News18 MalayalamNews18 Malayalam
|
news18-malayalam
Updated: September 12, 2020, 3:46 PM IST
sajid khan
ബോളിവുഡ് സംവിധായകൻ സാജിദ് ഖാനെതിരെ വീണ്ടും ലൈംഗികാരോപണം. 17 ാം വയസിൽ സാജിദ് ഖാൻ തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് നടിയും മോഡലുമായ ഡിംപിൾ പൗളിന്റെ വെളിപ്പെടുത്തൽ.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച നീണ്ട പോസ്റ്റിലാണ് സാജിദ് ഖാനെതിരെ നടി രംഗത്തു വന്നിരിക്കുന്നത്.
2018ൽ സാജിദ് ഖാനെതിരെ രണ്ട് നടിമാരും ഒരു മാധ്യമ പ്രവർത്തകയും
ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് ഹൗസ്ഫുൾ 4ന്റെ സംവിധായകൻറെ സ്ഥാനത്തു നിന്ന് അദ്ദേഹത്തെ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും സാജിദ് ഖാനെതിരെ ലൈംഗിക ആരോപണം ഉയർന്നിരിക്കുന്നത്.
ഹൗസ്ഫുൾ എന്ന സിനിമയ്ക്കു വേണ്ടിയുള്ള കാസ്റ്റിംഗിന്റെ മറവിലാണ് സാജിദ് ഖാൻ തന്നെ ഉപദ്രവിച്ചതെന്നും അപ്പോൾ തനിക്ക് 17 വയസായിരുന്നു പ്രായമെന്നും നടി വ്യക്തമാക്കുന്നു. ജനാധിപത്യം മരിക്കുന്നതിന് മുമ്പ് സംസാര സ്വാതന്ത്രം നഷ്ടപ്പെട്ടു എന്ന അടിക്കുറിപ്പിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സിനിമയിൽ ഗോഡ് ഫാദർ ഇല്ലാതിരുന്നതു കൊണ്ടും കുടുംബത്തെ സംരക്ഷിക്കണമെന്നുള്ളതു കൊണ്ടും തനിക്ക് ഇത് 2018ൽ പറയാൻ കഴിഞ്ഞില്ലെന്നും നടി പറയുന്നു. സാജിദ് ഖാൻ തന്നെ മോശമായി സ്പർശിച്ചുവെന്നും ഹൗസ് ഫുള്ളിൽ ഒരു റോളിനു വേണ്ടി അയാളുടെ മുന്നിൽ വസ്ത്രമഴിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും നടി വ്യക്തമാക്കുന്നു.
കാസ്റ്റിംഗ് കൗച്ചിന്റെ പേരിൽ മാത്രമല്ല പലരുടെയും സ്വപ്നങ്ങൾ തകർത്തതിന്റെ പേരിലും സാജിദ് ഖാനെ അഴിക്കുള്ളിലാക്കണമെന്ന് നടി പറയുന്നു.
ഡിംപിൾ പൗളിന്റെ കുറിപ്പ് ഇങ്ങനെയാണ്; 'മീ ടൂ മൂവ്മെന്റ് ആരംഭിച്ച സമയത്ത് പലരും സാജിദ്ഖാനെതിരെ രംഗത്തു വന്നിരുന്നു. പക്ഷെ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല. ഗോഡ്ഫാദർമാരില്ലാത്ത മറ്റ് താരങ്ങളെപ്പോലെ എനിക്കും കുടുംബത്തിന് വേണ്ടി സമ്പാദിക്കണമായിരുന്നു. അതിനാൽ ഞാൻ മൗനം പാലിച്ചു.
ഇപ്പോൾ എന്റെ രക്ഷിതാക്കൾ എനിക്കൊപ്പമില്ല. ഞാൻ സ്വയം സമ്പാദിക്കുന്നു. അതുകൊണ്ട് എനിക്ക് ധൈര്യത്തോടെ പറയാൻ കഴിയും 17ാം വയസിൽ ഞാൻ സാജിദ്ഖാന്റെ പീഡനത്തിനിരയായെന്ന്. അയാൾ എന്നോട് മോശമായി സംസാരിച്ചു. എന്നെ മോശമായി തൊടാൻ ശ്രമിച്ചു. അയാളുടെ ഹൗസ് ഫുൾ എന്ന ചിത്രത്തിലെ ഒരു വേഷത്തിനു വേണ്ടി അയാളുടെ മുന്നിൽ വസ്ത്രം അഴിക്കാൻ പോലും അയാൾ എന്നോട് പറഞ്ഞു.
എത്ര പെൺകുട്ടികളോട് അയാൾ ഇതൊക്കെ ചെയ്തിട്ടുണ്ടെന്ന് ദൈവത്തിന് അറിയാം. ആരുടെയും സഹതാപത്തിന് വേണ്ടിയല്ല ഞാൻ ഇപ്പോൾ ഇക്കാര്യം വെളിപ്പെടുത്തുന്നത്. കുട്ടിയായിരുന്ന എന്നെ ഇത് വളരെയധികം ബാധിച്ചുവെന്ന് ഞാൻ തിരിച്ചറിയുന്നു.
കാസ്റ്റിംഗം കൗച്ചിംഗിന്റെ പേരിൽ മാത്രമല്ല മറ്റുള്ളവരുടെ സ്വപ്നങ്ങൾ തകർത്തതിനും ഈ പിതൃശൂന്യരെ അഴിക്കുള്ളിലാക്കണം. ഇതിനെ കുറിച്ച് പറയാതിരുന്നതാണ് ഞാൻ ചെയ്ത തെറ്റ്'- നടി വ്യക്തമാക്കുന്നു.
ഇതിനു പിന്നാലെ സാജിദ് ഖാന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ രംഗത്തെത്തി. അറസ്റ്റ് സാജിദ് ഖാനെന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻറിംഗ് ആയിരിക്കുകയാണ്.
Published by:
Gowthamy GG
First published:
September 12, 2020, 3:45 PM IST