പ്രശസ്ത ഹിന്ദി സിനിമാതാരം മനോജ് ബാജ്പയിക്ക് ഇന്ന് 52 വയസ്സ് പൂർത്തിയാകുന്നു. കോവിഡ് മഹാമാരിയുടെ വ്യാപനം അതിശക്തമാകുകയും ആളുകൾ ദുരിതമനുഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആഘോഷങ്ങളൊന്നും വേണ്ടെന്ന് വെച്ചിരിക്കുകയാണ് താരം. ഈയൊരവസരത്തിൽ പിറന്നാൾ ആഘോഷിക്കുന്നത് ശരിയല്ല എന്നാണ് ബാജ്പയിയുടെ അഭിപ്രായം.
ഇന്നത്തെ ദിവസത്തേക്ക് പ്രത്യേക പ്ലാനുകളൊന്നും തയ്യാറാക്കിയിട്ടില്ല. ആദ്യമായിട്ടാണ് കുടുംബത്തോട് കൂടയല്ലാതെ ഒരു ജന്മദിനം കഴിഞ്ഞു പോകുന്നത്, ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ മനോജ് ബാജ്പയി പറയുന്നു. “ഈയൊരവസരത്തിൽ ജന്മദിനം കൊണ്ടാടുന്നത് ശരിയല്ല. നമുക്കു ചുറ്റും നിരവധി പേർ ദുരിതമനുഭവിക്കുമ്പോൾ അതെങ്ങനെ ശരിയാവും.” അദ്ദേഹത്തിനും കോവിഡ് ബാധിച്ചിരുന്നു.
തന്റെ സുഹൃത്തുകളും ഇതേ തീരുമാനമാണ് പങ്കുവെച്ചതെന്ന് പറയുന്ന ഗാംഗ്സ് ഓഫ് വാസിപൂർ താരം, ആഘോഷങ്ങൾ സന്തോഷ പൂർവ്വമായ അവസരങ്ങളിലാണ് വേണ്ടതെന്നും ഇപ്പോൾ അത്തരമൊരു സാഹചര്യമല്ല നിലവിലുള്ളത് എന്നും അഭിപ്രായപ്പെടുന്നു. രാജ്യത്തെന്നല്ല, ലോകത്തുള്ള എല്ലാവരും മഹാമാരി കാരണം കഷ്ടപ്പെടുകയാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.
“എല്ലായിടത്തും നിന്നും വളരെ മോശമായ വാർത്തകളാണ് വരുന്നത്. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ സഹായമഭ്യർത്തിച്ച് രംഗത്ത് വരുന്നത്. പല അവസരങ്ങളിലും എല്ലാവരെയും സഹായിക്കാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് വിഷമം തോന്നാറുണ്ട്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് ഒരു ദുഃസ്വപ്നം പോലെ തോന്നുന്നു,” ബാജ്പയി പറയുന്നു. രാജ്യത്തുള്ള എല്ലാവരും ഈ ദുഃസ്വപ്നത്തിൽ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടട്ടെ എന്ന് നിരന്തരം പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞ ബാജ്പയി തന്റെ കുടുംബത്തിലും സുഹൃത് വലയത്തിലും നിരവധി പേർ അസുഖം ബാധിച്ച് ചികിത്സയിലാണെന്ന് പറയുന്നു.
മഹാമാരി കാരണം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിരവധി പേരാണ് ദിവസേന തന്നെ ബന്ധപ്പെടുന്നതെന്ന് താരം പറയുന്നു. എല്ലാവരെയും സഹായിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്, എന്നാലും തന്നാലാവുന്നത് ചെയ്യുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു. “ഈ സമയവും കടന്നു പോകും, നാം പ്രതീക്ഷ കൈവിടരുത്,” മനോജ് ബാജ്പയി പറയുന്നു.
മനോജ് ബാജ്പയിയുടെ ഭാര്യ ശബാന ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി എപ്പോഴും മുന്നിട്ടിറങ്ങാറുണ്ട്. എങ്ങനെയാണ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തേണ്ടതെന്ന ആശയങ്ങളും, നിർദ്ദേശങ്ങളും തരുന്നത് ഭാര്യയാണെന്ന് താരം പറയുന്നു.
മകൾക്ക് ഈ കാര്യങ്ങളെ പറ്റി വലിയ ധാരണയില്ല, അവർ കൊച്ചു കുട്ടിയല്ലേ എന്ന് ചോദിക്കുന്ന താരം വീടുകൾക്കകത്ത് കഴിയേണ്ടി വരുന്ന അവളുടെ സുഹൃത്തുക്കളെയും, അവരുടെ പ്രായത്തിലുളള മറ്റു കുട്ടികളെയും കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നുവെന്നും പറയുന്നു. മഹാമാരി കുട്ടികളുടെ മാനസിക സ്ഥിതിയെ എങ്ങനെ ബാധിക്കും എന്നറിയില്ല എന്ന ആശങ്കയും 'ഫാമിലി മാൻ' താരം പങ്കുവെക്കുന്നുണ്ട്.
ഈയുടത്ത് മികച്ച ദേശീയ നടനുള്ള അവാർഡ് ലഭിച്ചിരുന്നു താരത്തിന്. ഭോൻസലെ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തെ അംഗീകാരം തേടിയെത്തിയത്.
Keywords: Manoj Bajpayee, Manoj Bajpayee birthday, covid, birthday, birthday celebration, കോവിഡ്, മനോജ് ബാജ്പയീ, മനോജ് ബാജ്പയീ ജന്മദിനം, ജന്മദിനം, കോറോണഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.