• HOME
 • »
 • NEWS
 • »
 • film
 • »
 • Mammootty | മമ്മൂക്ക ഒരു മൂളിപ്പാട്ടോടെ ശാന്തനായി കാറോടിച്ചു കൊണ്ടേയിരുന്നു; ഓസ്‌ട്രേലിയയിൽ നിന്നൊരു അനുഭവക്കുറിപ്പ്

Mammootty | മമ്മൂക്ക ഒരു മൂളിപ്പാട്ടോടെ ശാന്തനായി കാറോടിച്ചു കൊണ്ടേയിരുന്നു; ഓസ്‌ട്രേലിയയിൽ നിന്നൊരു അനുഭവക്കുറിപ്പ്

ഓസ്ട്രേലിയയിലെ റോഡുകളിലൂടെ കാർ ഓടിച്ച് മമ്മൂട്ടി. വീഡിയോയും അനുഭവക്കുറിപ്പും

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

 • Share this:

  ഡ്രൈവർ സീറ്റിൽ മമ്മൂട്ടി (Mammootty). അദ്ദേഹം വണ്ടിയോടിക്കുന്നത് കണ്ടാസ്വദിച്ച് ഒപ്പമിരിക്കുക. ഓസ്ട്രേലിയയിലെ റോഡിലൂടെ ആ യാത്ര ആസ്വദിക്കുക. അങ്ങനെയൊരു അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് റോബർട്ട് ജിൻസ്. മമ്മുക്കയുടെ ഏറ്റവും അടുത്ത സഹചാരികളിൽ ഒരാളാണ് ജിൻസ്. ജിൻസിനൊപ്പം കാറിൽ ഉണ്ടായിരുന്നത് മമ്മുക്കയുടെ ഭാര്യ സുൽഫത്തും അടുത്ത സുഹൃത്ത് രാജശേഖരനും. അപൂർവങ്ങളിൽ അപൂർവമായ ആ യാത്രാനുഭവത്തിന്റെ വീഡിയോയും അതോടൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പും ചുവടെ:

  മമ്മൂക്കയെക്കുറിച്ച് മുമ്പെങ്ങോ വായിച്ച ഒരു ഫീച്ചറിലെ വാചകം എന്നും ഓർമയിൽ തങ്ങിനിൽക്കുന്നതാണ്. മമ്മൂക്കയ്ക്കൊപ്പം സഞ്ചരിച്ച് തയ്യാറാക്കിയ അതിലെ ആ വാചകം ഇങ്ങനെയായിരുന്നു കാലമേ.. എനിക്ക് പിമ്പേ എന്ന് പറഞ്ഞ് കാറോടിക്കുന്നത് മമ്മൂട്ടിയാണ് ഓസ്ട്രേലിയൻ പാതയിലൂടെയുള്ള ഈ സഞ്ചാരത്തിൽ എനിക്ക് അരികിലുള്ളത് അതേ മമ്മൂക്കയും അദ്ദേഹത്തിന് പിന്നിൽ കാലവുമായിരുന്നു. സിഡ്നിയിൽ നിന്ന് കാൻബറയിലേക്ക് അവിടെ നിന്ന് മെൽബണിലേക്ക്. പുൽമേടുകൾക്കും വൻമരങ്ങൾക്കും നടുവിലൂടെ അതീവ ശാന്തനായി മമ്മൂക്ക കാറോടിച്ചു കൊണ്ടേയിരുന്നു.

  കാറോടിക്കുമ്പോൾ മറ്റുള്ളവരുടെ നിയമ ലംഘനം കണ്ട് പലപ്പോഴും ദേഷ്യപ്പെടും എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഓസ്ട്രേലിയയിലെ യാത്രികർ നമ്മുടെ നാട്ടിലേതുപോലുള്ളവരല്ലാത്തതു കൊണ്ടാകാം മമ്മൂക്ക ഒരിക്കൽപ്പോലും ദേഷ്യപ്പെട്ടില്ല. പകരം മൂളിപ്പാട്ട് പാടി മഴപെയ്യുന്നത് കണ്ട് സന്തോഷിച്ചു, കോളേജ് കാലത്തെക്കുറിച്ചോർത്തു, ഒരുപാട് തമാശപറഞ്ഞു. കൂടെ ഞങ്ങൾ മൂന്നു പേർ. മമ്മൂക്കയുടെ ആത്മമിത്രം രാജശേഖരൻ, സുൽഫത്ത് മാഡം പിന്നെ ഞാനും.

  View this post on Instagram

  A post shared by Robert (Jins) (@robert.jins)

  കേരളത്തിനേക്കാൾ വലിപ്പമുള്ള ദ്വീപ് സംസ്ഥാനമായ ടാസ്മാനിയയുടെ രണ്ടു തീര വശങ്ങൾ മമ്മൂക്ക കാറിൽ പിന്നിട്ടു. ഹോബാർട്ടിൽ നിന്ന് ലോൺസസ്റ്റനിലേക്ക്, അവിടെനിന്ന് സ്വാൻസി,പോർട്ട്‌ ആർതർ വഴി തിരിച്ചു ഹോബാർട്ട്. മടുപ്പേതുമില്ലാതെ, എന്നാൽ ഓരോ കിലോമീറ്ററിലും മമ്മൂക്ക ആവേശഭരിതനായി കാർ പായിച്ചു. റോഷിതിന്റെ ‘DON007’ നമ്പർ പ്ലെയിറ്റുള്ള ബ്രാൻഡ് ന്യൂ കാറുമെടുത്തു രണ്ടു ദിവസം കൊണ്ട് ടാസ്മാനിയ ചുറ്റിക്കണ്ടതോടെ മമ്മൂക്ക ഓസ്‌ട്രേലിയയിലെ ആദ്യ ഘട്ട സന്ദർശനത്തിൽ ഡ്രൈവ് ചെയ്ത ആകെ ദൂരം 2300 കിലോമീറ്റർ! വീണ്ടും ഒരു അദ്ഭുതം.

  ഓസ്ട്രേലിയയിൽ 10 വർഷമായി വാഹനമോടിക്കുന്ന എന്നേക്കാൾ ഇവിടത്തെ ഗതാഗത നിയമങ്ങൾ നിശ്ചയമായിരുന്നു മമ്മൂക്കയ്ക്ക്. ഇടയ്ക്ക് ഏതോ ഒരു ഗതാഗത നിയമത്തിന്റെ പേരിൽ ഞങ്ങൾ തർക്കിച്ചു. മമ്മൂക്ക വിട്ടു തന്നില്ല. ഒടുവിൽ കാറിലിരുന്നു കൊണ്ട് സംശയം തീർക്കാൻ ടാസ്മാനിയൻ ഗതാഗതവകുപ്പിലെ പരിചയക്കാരനായ ഒരുദ്യോഗസ്ഥനെ (സനിൽ നായർ) ഞാൻ വിളിച്ചു. മമ്മൂക്ക പറഞ്ഞതായിരുന്നു ശരി.

  സ്ഥലങ്ങൾ പരിചയപ്പെടുത്തിത്തരാൻ സിഡ്നിയിൽ കിരൺജയിംസും മെൽബണിൽ ഗ്രേറ്റ്‌ ഓഷ്യൻ ഡ്രൈവിന് മദനൻ ചെല്ലപ്പനും ഫിലിപ്പ് അയലൻഡ് ഉൾപ്പെടുന്ന തീരദേശ ഡ്രൈവിന് കിരൺ ജയപ്രകാശും കൂടെയുണ്ടായിരുന്നു. പക്ഷേ അവരെയൊക്കെ കാഴ്ചക്കാരാക്കി മമ്മൂക്ക തികച്ചും ഓസ്ട്രേലിയൻ നിവാസിയായി.അങ്ങനെ കുറച്ചു നല്ല ദിവസങ്ങൾ,നല്ല നിമിഷങ്ങൾ,സിനിമയല്ല കൺമുന്നിൽ ഓടുന്നതെന്ന് വിശ്വസിക്കാൻ പാടുപെട്ട കാഴ്ചകൾ,ദൈവത്തിനും കാലത്തിനും നന്ദി. പിന്നെ എന്നെ സഹയാത്രികനാക്കിയ എൻ്റെ പ്രിയപ്പെട്ട മമ്മൂക്കക്കും.

  Summary: Mammootty takes the driver’s seat for his friends in Australia

  Published by:user_57
  First published: