Mamukkoya appears in a video message to stop fake news | സ്വന്തം മരണ വാർത്ത വിളിച്ചന്വേഷിക്കുന്നവർക്ക് മറുപടി കൊടുക്കേണ്ട അവസ്ഥ ഉണ്ടായാൽ എന്തുചെയ്യണം? മാമുക്കോയ പറയുന്നത് കേൾക്കുക
ഹലോ മാമുക്കോയയല്ലേ? നിങ്ങൾ മരിച്ചില്ലാ? അങ്ങേ തലയ്ക്കലെ ചോദ്യത്തിന് മറുപടി കൊടുക്കുന്നത് മറ്റാരുമല്ല, മാമുക്കോയ തന്നെ. സ്വന്തം മരണ വാർത്ത വിളിച്ചന്വേഷിക്കുന്നവർക്ക് മറുപടി കൊടുക്കേണ്ടി വരുന്ന അവസ്ഥ ആലോചിച്ചു നോക്കൂ. മലയാള സിനിമയിലെ പല പ്രമുഖ താരങ്ങളും ഈ അവസ്ഥയിലൂടെ കടന്നു പോയവരാണ്. നടിമാരായ കനക, ശോഭന, രേഖ എന്നിവരുടെ 'മരണ വാർത്ത' ഉൾപ്പെടെ കോവിഡ് ബാധിച്ച് മോഹൻലാൽ മരിച്ചു എന്നത് വരെ എത്തി നിൽക്കുന്നു വ്യാജ വാർത്താ പ്രചരണം.
നേരം പുലർന്നത് മുതൽ സ്വന്തം മരണവാർത്തക്ക് നിർത്താതെ മറുപടി പറയേണ്ട അവസ്ഥയുണ്ടായാലത്തെ സ്ഥിതി ആലോചിക്കാവുന്നതേയുള്ളൂ.
അതിനുവേണ്ടി ആർക്കാണ് മാമുക്കോയയോട് ഇത്ര ശത്രുത എന്ന് അടുത്തിരിക്കുന്നയാൾ ചോദിക്കുമ്പോൾ, അത് മമ്മൂട്ടിക്കാണെന്നാണ് മാമുക്കോയ നൽകുന്ന ഉത്തരം. അവർ തമ്മിലാണത്രെ സിനിമാമേഖലയിൽ കടുത്ത മത്സരം. അത് ഹാസ്യരൂപേണ നൽകുന്ന മറുപടിയാണെന്നു മാത്രം. പണിയില്ലാത്ത കുറെ പേര് പടച്ചു വിടുന്ന വാർത്ത വിശ്വസിക്കാൻ കുറേപേർ തയാറാവുന്നതാണ് ഇത്തരം കാര്യങ്ങൾ കാട്ടുതീ പോലെ പടർന്നു പിടിക്കാൻ കാരണമാവുന്നതും. ഇതിനെതിരെ ജാഗരൂഗരായിരിക്കാനുള്ള സന്ദേശവും മാമുക്കോയ നൽകുന്നു.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വ്യാജ വാർത്തക്കെതിരായ ക്യാംപെയ്‌നിന്റെ ഭാഗമായാണ് മാമുക്കോയ ഈ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഇത്തരം കാര്യങ്ങൾ കണ്ടുമുട്ടുന്നവർ അധികൃതരെ ബന്ധപ്പെടാനുള്ള വിവരവും ഇതിൽ തന്നെ നൽകുന്നു. വീഡിയോ ചുവടെ:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.