• HOME
  • »
  • NEWS
  • »
  • film
  • »
  • Marakkar | 'ചിത്ര'ത്തിന് ശേഷം ടെന്‍ഷന്‍ ഇല്ലാതെ റിലീസ് ചെയ്യുന്ന സിനിമയാണ് മരക്കാര്‍: പ്രിയദര്‍ശന്‍

Marakkar | 'ചിത്ര'ത്തിന് ശേഷം ടെന്‍ഷന്‍ ഇല്ലാതെ റിലീസ് ചെയ്യുന്ന സിനിമയാണ് മരക്കാര്‍: പ്രിയദര്‍ശന്‍

'കിലുക്കം പോലുള്ള ഹിറ്റ് സിനിമകള്‍ പോലും പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് ഒരു ഭയം എനിക്ക് ഉണ്ടായിരുന്നു.'- പ്രിയദര്‍ശന്‍ പറഞ്ഞു.

  • Last Updated :
  • Share this:
    മോഹന്‍ലാലിനെ(Mohanlal) കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍(Priyadarshan) സംവിധാനം ചെയ്യുന്ന മരക്കാറിന്റെ(Marakkar) റിലീസ് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ സിനിമയെക്കുറിച്ചുള്ള തന്റെ ആത്മവിശ്വാസം പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ തന്നെ രംഗത്തെത്തുകയാണ്. 'മരക്കാര്‍' പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് ടെന്‍ഷന്‍ ഇല്ലെന്നും കരിയറില്‍ 'ചിത്ര'ത്തിനു ശേഷം ആദ്യമായാണ് ഇത്രയും വിശ്വാസത്തോടെ ഒരു സിനിമ റിലീസ് ചെയ്യുന്നത് എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

    മരക്കാര്‍ റിലീസിനോട് അനുബന്ധിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'മരക്കാറിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ ഇല്ല. ഈ സിനിമ പ്രേക്ഷകര്‍ സ്വീകരിക്കും എന്നാണ് എന്റെ വിശ്വാസം. ചിത്രം സിനിമയുടെ റിലീസിന്റെ തലേന്ന് സിനിമ കണ്ടിട്ട് എന്റെ കാറില്‍ ഞാനും ലാലും കൂടി വരുമ്പോള്‍ ലാല്‍ എന്നോട് പറഞ്ഞു, ഈ സിനിമ നിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ ആയിരിക്കുമെന്ന്. മറ്റെല്ലാ സിനിമകളും, കിലുക്കം പോലുള്ള ഹിറ്റ് സിനിമകള്‍ പോലും പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് ഒരു ഭയം എനിക്ക് ഉണ്ടായിരുന്നു. ആ ഭയമില്ലാതെ റിലീസ് ചെയ്ത ഒരു സിനിമ ചിത്രമായിരുന്നു. അതിനു ശേഷം ഭയമില്ലാതെ റിലീസ് ചെയ്യുന്ന ഒരു സിനിമയാണ് മരക്കാര്‍'- പ്രിയദര്‍ശന്‍ പറഞ്ഞു.

    മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പ്രിയദര്‍ശനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 'മരക്കാര്‍' തിയേറ്റര്‍ റിലീസിന് ശേഷം ഒടിടിയിലും റിലീസ് ചെയ്യുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തിന്റെ റിലീസിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അനാവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മരക്കാര്‍ എവിടെ റിലീസ് ചെയ്യണമെന്ന് തീരുമാനിച്ചിട്ടു പോലുമില്ലാത്ത സമയത്താണ് വിവാദങ്ങള്‍ ഉയര്‍ന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചിത്രം ഒടിടി പ്ലാറ്റ്ഫോമിന് നല്‍കിയിരുന്നില്ലെന്നും തിയറ്റര്‍ റിലീസ് എന്നത് തീരുമാനിച്ച ശേഷമാണ് ഒടിടിയുമായി കരാര്‍ ഒപ്പിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

    Also read: Marakkar | 'ചതിയന്മാരുടെ ശവം അടക്കേണ്ടത് പൂവും ചന്ദനവും കൊണ്ടല്ല'; കടലോളം ആകാംക്ഷയുയര്‍ത്തി മരക്കാറിന്റെ ട്രെയിലര്‍ പുറത്ത്‌

    നിരധി വിവാദങ്ങള്‍ക്കൊടുവിലാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം തിയേറ്ററുകളില്‍ തന്നെ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ധാരണയായത്. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം ഇതിനോടകം ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.

    രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

    ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.
    Published by:Sarath Mohanan
    First published: