'യാത്ര'യ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും മുഖ്യമന്ത്രിയുടെ വേഷത്തിൽ എത്തുന്നു. സംസ്ഥാനത്തിന്‍റെ ഒന്നാമനായി മമ്മൂട്ടി എത്തുന്ന വൺ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മമ്മൂട്ടിയുടെ തന്നെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവന്നത്.
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഇപ്പോൾ തിരുവനന്തപുരത്ത് നടക്കുകയാണ്. ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ സംവിധായകൻ രഞ്ജിത്ത് ശങ്കർ, ജോജു ജോർജ്, ശങ്കർ രാമകൃഷ്ണൻ, സലീം കുമാർ, ഗായത്രി അരുൺ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, മാമുക്കോയ, ശ്യാമപ്രസാദ്, അലൻസിയർ, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
![]()
വൺ ചിത്രീകരണത്തിനിടെ മമ്മൂട്ടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു. സൌഹൃദ സന്ദർശനമെന്നായിരുന്നു ഇതേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ പരാമർശിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും പിണറായി പങ്കുവെച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.