• HOME
  • »
  • NEWS
  • »
  • film
  • »
  • Marakkar release | മരയ്ക്കാർ സിനിമ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യും; ഇടപെടേണ്ട സാഹചര്യമില്ല: സജി ചെറിയാൻ

Marakkar release | മരയ്ക്കാർ സിനിമ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യും; ഇടപെടേണ്ട സാഹചര്യമില്ല: സജി ചെറിയാൻ

മെഗാസ്റ്റാർ ചിത്രമായാലും തിയേറ്ററിൽ ആദ്യം റിലീസ് ചെയ്യണമെന്നാണ് സർക്കാർ നിലപാട്: സജി ചെറിയാൻ

Marakkar Arabikadalinte Simham

Marakkar Arabikadalinte Simham

  • Share this:
    തിരുവനന്തപുരം: മോഹൻലാൽ ചിത്രം 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' തിയേറ്ററിൽ റിലീസ് ചെയ്യും. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അത് തിയേറ്ററിൽ റിലീസ് ചെയ്യാനെ തയ്യാറാകൂ എന്നും അതിനായി താൻ ആന്റണിയെ വിളിക്കേണ്ട സാഹചര്യം ഇല്ലെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മെഗാസ്റ്റാർ ചിത്രമായാലും തിയേറ്ററിൽ ആദ്യം റിലീസ് ചെയ്യണമെന്നാണ് സർക്കാർ നിലപാട്.

    മെഗാസ്റ്റാർ ചിത്രമായാലും, അല്ലാത്തവരുടെ ചിത്രമായാലും തിയേറ്ററിൽ റിലീസ് ചെയ്യണം. കോവിഡിനെ തുടർന്ന് തിയേറ്ററുകൾ അടഞ്ഞ് കിടക്കുന്ന സാഹചര്യമായതിനാലാണ് നേരത്തെ ഒടിടി പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചത്. വിനോദമാർഗ്ഗം എന്ന നിലയിൽ സർക്കാരും ഒ.ടി.ടി. പ്രോത്സാഹിപ്പിച്ചു. സർക്കാരും ഒടിടി പ്ലാറ്റ്ഫോം തുടങ്ങാൻ നടപടി എടുത്തു. എന്നാൽ സാഹചര്യം മാറി. റിലീസുകൾ ഇനിയും ഒടിടിയിൽ ആക്കിയാൽ സിനിമാ വ്യവസായം തകരും.

    നൂറ് കോടി മുടക്കി സിനിമ എടുത്ത ആളാണെങ്കിലും താൽക്കാലിക ലാഭത്തിനായി ഒടിടി റിലീസിലേയ്ക്ക് പോകരുത്. അവർക്ക് ഇനിയും സിനിമകൾ എടുക്കാനുള്ളതാണല്ലോ. ഈ സിനിമയോട് കൂടി നിർമ്മാണം അവസാനിപ്പിക്കില്ലല്ലോ എന്നും സജി ചെറിയാൻ ചോദിച്ചു. സിനിമാ വ്യവസായത്തെ തകർക്കുന്ന നിലപാട് നിർമ്മാതാക്കൾ സ്വീകരിക്കില്ലെന്നും സജി ചെറിയാൻ പറഞ്ഞു.



    സർക്കാർ ഒടിടി പ്ലാറ്റ്ഫോം തുടങ്ങും. ഇതിൽ നിന്ന് പിന്നോട്ട് പോകില്ല. പക്ഷേ ഇത് എല്ലാ മേഖലകളിലെയും കലാകാരെ പ്രോത്സാഹിപ്പിക്കാനാണ്. താരങ്ങൾ ഇല്ലാത്ത സിനിമ പലപ്പോഴും തിയേറ്ററുകളിൽ ഓടില്ല. നല്ല സിനിമയാണെങ്കിൽ പോലും തിയേറ്റർ കിട്ടിയേക്കില്ല. അത്തരം സിനിമകൾക്ക് വേണ്ടിയാണ് സർക്കാർ ഒടിടി പ്ലാറ്റ്ഫോം. മൂന്ന് മാസത്തിൽ സർക്കാർ ഒടിടി പ്ലാറ്റ്ഫോം വരുമെന്നും, ടെൻഡർ ക്ഷണിച്ചു കഴിഞ്ഞെന്നും സാംസ്കാരിക മന്ത്രി പറഞ്ഞു.

    സിനിമാ സംഘടനകളുടെ ആവശ്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. തദ്ദേശം, ധന, വൈദ്യുതി, ആരോഗ്യ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉണ്ട്. സാംസ്കാരിക വകുപ്പിന് ഒറ്റയ്ക്ക് തീരുമാനം എടുക്കാനാകില്ല. അടുത്ത മാസം 2ന് വിവിധ വകുപ്പ് മന്ത്രികളുമായി മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. സിനിമാ വ്യവസായത്തെ സംരക്ഷിക്കാനുള്ള തീരുമാനങ്ങളെ എടുക്കുകയുള്ളു.

    വൈദ്യുതി ചാർജ്, നികുതി തുടങ്ങിയ കാര്യങ്ങളിൽ അടക്കം ഇളവ് ചോദിച്ചിട്ടുണ്ട്. മന്ത്രിസഭാ യോഗം ചേർന്നാലേ തീരുമാനം ഉണ്ടാകൂ എങ്കിൽ മന്ത്രിസഭാ യോഗത്തിലും വിഷയം വരും. സിനിമാ വ്യവസായത്തെ തകർക്കുന്ന നിലപാടുകൾ സർക്കാർ സ്വീകരിക്കില്ല.

    എസി തിയേറ്ററുകൾ ആയതിനാലാണ് എല്ലാ സീറ്റിലും കാഴ്ചക്കാരെ അനുവദിക്കാത്തത്. കെഎസ്ആർടിസി ബസിൽ ആളെ കയറ്റുന്നതുമായി തിയേറ്ററിൽ ആളുകൾ കയറുന്നത് താരതമ്യപ്പെടുത്താനാകില്ല. എ.സി. മുറികളിൽ കോവിഡ് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. രണ്ട് വാക്സിൻ എടുത്തവർക്കാണ് തിയേറ്ററിൽ ഇപ്പോൾ പ്രവേശനാനുമതി. ഇത് ഒരു വാക്സിനെങ്കിലും എടുത്തവർ എന്നാക്കി കുറയ്ക്കാൻ തിയേറ്റർ ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം 2ന് ചേരുന്ന യോഗം പരിഗണിക്കുമെന്നും സജി ചെറിയാൻ അറിയിച്ചു.
    Published by:user_57
    First published: