നല്ല സിനിമ നാട്ടിൻ പുറങ്ങളിലേക്ക് എന്ന സന്ദേശവുമായി ടൂറിംഗ് ടാക്കീസ് (Touring Talkies) വീണ്ടും ഓട്ടം തുടങ്ങി. കോവിഡ് കാലത്ത് താത്കാലികമായി നിറുത്തി വച്ചിരുന്ന ചലച്ചിത്ര അക്കാദമിയുടെ ടൂറിംഗ് ടാക്കീസ് പദ്ധതി പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചലച്ചിത്രപ്രദര്‍ശന യാത്രയുടെ ഫ്ളാഗ് ഓഫ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിര്‍വഹിച്ചു. ചലച്ചിത്രാസ്വാദനബോധം വളര്‍ത്തുന്ന പദ്ധതി വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ചലച്ചിത്രയാത്ര സംഘടിപ്പിക്കുന്നതെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു.
മെയ് 14 മുതല്‍ മെയ് 26 വരെ നടക്കുന്ന ടൂറിംഗ് ടാക്കീസിൽ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള മഹിളാ സമഖ്യ സൊസൈറ്റിയുമായി ചേര്‍ന്ന് വിമന്‍ & ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കുവേണ്ടി അവധിക്കാല ചലച്ചിത്രപ്രദര്‍ശനം നടത്തും. കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിമന്‍ & ചില്‍ഡ്രന്‍സ് ഹോമുകളിലാണ് സിനിമാപ്രദര്‍ശനം നടത്തുന്നത്. തിങ്കളാഴ്ച നിശ്ചയം, സോംഗ് ഓഫ് സ്പാരോസ്, ദി റോക്കറ്റ്, 101 ചോദ്യങ്ങള്‍ തുടങ്ങിയ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.
രാവിലെ 9 മണിക്ക് സെക്രട്ടേറിയറ്റ് അനക്സിന് മുന്നില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത് അധ്യക്ഷനായി. വൈസ് ചെയര്മാന് പ്രേംകുമാര്‍, മഹിള സമഖ്യ സൊസൈറ്റി സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്ടര്‍ ജീവന് ബാബു കെ. ഐ.എ.എസ്., ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.
Summary: Touring talkies, the prestigious movie screen on wheels from Kerala State Chalachitra Academy starts rolling once again after Covid 19 hiatus
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.