• HOME
  • »
  • NEWS
  • »
  • film
  • »
  • 'നിത്യസുന്ദര ഗാനങ്ങൾ സമ്മാനിച്ച സംഗീത പ്രതിഭ'; അർജുനൻ മാസ്റ്ററെ അനുസ്മരിച്ച് മന്ത്രി എ കെ ബാലന്‍

'നിത്യസുന്ദര ഗാനങ്ങൾ സമ്മാനിച്ച സംഗീത പ്രതിഭ'; അർജുനൻ മാസ്റ്ററെ അനുസ്മരിച്ച് മന്ത്രി എ കെ ബാലന്‍

അദ്ദേഹത്തിൻറെ പാട്ടുകൾ കേരളമുള്ള കാലത്തോളം നിലനിൽക്കുമെന്ന് സാംസ്‌കാരിക മന്ത്രി

ak balan - mk arjunan

ak balan - mk arjunan

  • Share this:
    തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്റെ നിര്യാണത്തില്‍ അനുശോചിച്ച് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍. നിത്യസുന്ദരമായ നിരവധി ഗാനങ്ങള്‍ കേരളത്തിന് സമ്മാനിച്ച സംഗീത പ്രതിഭയാണ് എം കെ അര്‍ജുനന്‍ മാഷ്. നമ്മുടെ സാംസ്‌കാരിക സമ്പത്തിലേക്ക് അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കി. അദ്ദേഹത്തിൻറെ പാട്ടുകൾ കേരളമുള്ള കാലത്തോളം നിലനിൽക്കുമെന്നും മന്ത്രി അനുശോചനക്കുറിപ്പില്‍ കുറിച്ചു.

    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

    കേരളം എക്കാലവും ഓർക്കുന്ന ഗാനങ്ങളൊരുക്കിയ ശ്രീ. എം. കെ. അർജുനൻ മാഷുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

    നിത്യസുന്ദരമായ നിരവധി ഗാനങ്ങൾ കേരളത്തിന് സമ്മാനിച്ച സംഗീത പ്രതിഭയാണ് എം കെ അർജുനൻ മാഷ്. നമ്മുടെ സാംസ്കാരിക സമ്പത്തിലേക്ക് അദ്ദേഹം വലിയ സംഭാവനകൾ നൽകി.
    BEST PERFORMING STORIES:സംഗീത സംവിധായകൻ എം.കെ. അർജുനൻ അന്തരിച്ചു; ഓർമയാകുന്നത് മറക്കാനാവാത്ത ഗാനങ്ങളുടെ ശില്പി [NEWS]കാസർഗോഡ് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാകുന്നു; നിർമാണം പൂർത്തിയാകുന്നത് നാലുദിവസംകൊണ്ട് [PHOTO]വില 30000 കോടി രൂപ! സ്റ്റാച്യു ഓഫ് യൂണിറ്റി വിൽക്കുന്നുവെന്ന് ഓൺലൈൻ പരസ്യം; കേസെടുത്ത് പൊലീസ് [NEWS]
    നാടകങ്ങൾക്ക് ഗാനങ്ങളൊരുക്കിയാണ് അദ്ദേഹം രംഗപ്രവേശം ചെയ്തത്. ജി.ദേവരാജൻ മാസ്റ്ററാണ് അദ്ദേഹത്തെ നാടക രംഗത്തേക്ക് കൊണ്ടുവന്നത്. കെ പി എ സി, കാളിദാസ കലാകേന്ദ്രം, ചങ്ങനാശേരി ഗീഥാ, ദേശാഭിമാനി തിയേറ്റേഴ്സ് തുടങ്ങിയ നിരവധി നാടക സമിതികളുടെ മുന്നൂറോളം നാടകങ്ങൾക്കായി എണ്ണൂറോളം ഗാനങ്ങൾക്ക് ഈണം നൽകി. 1968ൽ കറുത്ത പൗർണമി എന്ന സിനിമക്ക് സംഗീത സംവിധാനം നിർവഹിച്ചുകൊണ്ടാണ് സിനിമാ മേഖലയിലെ ജൈത്രയാത്ര ആരംഭിച്ചത്‌. 153 സിനിമകളിൽ 654 ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകി. അവയിൽ ഭൂരിപക്ഷം ഗാനങ്ങളും മലയാളികൾ എക്കാലവും പാടി നടക്കുന്നവയാണ്. എന്നാൽ മഹാനായ ആ കലാകാരന് ഒരു സംസ്ഥാന അവാർഡ് ലഭിക്കാൻ അര നൂറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. ഭയാനകം എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 2017ൽ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് 2018 ലാണ് നൽകിയത്. അവാർഡ് ഏറ്റുവാങ്ങി വികാരനിർഭരമായാണ് അദ്ദേഹം സംസാരിച്ചത്. തൻ്റെ കഴിവുകൾക്ക് ഇപ്പോഴെങ്കിലും അംഗീകാരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് അർജുനൻ മാഷ് പറഞ്ഞു. ജെ സി ഡാനിയേൽ അവാർഡ് ഏറ്റുവാങ്ങി ശ്രീകുമാരൻ തമ്പിയും സമാനമായ അഭിപ്രായം പറഞ്ഞിരുന്നു. അർഹരായവർക്ക് അംഗീകാരം നൽകാൻ ഈ സർക്കാർ തയാറായെന്നാണ് അദ്ദേഹം പറഞ്ഞത്.

    സാംസ്കാരിക വകുപ്പിൻ്റെ മന്ത്രിയായി ചുമതലയേറ്റശേഷം അർജുനൻ മാഷെ എറണാകുളത്തെ വീട്ടിൽ പോയി കണ്ടിരുന്നു. പിന്നീട് 84-ാം പിറന്നാൾ സമയത്ത് നേരിട്ട് വിളിച്ച് ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു. എറണാകുളം വഴി പോകുമ്പോൾ കാണണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിന് കഴിഞ്ഞില്ല.

    ജി ദേവരാജൻ മാസ്റ്ററുമായി ആത്മബന്ധം പുലർത്തിയ അർജുനൻ മാഷ് എഴുപതുകളിലും എൺപതുകളിലും മഹാരഥരായ സംഗീത സംവിധായകർക്കൊപ്പം മലയാള ചലച്ചിത്രഗാന ശാഖയിൽ ഉയർന്നുനിന്നു. എ ആർ റഹ്മാൻ്റെ പിതാവ് R.K . ശേഖർ അർജുനൻ മാഷുടെ സഹായിയായിരുന്നു. എ ആർ റഹ്മാനെ കീ ബോർഡ് പരിശീലിപ്പിച്ചത് അർജുനൻ മാഷാണ്. എ ആർ റഹ്മാൻ്റെ കുടുംബവുമായി ആത്മബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

    മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടും എന്ന ഗാനത്തിൽ തുടങ്ങി പാടാത്ത വീണയും പാടും, പൗർണമിചന്ദ്രിക തൊട്ടുവിളിച്ചു, നീലക്കുട നിവർത്തി, നിന്മണിയറയിലെ, നീലനിശീഥിനീ, മുത്തുകിലുങ്ങീ, പാലരുവിക്കരയിൽ, കുയിലിന്റെ മണിനാദം കേട്ടു, കസ്തൂരിമണക്കുന്നല്ലോ തുടങ്ങി നിരവധി മനോഹര ഗാനങ്ങൾ അദ്ദേഹം സൃഷ്ടിച്ചു.

    അദ്ദേഹത്തിന്റെ സംഗീതം മെലഡിക്ക് വലിയ പ്രാധാന്യം നൽകിയതാണ്. ആ വലിയ പ്രതിഭയെ സഹൃദയകേരളം തിരിച്ചറിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സംഭാവനകൾ കേരളം എക്കാലവും ഓർക്കും. അദ്ദേഹത്തിൻ്റെ പാട്ടുകൾ കേരളമുള്ള കാലത്തോളം നിലനിൽക്കും. കുടുംബാംഗങ്ങളുടെയും സഹൃദയരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
    Published by:user_49
    First published: