കൊച്ചി: സിനിമയിലെ ഡിഗ്രേഡിങ് (degrading) എല്ലാക്കാലത്തും ഉണ്ടെന്ന് നടൻ മമ്മൂട്ടി (Mammootty). ഓരോ കാലത്തും അത് ഓരോ രീതിയിലായിരുന്നു. തൻ്റെ പുതിയ ചിത്രമായ ഭീഷ്മ പർവ്വത്തിൻ്റെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാൻസ് ഷോ എന്ന പേരിൽ പ്രത്യേക ഷോയില്ലെന്നും സിനിമയോട് താത്പര്യമുള്ളവരാണ് സിനിമ കാണാനെത്തുന്നതെന്നും മമ്മൂട്ടി പറഞ്ഞു. എല്ലാ സിനിമയും ആസ്വാദകരുടെ സിനിമയാണ്. ഈ സിനിമയ്ക്ക് ഫാൻസ് ഷോ ഇല്ലെന്നും മമ്മൂട്ടി വ്യക്തമാക്കി.
തൻ്റെ മുന്നിൽ വരുന്ന കഥയിൽ നല്ലത് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. പലതും വേണ്ടെന്നു വെയ്ക്കുന്നുണ്ട്. തൻറെ പ്രായത്തിനും ശരീരം അനുവദിക്കുന്നതും ആയ വേഷങ്ങൾ തന്നെയാണ് പലപ്പോഴും തെരഞ്ഞെടുക്കുന്നത്. ചെയ്യാൻ കഴിയും എന്ന് തോന്നുന്ന കഥാപാത്രങ്ങളെ ഉപേക്ഷിക്കാറില്ല എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. കാണാൻ ആരാധകരുണ്ടെങ്കിൽ അഭിനയിക്കാൻ തയ്യാറാണ്. അതു തുടരുക തന്നെ ചെയ്യും.
അമൽ നീരദിൻറെ സംവിധാനത്തിൽ വ്യത്യസ്തമായ കഥയാണ് ഭീഷ്മപർവ്വം. മഹാഭാരതത്തിൻ്റെ മട്ടാഞ്ചേരി വെർഷൻ അല്ല സിനിമ. മഹാഭാരതം ഇല്ലാത്തൊരു കഥയുണ്ടാകില്ലെന്നും മമ്മൂട്ടി പറഞ്ഞു. ഭീഷ്മപർവ്വം കുടുംബ കഥയല്ല, കുടുംബങ്ങളുടെ കഥയാണെന്നും അദ്ദേഹം പറഞ്ഞു.
ബിഗ് ബി എന്ന സിനിമയ്ക്കു ശേഷം വർഷങ്ങൾക്ക് ഇപ്പുറം ആണ് അമൽ നീരദും ആയി ഒത്തു ചേരുന്നത്. ആദ്യ കൂട്ടായ്മയിൽ നിന്ന് രണ്ടാമത്തെ ചിത്രത്തിൽ എത്തുമ്പോൾ സിനിമയിലും സാങ്കേതിക വിദ്യയിലും എല്ലാം ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആ മാറ്റങ്ങൾ സ്വാഭാവികമായും സിനിമയിലും ഉണ്ടാകും. ആദ്യ സിനിമയിലെ ബിലാൽ അല്ലാതാകാൻ ശ്രമിച്ചിട്ടുണ്ട്. പൂർണ്ണമായും ഇത് പുതിയ കഥപാത്രമാണ്. മമ്മൂട്ടി പറഞ്ഞു.
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്ന അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വം വ്യാഴാഴ്ച്ച തിയ്യേറ്ററുകളിലെത്തും. കൊച്ചിയിൽ നടന്ന ചിത്രത്തിന്റെ പ്രമോഷനിൽ നടൻ മമ്മൂട്ടി അടക്കമുള്ള താരങ്ങൾ പങ്കെടുത്തു. ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായ ഒരനുഭവം സമ്മാനിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു.
ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടിൽ തിയ്യേറ്ററിലെത്തുന്ന ചിത്രമാണ് ഭീഷ്മ പർവ്വം. അതുകൊണ്ട് തന്നെ ഭീഷ്മ പർവ്വത്തിന്റെ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരും വലിയ ആകാംഷയിലായിരുന്നു. ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
86 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്. മലയാളത്തിലെ വന്‍ താര നിര ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. സൗബിന് ഷാഹിര്‍, നദിയ മൊയ്തു, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്, നെടുമുടി വേണു, കെപിഎസി ലളിത എന്നിങ്ങനെ നീളും ചിത്രത്തിലെ താര നിര.
നിലവിൽ തിയേറ്ററുകളില്‍ നൂറു ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിക്കുന്നതും ചിത്രത്തെ ഗുണകരമായി ബാധിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ ദിലീഷ് പോത്തൻ, നദിയാ മൊയ്തു, സൗബിൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.