സലീംകുമാറിനെ 'വല്ലാതെ പുകഴ്ത്തി' മമ്മൂട്ടി; പിറന്നാൾ ആഘോഷം താരനിബിഡമായി

സിനിമകളിലെ സലിംകുമാറിന്‍റെ തമാശകൾക്ക് മറുപടിയായിരുന്നു മമ്മൂട്ടിയുടെ 'പുകഴ്ത്തൽ'. സലിം കുമാറിന്‍റെ അമ്പതാം ജന്മദിനാഘോഷമാണ് കഴിഞ്ഞ ദിവസം നടന്നത്.

News18 Malayalam | news18-malayalam
Updated: October 13, 2019, 4:27 PM IST
സലീംകുമാറിനെ 'വല്ലാതെ പുകഴ്ത്തി' മമ്മൂട്ടി; പിറന്നാൾ ആഘോഷം താരനിബിഡമായി
mammootty
  • Share this:
'വളരെ നല്ല സുമുഖനും സുന്ദരനുമാണ് സലിം കുമാര്‍. പുക വലിക്കില്ല, മദ്യപിക്കാറില്ല, സിനിമ കാണില്ല, അങ്ങനെ ഒരു ചീത്ത സ്വഭാവവും ഇല്ലാത്തയാൾ. നാട്ടുകാര്‍ക്കുവേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യും. കിട്ടുന്ന കാശ് മുഴുവന്‍ നാട്ടുകാര്‍ക്ക് കൊടുക്കും. ഇങ്ങനെയുള്ള ആളാണ് സലിംകുമാര്‍'- സലിംകുമാറിനെ വല്ലാതെ പുകഴ്ത്തി മമ്മൂട്ടി സംസാരിച്ചപ്പോൾ സദസിലും വേദിയിലും ചിരി പടർന്നു. കഴിഞ്ഞ ദിവസം നടന്ന നടൻ സലിംകുമാറിന്‍റെ ജന്മദിനാഘോഷ ചടങ്ങിലായിരുന്നു സംഭവം. സിനിമകളിലെ സലിംകുമാറിന്‍റെ തമാശകൾക്ക് മറുപടിയായിരുന്നു മമ്മൂട്ടിയുടെ 'പുകഴ്ത്തൽ'. സലിം കുമാറിന്‍റെ അമ്പതാം ജന്മദിനാഘോഷമാണ് കഴിഞ്ഞ ദിവസം നടന്നത്.

'വലിയ നടന്മാരെയൊന്നും കിട്ടാത്തതുകൊണ്ടായിരിക്കും എന്നെ വിളിച്ചത്. എനിക്ക് സലിമുമായി വളരെ വലിയ ബന്ധമൊന്നുമില്ല. പരിചയം മാത്രമേയുള്ളു. സലിം എനിക്കു കുറച്ച് പൈസ തന്നതുകൊണ്ടാണ് ഞാന്‍ ഇവിടെ വന്നത്. അദ്ദേഹത്തെപ്പറ്റി നല്ലകാര്യങ്ങള്‍ പറയണം. കുറേ പൊക്കിയടിക്കണം എന്നൊക്കെയാണ് എന്നോട് പറഞ്ഞത്- ഇങ്ങനെ പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി പ്രസംഗിച്ചു തുടങ്ങിയത്.

ഹാസ്യ അഭിനയത്തില്‍ പുതിയ അധ്യായം തുറന്ന നടനാണ് സലിം കുമാറെന്ന് മമ്മൂട്ടി പറഞ്ഞു. 'ജീവിതത്തിലായാലും സിനിമയിലായാലും നിലപാടുള്ള വ്യക്തിത്വമാണ് സലിമിന്റേത്. സലിമുമായി വലരെക്കാലമായി ഒരുപാട് അടുപ്പമുണ്ട് . ഈ പരിപാടിയില്‍ എന്നെ വിളിക്കാന്‍ തോന്നിയതും ഇതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു- മമ്മൂട്ടി പറഞ്ഞു.

കോളേജിൽ തന്‍റെ ജൂനിയറായി പഠിച്ചയാളാണ് സലിംകുമാർ എന്ന് ചടങ്ങിൽ പങ്കെടുത്ത നടൻ ദിലീപ് പറഞ്ഞു. കുടുംബാംഗങ്ങൾ മാത്രമുള്ള ചടങ്ങാണെന്ന് പറഞ്ഞാണ് ചടങ്ങിലേക്ക് തന്നെ വിളിച്ചത്. ഇവിടെ വന്നപ്പോഴാണ് വലിയ പരിപാടിയാണെന്ന് മനസിലായത്. ഇപ്പോൾ അമ്പതാം പിറന്നാൾ ആഘോഷിക്കുന്നു. ഇനി നൂറാം പിറന്നാളും നമ്മൾ ആഘോഷിക്കും- ദിലീപ് പറഞ്ഞു.

തെങ്കാശിപട്ടണം മുതലുള്ള ബന്ധമാണ് സലിംകുമാറുമായി ഉള്ളതെന്ന് നടി കാവ്യ മാധവൻ പറഞ്ഞു. സലിമേട്ടനുമായി ഒരുപാട് രസകരമായ നിമിഷങ്ങൾ ജീവിതത്തിലുണ്ടായിട്ടുണ്ട്. പലപ്പോഴും പറഞ്ഞു പറ്റിക്കും. താനൊരു നമ്പൂതിരിയാണെന്ന് പറഞ്ഞ് ഒരുപാട് കാലം പറ്റിച്ചിട്ടുണ്ട്. കാവ്യയുടെ അമ്മാവനാണെന്നും കാമുകനാണെന്നും സലിംകുമാർ മറ്റുള്ളവരോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ മറക്കാനാകാത്ത ഒരുപാട് അനുഭവങ്ങളുണ്ട്- കാവ്യ മാധവൻ പറഞ്ഞു.

സ്വതസിദ്ധമായ നർമ്മത്തിലൂടെയാണ് സലിംകുമാർ മറുപടി നൽകിയത്. ബോണസായി കിട്ടിയ ജീവിതമാണ് ഇത്. പലതവണ മരണപ്പെട്ടിട്ടുണ്ട്. 2000ലാണ് ആദ്യം മരിക്കുന്നത്. അങ്ങനെ പെട്ടെന്ന് ചാകുന്ന ഇനമല്ല ഞാൻ. കൈയിലിരുപ്പ് വച്ച് പണ്ടേ പോകേണ്ട സമയം കഴിഞ്ഞു. ധർമ്മൻ എന്നൊരു സഹോദരൻ ഉണ്ടായിരുന്നു. മദ്യപിക്കില്ല, പുകവലിക്കില്ല. പക്ഷേ 36-ാമത്തെ വയസിൽ മരിച്ചുപോയി. അതും മദ്യപിക്കുന്നവർക്ക് വന്ന അസുഖം വന്നാണ് മരിച്ചത്.സലിംകുമാറിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി താരനിബിഡമായ ചടങ്ങാണ് സംഘടിപ്പിച്ചത്. ചടങ്ങിൽ മമ്മൂട്ടി, ദിലീപ്, കാവ്യാ മാധവന്‍ എന്നിവരെ കൂടാതെ ലാല്‍ ജോസ്, രമേഷ് പിഷാരടി, ജോണി ആന്‍റണി, ബെന്നി പി നായരമ്പലം തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 13, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍