ധതിയായായിരുന്നു മാമാങ്കം. സ്റ്റുഡിയോ പ്രവർത്തനം അവസാനിപ്പിച്ചാലും സ്റ്റേജിലും സ്ക്രീനിലും മാമാങ്കം പ്രവർത്തനം തുടരുമെന്നും റിമ വ്യക്തമാക്കി.
സ്നേഹത്തിന്റെ പുറത്ത് കെട്ടിയുയർത്തിയതായിരുന്നു മാമാങ്കം എന്നും ഇതുമായി ബന്ധപ്പെട്ട് നിരവധി ഓർമകൾ ഉണ്ടെന്നും സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ റിമ കല്ലിങ്കൽ പറയുന്നു.
"പ്രിയപ്പെട്ടവരെ, കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാമാങ്കം സ്റ്റുഡിയോയും ഡാൻസ് ക്ലാസും നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സ്നേഹത്തിന്റെ പുറത്ത് കെട്ടിയുയർത്തിയതായിരുന്നു ഇത്. ഈ സ്ഥലവുമായി ചേർന്ന് നിരവധി ഓർമകളുണ്ട്. ഹൈ എനർജി ഡാൻസ് ക്ലാസുകൾ, നൃത്ത റിഹേഴ്സൽ, സിനിമാ പ്രദർശനം, വർക് ഷോപ്പുകൾ, പ്രളയ ദുരിതാശ്വാസ ക്യാമ്പ്, സംവാദങ്ങളും ചർച്ചകളും, ഷൂട്ടിങ്, എല്ലാം ഇനി ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രതിധ്വനിക്കും.
ഈ ഇടത്തെ യാഥാർത്ഥ്യമാക്കുന്നതിൽ എനിക്കൊപ്പം നിന്ന ഓരോ വ്യക്തിയ്ക്കും ഞാൻ നന്ദി പറയുന്നു. ടീം മാമാങ്കത്തിനും മുഴുവൻ വിദ്യാർത്ഥികൾക്കും നന്ദി. നിങ്ങൾ നൽകിയ പ്രോത്സാഹനങ്ങൾക്കും പിന്തുണയ്കക്കും നന്ദി. " റിമ കല്ലിങ്കലിന്റെ വാക്കുകൾ.
2014ലാണ് മാമാങ്കം ആരംഭിച്ചത്. നിരവധി നൃത്ത ശിൽപ്പങ്ങളും വർക് ഷോപ്പുകളും ഇവിടെ നടന്നിട്ടുണ്ട്. നിരവധി സിനിമകൾക്കും സ്റ്റുഡിയോ ലൊക്കേഷനായിട്ടുണ്ട്. പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പായും മാമാങ്കം പ്രവർത്തിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.